അതിവേഗത്തിൽ സഞ്ചരിക്കുന്ന ഒരു നക്ഷത്രം ബഹിരാകാശത്ത് ഒരു ഗ്രഹത്തെ വഹിച്ചുകൊണ്ട് പോകുന്നുണ്ടാകാൻ സാധ്യതയുള്ളതായി നാസയിലെ ജ്യോതിശാസ്ത്രജ്ഞര്‍. നെപ്റ്റ്യൂണിന് സമാനമായ ഒരു ഗ്രഹവുമായി ബഹിരാകാശത്തിലൂടെ പാഞ്ഞുപോകുന്ന ഹൈപ്പർവെലോസിറ്റി നക്ഷത്രമാണ് ഇതെന്നാണ് ഗവേഷകര്‍ സംശയിക്കുന്നത്. ഈ സിസ്റ്റം മണിക്കൂറിൽ 1.2 ദശലക്ഷം മൈൽ (മണിക്കൂറിൽ 1.9 ദശലക്ഷം കിലോമീറ്റർ) എന്ന അവിശ്വസനീയമായ വേഗതയിൽ സഞ്ചരിക്കുന്നതായാണ് അനുമാനം. ഈ കണ്ടെത്തൽ സ്ഥിരീകരിച്ചാൽ, ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വേഗതയേറിയ “എക്സോപ്ലാനറ്റ് ” ആയിരിക്കും ഇത് എന്ന് സ്പേസ് ഡോട് കോം റിപ്പോര്‍ട്ട് ചെയ്തു
“നമ്മുടെ സൗരയൂഥത്തിലാണെങ്കിൽ ശുക്രന്‍റെയും ഭൂമിയുടെയും ഭ്രമണപഥങ്ങൾക്കിടയിലുള്ള ദൂരത്തിൽ, ഒരു താഴ്ന്ന പിണ്ഡമുള്ള നക്ഷത്രത്തെ ചുറ്റുന്ന ഒരു സൂപ്പർ-നെപ്റ്റ്യൂൺ സിസ്റ്റമാണിതെന്ന് ഞങ്ങൾ കരുതുന്നു”- നാസയുടെ ഗൊദാർഡ് സ്‌പേസ് ഫ്ലൈറ്റ് സെന്‍ററിലെ ഗവേഷണത്തിന് നേതൃത്വം നല്‍കുന്ന സീൻ ടെറി പറഞ്ഞു. കണ്ടെത്തലുകള്‍ ശരിയെങ്കില്‍, ഒരു ഹൈപ്പർവെലോസിറ്റി നക്ഷത്രത്തെ ചുറ്റുന്ന ആദ്യത്തെ ഗ്രഹമായിരിക്കും ഇതെന്നും അദേഹം വ്യക്തമാക്കി.മണിക്കൂറിൽ 1.2 ദശലക്ഷം മൈൽ വേഗതയിൽ സഞ്ചരിക്കുന്ന ഈ സംവിധാനത്തെ ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞിട്ടുണ്ട്. സ്ഥിരീകരിച്ചാൽ, ഒരു ഹൈപ്പർവെലോസിറ്റി നക്ഷത്രത്തെ പരിക്രമണം ചെയ്യുന്ന ആദ്യത്തെ ഗ്രഹമായിരിക്കും ഇത്. അതിവേഗ ആകാശ വസ്തുക്കളെക്കുറിച്ചുള്ള പുതിയ ഉൾക്കാഴ്ചകൾ ഈ കണ്ടെത്തൽ നൽകുന്നു.
മൈക്രോലെൻസിംഗ് ഡാറ്റ ഉപയോഗിച്ചാണ് ഈ സിസ്റ്റം ആദ്യമായി കണ്ടെത്തിയത്. MOA പ്രോജക്റ്റിൽ നിന്നുള്ള 2011-ലെ ലെൻസിംഗ് ഇവന്‍റ് ശാസ്ത്രജ്ഞർ വിശകലനം ചെയ്തു. അതായത് 2011-ൽ എംഒഎ (മൈക്രോലെൻസിങ് ഒബ്സർവേഷൻസ് ഇൻ ആസ്ട്രോഫിസിക്സ് ) എന്ന പ്രോജക്റ്റ് പിടിച്ചെടുത്ത ആർക്കൈവ് ഡാറ്റയിലൂടെ ഒരു സംഘം ശാസ്ത്രജ്ഞർ പര്യവേക്ഷണം ചെയ്യുകയായിരുന്നു.നമ്മുടെ സൗരയൂഥത്തിനപ്പുറം നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങളായ എക്സോപ്ലാനറ്റുകളെ സൂചിപ്പിക്കാൻ കഴിയുന്ന പ്രകാശ സിഗ്നലുകൾക്കായി തിരയുന്നതിനായുള്ള ന്യൂസിലാൻഡിലെ കാന്റർബറി യൂണിവേഴ്സിറ്റി മൗണ്ട് ജോൺ ഒബ്സർവേറ്ററി ഉപയോഗിച്ചാണ് ഈ ഗവേഷണം നടത്തിയത്.
ഒരു വലിയ വസ്‍തു പശ്ചാത്തല പ്രകാശത്തെ വളയ്ക്കുമ്പോഴാണ് മൈക്രോലെൻസിംഗ് സംഭവിക്കുന്നത്. 2,300 മുതൽ 1 വരെ പിണ്ഡ അനുപാതമുള്ള രണ്ട് വസ്തുക്കളെ ഗവേഷകർ കണ്ടെത്തി. എങ്കിലും ദൂരം കാരണം അവയുടെ യഥാർത്ഥ പിണ്ഡം കണക്കാക്കാനായില്ല. സാധ്യമായ സാഹചര്യങ്ങൾ വിശദീകരിച്ച് ഈ സിസ്റ്റത്തിന് ഒരു ഗ്രഹത്തോടൊപ്പം ഒരു താഴ്ന്ന പിണ്ഡമുള്ള നക്ഷത്രവും ഉണ്ടാകാമെന്ന് നാസയിലെ ഡേവിഡ് ബെന്നറ്റ് വ്യക്തമാക്കുന്നു. മറ്റൊരു സാധ്യത ചെറിയ ഉപഗ്രഹമുള്ള ഒരു റോഗ് ഗ്രഹമായിരിക്കാം ഇത് എന്നതാണ്. എന്തായാലും കൃത്യമായ സ്വഭാവം സ്ഥിരീകരിക്കാൻ കൂടുതൽ നിരീക്ഷണങ്ങൾ ആവശ്യമാണെന്നും ശാസ്‍ത്രജ്ഞർ പറയുന്നു.
STORY HIGHLIGHTS: astronomers-have-discovered-a-fast-moving-star-potentially-carrying-a-planet-across-space-at-1-2-million-miles-per-hour