കൊച്ചി: വല്ലാർപാടത്ത് മെയിൻ്റനൻസ് യാർഡ് നിർമിക്കാൻ കൊച്ചി വാട്ടർ മെട്രോ പദ്ധതിയിടുന്നതായി റിപ്പോർട്ട്. വല്ലാർപാടത്ത് സംസ്ഥാന സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള അഞ്ച് ഏക്കർ ഭൂമിയിലാണ് മെയിൻ്റനൻസ് യാർഡ് സ്ഥാപിക്കാൻ വാട്ടർ മെട്രോ അധികൃതർ ഒരുങ്ങുന്നത്. ഈ വർഷം തന്നെ യാർഡ് നിർമാണം ആരംഭിക്കാനാണ് വാട്ടർ മെട്രോ അധികൃതരുടെ ഉദ്ദേശ്യമെന്ന് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
കൊച്ചി വാട്ടർ മെട്രോയുടെ പ്രവർത്തന കാര്യക്ഷമത നിലനിർത്തുന്നതിൻ്റെയും കൂടുതൽ റൂട്ടുകളിലേക്ക് സർവീസ് വ്യാപിപ്പിക്കുന്നതിൻ്റെയും ഭാഗമായാണ് വല്ലാർപാടത്ത് മെയിൻ്റനൻസ് യാർഡ് നിർമിക്കാൻ വാട്ടർ മെട്രോ അധികൃതർ ആലോചന നടത്തുന്നത്. മെയിൻ്റൻസ് യാർഡ് വളരെ നിർണായകമാണെന്നും അതില്ലാത്ത പക്ഷം വാട്ടർ മെട്രോയുടെ പ്രവർത്തനത്തെ ബാധിക്കുമെന്നും കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് എംഡി ലോക്നാഥ് ബെഹ്റ പറഞ്ഞു.
നേരത്തെ കിൻഫ്ര പാർക്കിന് സമീപം മെയിൻ്റനൻസ് യാർഡ് നിർമിക്കാനായിരുന്നു വാട്ടർ മെട്രോ പദ്ധതിയിട്ടിരുന്നത്. എന്നാൽ കാക്കനാട് വാട്ടർ മെട്രോ ടെർമിനൽ കഴിഞ്ഞുള്ള കോഴിച്ചിറ ബണ്ട് വർഷം ആറു മാസം അടയ്ക്കുന്നതാണ് പദ്ധതി മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ വാട്ടർ മെട്രോ അധികൃതർ നിർബന്ധിതമായത്.
നിലവിൽ വൈറ്റില, ഹൈക്കോടതി, വൈപ്പിൻ, കാക്കനാട്, ബോൾഗാട്ടി, സൗത്ത് ചിറ്റൂർ, ചേരാനെല്ലൂർ, ഏലൂർ, ഫോർട്ട് കൊച്ചി എന്നിവിടങ്ങളിലണ് വാട്ടർ മെട്രോയ്ക്ക് ടെർമിനലുള്ളത്. നിർമാണം അവസാനഘട്ടത്തിലെത്തിയ മട്ടാഞ്ചേരി, വില്ലിങ്ടൺ ഐലൻ്റ് ടെർമിനലുകൾ നാടിന് സമർപ്പിക്കുന്നതോടെ വാട്ടർ മെട്രോ ടെർമിനലുകളുടെ എണ്ണം 11 ആയി ഉയരും. മട്ടാഞ്ചേരി, വില്ലിങ്ടൺ ഐലൻ്റ് ടെർമിനലുകളുടെ ഉദ്ഘാടനം അടുത്ത മാസം നടത്താനാണ് കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡിൻ്റെ നീക്കം. ഇതോടെ ഹൈക്കോടതി വാട്ടർ മെട്രോ ടെർമിനലിൽനിന്ന് വില്ലിങ്ടൺ ഐലൻ്റ് വഴി മട്ടാഞ്ചേരിയിലേക്ക് സർവീസ് ആരംഭിക്കും.
ഈ വർഷം അവസാനത്തോടെ എറണാകുളം ടെർമിനലിൻ്റെ നിർമാണവും പൂർത്തിയാക്കാൻ കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് ലക്ഷ്യമിടുന്നുണ്ട്. അതിനിടെ, 15 ബോട്ടുകൾ കൂടി വാങ്ങാൻ കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് നടപടിക്രമങ്ങൾ ആരംഭിച്ചതായും ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിൻ്റെ റിപ്പോർട്ടിലുണ്ട്. 100 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള ബോട്ടുകളാണ് വാട്ടർ മെട്രോ സ്വന്തമാക്കുക. നിലവിൽ 17 എസി ഇലക്ട്രിക് ഹൈബ്രിഡ് ബോട്ടുകളാണ് വാട്ടർ മെട്രോയ്ക്ക് ഉള്ളത്. അടുത്തിടെ, രണ്ട് എമർജൻസി റെസ്ക്യൂ ബോട്ടുകൾ കൂടി വാങ്ങാനായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ടെൻഡർ പുറപ്പെടുവിച്ചിരുന്നു.
content highlight : kochi-water-metro-planning-to-construct-maintenance-yard-in-vallarpadam