പാലക്കാട്: റോഡ് ഉദ്ഘാടനത്തെ ചൊല്ലിയുള്ള സംഘർഷത്തിൽ എൽഡിഎഫ് പ്രവർത്തകനെതിരെ പൊലീസ് കേസെടുത്തു. റിയാസ് കുറ്റിയോടിനെതിരെയാണ് കേസ്. സംഘർഷത്തിനിടെ പൊലീസിനെ മർദിച്ച സംഭവത്തിലാണ് കേസ്. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി, ആക്രമിച്ചു എന്നിങ്ങനെയാണ് കേസ്. പാലക്കാട് കാഞ്ഞിരപ്പുഴ- ചിറക്കൽപടി റോഡ് ജനകീയ ഉദ്ഘാടനം നടത്താനുള്ള ഒരുക്കത്തിനിടെയാണ് സംഘർഷം ഉണ്ടായത്.
അതേസമയം, പ്രതിയെ തേടിയെത്തിയപ്പോഴും നാടകീയ സംഭവങ്ങൾ അരങ്ങേറി. പൊലീസിനെ ആക്രമിച്ച സിപിഎം പ്രവർത്തകനെ തിരഞ്ഞ് സിപിഐ നേതാവിന്റെ വീട്ടിലെത്തുകയായിരുന്നു പൊലീസ്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണതിലാണ് സിപിഐ നേതാവ് പൊറ്റശേരി മണികണ്ൻ്റെ വീട്ടിൽ പൊലീസെത്തിയത്. ഇതോടെ പൊലീസുമായി വാക്കേറ്റമുണ്ടായി. ഇതോടെ പൊലീസ് തൽക്കാലം മടങ്ങുകയായിരുന്നു.
നവീകരിച്ച റോഡിൻ്റെ ഔദ്യോഗിക ഉദ്ഘാടനത്തിന് മുമ്പെ ജനകീയ ഉദ്ഘാടനം നടത്താനുള്ള ശ്രമം തടഞ്ഞ് എൽഡിഎഫ് പ്രവർത്തകർ എത്തിയതോടെയാണ് സംഘർഷമുണ്ടായത്. വിളംബര ജാഥയുമായെത്തിയ എൽഡിഎഫ് പ്രവർത്തകർ ജനകീയ വേദിപ്രവർത്തകരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതോടെയാണ് സംഘർഷാവസ്ഥയായത്. പിന്നീട് പൊലീസ് നിർദേശമനുസരിച്ച് ഉദ്ഘാടനം നടത്താതെ ജനകീയ വേദി പിരിഞ്ഞുപോവുകയായിരുന്നു. എട്ട് കിലോമീറ്റർ എട്ടു വർഷം നീണ്ട കാത്തിരിപ്പിനു ശേഷമാണ് റോഡ് നവീകരണം പൂ൪ത്തിയാക്കിയത്. ജനകീയ വേദി നടത്തിയ സമരങ്ങളുടെ ഭാഗമായാണ് റോഡ് നവീകരിച്ചതെന്നാണ് ജനകീയ വേദിയുടെ അവകാശവാദം. അതേസമയം നാളെ ഉച്ചയ്ക്ക് 12 ന് മന്ത്രി മുഹമ്മദ് റിയാസ് റോഡ് ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.
content highlight : police-have-registered-a-case-against-the-ldf-worker-in-the-conflict-over-the-opening-of-the-road-palakkad-kanjirapuzha