കോഴിക്കോട്: പൊതുവിദ്യാഭ്യാസരംഗത്തെ സമഗ്ര പരിഷ്കാരത്തിന്റെ ഭാഗമായി ഖാദർ കമ്മിറ്റി റിപ്പോർട്ട് 6 മാസത്തിനകം നടപ്പാക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി. കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ്ടിഎ) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച പ്രതിനിധി സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദേശീയ വിദ്യാഭ്യാസ നയം അടിച്ചേൽപിക്കാനുള്ള ശ്രമം കേരളത്തിൽ വിലപ്പോവില്ല. കേന്ദ്രീകരിച്ച പാഠ്യപദ്ധതിയിലൂടെ രാഷ്ട്രീയ അജൻഡ നടപ്പാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. പരിണാമശാസ്ത്രം ഉൾപ്പെടെയുള്ള വിഷയങ്ങൾ സിലബസിൽ നിന്ന് ഒഴിവാക്കുകയാണെന്നും ശിവൻകുട്ടി പറഞ്ഞു.
വിദ്യാലയങ്ങളിൽ ഒന്നാംക്ലാസ് പ്രവേശനത്തിന് പരീക്ഷയും അഭിമുഖവും അനുവദിക്കില്ല. അതിന്റെ പേരിൽ ബാലപീഡനം നടത്താൻ ആരെയും അനുവദിക്കില്ലെന്നും പറഞ്ഞു. എൻഒസിയില്ലാത്ത വിദ്യാലയങ്ങളെ പ്രവർത്തിക്കാൻ അനുവദിക്കില്ല. അത്തരം 873 വിദ്യാലയങ്ങൾക്ക് നോട്ടിസ് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കെഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് ഡി.സുധീഷ് അധ്യക്ഷനായിരുന്നു. സാംസ്കാരിക സമ്മേളനം മുൻമന്ത്രി പ്രഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. അധ്യാപക ലോകം അവാർഡ് സുധ തെക്കെമഠത്തിന് രവീന്ദ്രനാഥ് സമ്മാനിച്ചു. യാത്രയയപ്പ് സമ്മേളനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കവി മുരുകൻ കാട്ടാക്കട പ്രസംഗിച്ചു.