ന്യൂഡൽഹി: ചിതറിക്കിടക്കുന്ന ചെരുപ്പുകൾ, വസ്ത്രങ്ങൾ, ബാഗുകൾ, ഭക്ഷണപ്പൊതികൾ. കഴിഞ്ഞ രാത്രി അപകടത്തിനുശേഷമുള്ള സ്റ്റേഷനിലെ ദൃശ്യങ്ങൾ കാണുമ്പോൾതന്നെ ശ്വാസംമുട്ടും. ദുരന്തത്തിന്റെ നടുക്കം മാറാത്ത ആ പ്ലാറ്റ്ഫോമിൽ ഇന്നലെ എത്തിയപ്പോൾ വീണ്ടും ജനപ്രവാഹം. തലേന്നു നടന്ന ദുരന്തം മറന്നപോലെ ആൾക്കൂട്ടം തിക്കിത്തിരക്കുന്നു, ആദ്യമെത്താനുള്ള ഓട്ടം, ജനാലകളിലൂടെ നൂഴ്ന്നു കയറാനുള്ള പരാക്രമം. ആൾക്കൂട്ടപ്പൊരിച്ചിലിൽ വിസിൽ മുഴക്കി കൂടുതൽ പൊലീസുകാരും ആർപിഎഫ് സേനാംഗങ്ങളും രംഗത്തിറങ്ങിയെന്നതാണു വ്യത്യാസം.
പ്രയാഗ്‌രാജ് എക്സ്പ്രസിൽ യാത്ര ചെയ്യാനായി പതിനായിരങ്ങളാണു കഴിഞ്ഞരാത്രി സ്റ്റേഷനിലെത്തിയത്. ട്രെയിൻ വൈകുന്നതിലുള്ള അമർഷം പുകയുന്നതിനിടെയാണു പ്രയാഗ്‌രാജ് സ്പെഷൽ ട്രെയിൻ പതിനാറാമത്തെ പ്ലാറ്റ്ഫോമിലേക്ക് എന്ന അറിയിപ്പ് വന്നത്. പേരിലെ സാമ്യം ഇതു പ്രയാഗ്‌രാജ് എക്സ്പ്രസാണെന്നു തെറ്റിദ്ധരിപ്പിച്ചു. 14,15 പ്ലാറ്റ്ഫോമിലെ ഇടുങ്ങിയ പടികളിലൂടെ ജനം തിക്കിത്തിരക്കി പ്ലാറ്റ്ഫോമിലെക്കു കുതിച്ചു.
ഇതാണ് അപകടത്തിനു കാരണമായതെന്നു 12 വർഷമായി പ്ലാറ്റ്‌ഫോമിൽ കച്ചവടം ചെയ്യുന്ന രവികുമാർ പറഞ്ഞു. പാളത്തിലേക്കുവീണും യാത്രക്കാർക്കു പരുക്കേറ്റു. 15 മിനിറ്റിനുശേഷം തിരക്കൊഴിയുമ്പോൾ നിലത്തുവീണുകിടക്കുന്ന ആളുകളെയാണു കണ്ടത്. അമിതമായ തിരക്ക് രാത്രി 8 മുതൽ വ്യക്തമായിട്ടും നിയന്ത്രിക്കാനുള്ള നടപടികൾ റെയിൽവേ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്നു ദൃക്സാക്ഷികൾ പറയുന്നു.