ഡൽഹി: 27 വർഷത്തിനിപ്പുറം ഡൽഹി ഭരണം പിടിച്ചെടുത്തിട്ട് ദിവസങ്ങൾ പിന്നിടുമ്പോഴും ആരാകണം മുഖ്യമന്ത്രിയെന്ന കാര്യത്തിൽ ബി ജെ പിക്ക് ഇതുവരെയും അന്തിമ തീരുമാനം എടുക്കാനായിട്ടില്ല. 6 പേരുകളാണ് ഡൽഹി മുഖ്യമന്ത്രിയാകാൻ ഏറ്റവും സാധ്യത കൽപ്പിക്കുന്നത്. പർവേഷ് വർമ, വിജേന്ദർ ഗുപ്ത, സതീഷ് ഉപാധ്യായ, മുതിർന്ന നേതാവ് ആഷിഷ് സൂദ്, എന്നിവർക്കൊപ്പം വനിതാ നേതാക്കളായ ഷിഖ റായ്, രേഖ ഗുപ്ത എന്നീ പേരുകളാണ് അവസാന പട്ടികയിലുള്ളത്.
സസ്പെൻസ് അവസാനിപ്പിച്ചുകൊണ്ട് ഇന്ന് ഇക്കാര്യത്തിൽ പ്രഖ്യാപനമുണ്ടായേക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നെങ്കിലും ഏറ്റവും പുതിയ വിവരം പ്രഖ്യാപനം വൈകുമെന്നതാണ്. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനായി ഇന്ന് ചേരാനിരുന്ന ബി ജെ പിയുടെ നിർണായക നിയമസഭ കക്ഷി യോഗം ബുധനാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്. ഡൽഹിയിൽ 70 ൽ 48 സീറ്റും നേടിയാണ് ആം ആദ്മി പാർട്ടിയുടെ ഹാട്രിക്ക് ഭരണം ബി ജെ പി അവസാനിപ്പിച്ചത്.