പാരിസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുടെ അധ്യക്ഷതയിൽ പ്രധാന യൂറോപ്യൻ രാജ്യങ്ങളുടെ നേതാക്കൾ ഇന്ന് പാരിസിൽ യോഗം ചേർന്ന് യുക്രെയ്ൻ പ്രശ്നം ചർച്ച ചെയ്യുമെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രി ഷോൺ നോയൽ ബരോ അറിയിച്ചു. യൂറോപ്പിനെ അവഗണിച്ച് യുക്രെയ്ൻ–റഷ്യ സംഘർഷത്തിനു പരിഹാരം കാണാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കമാണ് ചർച്ച ചെയ്യുന്നത്. ഫ്രാൻസ്, ബ്രിട്ടൻ, ജർമനി, പോളണ്ട്, ഇറ്റലി, സ്പെയിൻ, ഡെന്മാർക്ക് എന്നീ രാജ്യങ്ങളുടെ നേതാക്കളാണ് യോഗം ചേരുന്നത്.
അതേസമയം, യുഎസ് സുരക്ഷാസഹായം ഉറപ്പാക്കുന്നതിനു പകരമായി യുക്രെയ്നിന്റെ അപൂർവ ധാതുക്കൾ നൽകണമെന്ന നിർദിഷ്ട കരാറിൽ ഉടൻ ഒപ്പുവയ്ക്കരുതെന്ന് പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി മന്ത്രിമാർക്കു നിർദേശം നൽകി. കരാർ യുഎസ് താൽപര്യങ്ങൾ മാത്രം സംരക്ഷിക്കുന്നതാണെന്നതാണ് കാരണം. ഇങ്ങനെയൊരു കരാറിന് നിർദേശം നൽകിയത് യുഎസ് പ്രസിഡന്റ് ട്രംപാണ്. കഴിഞ്ഞ ദിവസം മ്യൂണിക്കിൽ സുരക്ഷാ സമ്മേളനത്തിനിടെ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് സെലൻസ്കിയുമായി നടത്തിയ ചർച്ചയുടെ മുഖ്യവിഷയം ഇതായിരുന്നു. തുടർന്നാണ് കരാർ വ്യവസ്ഥകൾ മുന്നോട്ടുവച്ചത്.
അതിനിടെ കരാറിൽ ഒപ്പുവയ്ക്കില്ലെന്ന സെലൻസ്കിയുടെ തീരുമാനം ദീർഘവീക്ഷണത്തോടെയുള്ളതല്ലെന്ന് വൈറ്റ് ഹൗസ് വക്താവ് പ്രതികരിച്ചു. യൂറോപ്പിന്റെ സുരക്ഷയ്ക്ക് യുഎസിനെ പൂർണമായും വിശ്വസിക്കാനാവാത്തതിനാൽ യൂറോപ്യൻ സഖ്യസേന രൂപീകരിക്കണമെന്ന സെലൻസ്കിയുടെ നിർദേശം പ്രായോഗികമല്ലെന്ന് പോളണ്ടിന്റെ വിദേശകാര്യമന്ത്രി റഡോസ്ലാവ് സികോർസ്കി പ്രതികരിച്ചു.