കാസർകോട്: യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കല്യോട്ടെ കൃപേഷിന്റെയും ശരത്‍ലാലിന്റെയും കൊലപാതകക്കേസിലെ പ്രതികൾക്ക് പരോൾ നൽകാൻ നീക്കം. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന എട്ടാം പ്രതി സുഭീഷ്, പതിനഞ്ചാം പ്രതി സുരേന്ദ്രൻ എന്നിവരാണ് പരോളിന് അപേക്ഷ നൽകിയത്.
അപേക്ഷയിൽ ജയിൽ അധികൃതർ പൊലീസിന്റെ റിപ്പോർട്ട് തേടിയതായാണ് വിവരം. വിധി വന്ന് ഒന്നരമാസം തികയും മുൻപേയാണ് പരോൾ അനുവദിക്കാൻ നീക്കം നടക്കുന്നത്. ജനുവരി മൂന്നിനാണ് കൊച്ചി സിബിഐ കോടതി കേസിലെ 14 പ്രതികൾക്ക് ശിക്ഷ വിധിച്ചത്. പരോളിന് അപേക്ഷിച്ച പ്രതികൾക്ക് ജീവപര്യന്തം തടവിനു പുറമെ ഇരുവരെയും ഒരു ലക്ഷം രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചിരുന്നു. 2019 ഫെബ്രുവരി 17ന് രാത്രി 7.45ന് പെരിയ കല്യോട്ട് വെച്ചാണ് കൃപേഷിനെയും, ശരത് ലാലിനെയും കൊലപ്പെടുത്തുന്നത്.
















