Kerala

ഒമ്പതാം ക്ലാസുകാരന് സഹവിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം; ദൃശ്യങ്ങൾ റീലായി പ്രചരിപ്പിച്ചെന്ന് പരാതി | Ragging

തിരുവനന്തപുരം: തിരുവനന്തപുരം നേമം വിക്ടറി ഹയര്‍ സെക്കണ്ടറി സ്കൂളിൽ ഒമ്പതാം ക്ലാസുകാരന് ക്രൂര മർദ്ദനം. ഇരുപതോളം സഹവിദ്യാർത്ഥികൾ ചേർന്നാണ് വിദ്യാർത്ഥിയെ മർദ്ദിച്ചത്. സ്കൂളിന്റെ 75-ാം വാർഷികത്തിനിടയിൽ ആയിരുന്നു മർദ്ദനം. മർദ്ദിക്കുന്ന ​ദൃശ്യങ്ങൾ റീലായി പ്രചരിപ്പിക്കുകയും ചെയ്തതായി പരാതി. പരാതി ഉന്നയിച്ചിട്ടും സ്കൂൾ അധികൃതർ യാതൊരു വിധ നടപടിയും എടുത്തിട്ടില്ലെന്ന് കുട്ടിയുടെ രക്ഷിതാക്കൾ ആരോപിച്ചു. പരീക്ഷ അടുത്തിട്ടും സ്കൂളിൽ പോകാൻ ഭയമെന്ന് വിദ്യാർത്ഥി  പറ‍ഞ്ഞു.

കഴി‍ഞ്ഞ വ്യാഴാഴ്ച സ്കൂളിന്റെ വാർഷികത്തിനിടയിലാണ് ഒരു സഹവിദ്യാർത്ഥി മുൻപ് നടന്ന പ്രശ്നവുമായി ബന്ധപ്പെട്ട് ഒമ്പതാം ക്ലാസുകാരന്റെ അടുത്തെത്തുന്നത്. പ്രശ്നം അന്നേ പരിഹരിച്ചിരുന്നു എന്ന് പറഞ്ഞിരുന്നു എങ്കിലും അസഭ്യ ഭാഷയിൽ സംസാരിക്കുകയും കഴുത്തിന് കയറി പിടിച്ചതായും ഒമ്പതാം ക്ലാസുകാരൻ പറ‍ഞ്ഞു. ‘ആക്രമണത്തിനിടയിൽ തല ചുവരിൽ ഇടിച്ചിരുന്നു. സ്കൂൾ ​ഗേറ്റിന് പുറത്തുവെച്ചാണ് മർദ്ദിച്ചത്. ഇരുപതോളം സഹവിദ്യാർത്ഥികൾ ഉണ്ടായിരുന്നു. അതിൽ സ്കൂളിൽ നിന്നും പോയവരും ‍‍ടിസി നൽകിയവരും ഉണ്ടായിരുന്നു. ലഹരി മരുന്ന് ഉപയോ​ഗിച്ചതിനാണ് അവരെ സ്കൂളിൽ നിന്ന് പറഞ്ഞയച്ചതെ’ന്നും വിദ്യാർത്ഥി പറ‍ഞ്ഞു.

പൊലീസിൽ പരാതി നൽകിയതായി വിദ്യാർത്ഥി കുടുംബം അറിയിച്ചു. സ്കൂൾ ​ഗേറ്റിന് പുറത്തു നടന്ന സംഭവം ആയത് കൊണ്ട് സ്കൂളിന് പുറത്തു നടന്ന സംഭവമാക്കി മാറ്റാനാണ് ശ്രമം നടത്തുന്നതെന്നും കുടുംബം ആരോപിച്ചു. ‘പുറത്തു നടന്ന സംഭവത്തിൽ ഞങ്ങൾ ഇടപെടേണ്ട എന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. പ്രിൻസിപ്പലിനോട് ഈ കാര്യം സംസാരിച്ചപ്പോൾ ഇങ്ങനെ ഒരു സംഭവം നടന്നതായി അറിയില്ലെന്നാണ് പറ‍ഞ്ഞത്.പൊലീസ് സ്റ്റേഷനിൽ പരാതി പെട്ടപ്പോഴും കേസെടുക്കാൻ അവർ തയ്യാറായിരുന്നില്ല. പിന്നീടാണ് രണ്ട് പേരുടെ പേരിലെങ്കിലും കേസെടുത്തതെ’ന്നും കുടും​ബം പറഞ്ഞു.