കോഴിക്കോട്: കൊയിലാണ്ടി മണക്കര ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെയും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെയും യോജിച്ചുള്ള തീരുമാനം മന്ത്രി വി എന്‍ വാസവനാണ് അറിയിച്ചത്. ദേവസ്വം ബോര്‍ഡാണ് തുക നല്‍കുക. ഗുരുതരമായി പരിക്കേറ്റവര്‍ക്കു ധനസഹായം നല്‍കുന്നതിനൊപ്പം പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷം പറഞ്ഞു.
മണക്കര ക്ഷേത്രത്തിലുണ്ടായ സംഭവം ദാരുണവും ദുഃഖകരവുമാണെന്നും വി എന്‍ വാസവന്‍ പറഞ്ഞു. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മൂന്ന് പേരാണ് അപകടത്തില്‍ മരിച്ചത്. കുറവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി, രാജന്‍ എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു കൊയിലാണ്ടിയില്‍ മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഗുരുവായൂര്‍ ദേവസ്വത്തിന്റെ പീതാംബരനും ഗോകുലും വിരണ്ടോടിയത്. സംഭവത്തിന് പിന്നാലെ പീതംബരനും, ഗോകുലിനും കോഴിക്കോട് ജില്ലയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയാണ് പീതംബരനേയും, ഗോകുലിനേയും ക്ഷേത്രങ്ങളില്‍ എഴുന്നള്ളിക്കുന്നതിന് സ്ഥിരം വിലക്കേര്‍പ്പെടുത്തിയത്. ഉത്സവങ്ങളില്‍ ആനകളെ എഴുന്നള്ളിക്കാന്‍ ഒരുമാസം മുന്‍പ് അപേക്ഷ നല്‍കണമെന്നും ക്ഷേത്രങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.