Kerala

ഞങ്ങളുടെ നാട്ടിൽ ഈ ജോലിയല്ല നീയൊക്കെ ചെയ്യുന്നത്; ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ജാതി പീഡനമെന്ന് പരാതി | Indian Overseas Bank

കൊച്ചി: ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ ജാതിയുടെ പേരില്‍ പീഡനമെന്ന് പരാതി. പരാതിയില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തു. ചീഫ് റീജണല്‍ മാനേജര്‍ നിതീഷ്‌കുമാര്‍ സിന്‍ഹക്കെതിരെയും അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ കശ്മീര്‍ സിംഗിനെതിരെയുമാണ് കേസെടുത്തത്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ് എടുത്തത്.

റീജിയണല്‍ ഓഫീസിലെ അസിസ്റ്റന്റ് മാനേജരുടെ പരാതിയിലാണ് നടപടി. ചായയും മരുന്നും വാങ്ങിപ്പിക്കുക, റീജിയണല്‍ ഓഫീസിലെ ചെടി നനപ്പിക്കുക, ഭാര്യമാരുടെ ബാങ്ക് പാസ് ബുക്ക് പതിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ അസിസ്റ്റന്റ് മാനേജരെ കൊണ്ട് ചെയ്യിപ്പിക്കുമെന്ന് പരാതിയില്‍ പറയുന്നു. ജാതിയുടെ പേരില്‍ പല തവണ അധിക്ഷേപിച്ചെന്നും എതിര്‍ത്തപ്പോള്‍ കശ്മീര്‍ സിംഗ് മര്‍ദ്ദിച്ചെന്നും പരാതിയിൽ പറഞ്ഞിട്ടുണ്ട്.

പരാതി നല്‍കിയപ്പോള്‍ ഭീഷണിപ്പെടുത്തി പിന്‍വലിപ്പിച്ചുവെന്നും ആരോപണമുണ്ട്. പ്രതികാരമായി സസ്പെന്‍ഡ് ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ അസിസ്റ്റന്റ് മാനേജര്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ടും പരാതി നല്‍കിയിട്ടുണ്ട്. 11 വര്‍ഷമായി ഇയാള്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ ജോലി ചെയ്തുവരികയാണ്. മൂന്ന് വര്‍ഷമായാണ് കൊച്ചിയില്‍ ജോലി ചെയ്യാന്‍ തുടങ്ങിയതെന്നും ഇതുപോലൊരു അനുഭവം ആദ്യമാണെന്നും പരാതിക്കാരന്റെ പങ്കാളി റിപ്പോര്‍ട്ടര്‍ ചാനലിനോട് പറഞ്ഞു. നിതീഷ് കുമാര്‍ വന്നതിന് ശേഷമാണ് പ്രശ്‌നം രൂക്ഷമാകുന്നതെന്നും തങ്ങൾ എസ്സി വിഭാഗമാണെന്നും അവര്‍ പറഞ്ഞു.