ന്യൂഡല്‍ഹി: ജര്‍മന്‍ പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയ്ന്‍മെയ്‌റിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്ത് ബിഹാര്‍ സര്‍ക്കാരിന്റെ ജല വിഭവ വകുപ്പിന്റെ അക്കൗണ്ടാക്കി മാറ്റി. എന്നാല്‍ ജര്‍മന്‍ സര്‍ക്കാരില്‍ നിന്നും വിഷയത്തെ സംബന്ധിച്ച ഔദ്യോഗിക അറിയിപ്പൊന്നുമുണ്ടായില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ആദ്യം ഹിറ്റ്‌ലറിന്റെ പേരിലേക്കാണ് അക്കൗണ്ട് മാറ്റിയതെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
അഡോള്‍ഫ് ഹിറ്റ്‌ലര്‍ എന്ന പേരില്‍ ‘മേക്ക് ജര്‍മനി ഗ്രേറ്റ് എഗെയ്ന്‍’ എന്ന ക്യാപ്ഷനോടെയാണ് ആദ്യം അക്കൗണ്ട് മാറ്റിയത്. പിന്നാലെ നിരവധി എക്‌സ് അക്കൗണ്ട് ഹാന്‍ഡിലുകള്‍ അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്തു. പിന്നാലെ ഈ അക്കൗണ്ട് കുറച്ച് നേരത്തേക്ക് സസ്‌പെന്‍ഡ് ചെയ്യപ്പെടുകയും ബിഹാര്‍ സര്‍ക്കാരിന്റെ ജല വിഭവ വകുപ്പിന്റെ പേരില്‍ തിരിച്ചു വരികയുമായിരുന്നു. എന്നാല്‍ ഫ്രാങ്ക് വാള്‍ട്ടര്‍ ജെറിന്റെ @FrankWalterGER എന്ന ഹാന്‍ഡിലില്‍ തന്നെയാണ് അക്കൗണ്ട് കാണപ്പെട്ടത്. ഇതും പിന്നീട് ഡിലീറ്റ് ചെയ്യപ്പെട്ടു.