ചോറിനൊപ്പം കഴിക്കാൻ കറികളൊന്നും ഇല്ലാതിരിക്കുമ്പോൾ തയ്യാറാക്കാവുന്ന ഒരു റെസിപ്പി നോക്കിയാലോ? എളുപ്പത്തിൽ തയ്യാറാക്കാവുന്ന ചെറിയുള്ളി തൈരിലിട്ടത്.
ആവശ്യമായ ചേരുവകൾ
- ചെറിയ ഉള്ളി -ആവശ്യത്തിന്
- തൈര് – ഒരു കപ്പ്
- മുളക് പൊടി -അര ടീ സ്പൂൺ
- ഖരം മസാല- കാൽ ടീ സ്പൂൺ
- മഞ്ഞൾ പൊടി-കാൽ ടീ സ്പൂൺ
- വെളുത്തുള്ളി -1
- ഇഞ്ചി- 1
- ഉപ്പ് -ആവശ്യത്തിന്
- വെളിച്ചെണ്ണ -ആവശ്യത്തിന്
- ജീരകം -കുറച്ച്
- കടുക്
തയ്യാറാക്കുന്ന വിധം
ഇതിനായി വൃത്തിയാക്കിയ ചെറിയ ഉള്ളി തൊലി കളഞ്ഞ് ഒരു ചട്ടിയിലേക്ക് ഇട്ട് കൊടുക്കണം. ഇതിലേക്ക് അര കപ്പ് തൈര് ഒന്ന് മിക്സിയിൽ അടിച്ചിട്ട് ചേർക്കണം. ശേഷം ഇതിലേക്ക് മുളക് പൊടിയും ഖരം മസാലയും പാകത്തിന് ഉപ്പും കൂടി ഇട്ട് കൊടുത്ത് നന്നായി മിക്സ് ചെയ്തെടുക്കാം. ശേഷം ലോ ഫ്ലെയിമിൽ ഏകദേശം അഞ്ച് മിനിറ്റോളം അടച്ച് വെച്ച് വേവിക്കാം.
ശേഷം പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ജീരകം, കാൽ ടീസ്പൂൺ ചെറിയ ജീരകം, കടുക് എന്നിവ ചേർക്കാം. കടുക് പൊട്ടുമ്പോൾ വെളുത്തുള്ളി ചെറിയ കഷ്ണങ്ങൾ ആക്കിയതും ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് കൊടുക്കാം. അടുത്തതായി ഇതിലേക്ക് ഒരു സവാള ചെറിയ കഷണങ്ങളാക്കി അരിഞ്ഞത് ചേർത്ത് ഇത് നല്ലൊരു ബ്രൗൺ കളർ ആവുന്നത് വരെ വഴറ്റിയെടുക്കാം. ഇനി ഇതിലേക്ക് ഇഞ്ചി ചതച്ചതും മഞ്ഞൾ പൊടിയും ചേർക്കാം. ശേഷം ഇതിലേക്ക് നേരത്തെ തൈരിൽ വേവിച്ച് വെച്ച ചെറിയുള്ളി കൂടി ചേർത്ത് എല്ലാം കൂടി നന്നായി ഇളക്കി കൊടുക്കാം. ശേഷം അഞ്ച് മിനിറ്റ് കുറഞ്ഞ തീയിൽ അടച്ച് വെച്ച് വേവിക്കാം.