ഉച്ചയ്ക്ക് ഊണിനൊപ്പം നല്ല അയല പൊരിച്ചതും കൂടെ ഉണ്ടെകിൽ കുശാലായി. മസാലകൾ ചേർത്ത് നല്ല രുചിയോടു കൂടെ അയല വറുക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- അയല – അര കിലോ
- മുളക്പൊടി – 1 ടേബിൾ സ്പൂൺ
- മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- വെള്ളം – 3-4 ടേബിൾ സ്പൂൺ
- എണ്ണ – 5-6 ടേബിൾ സ്പൂൺ
- വെളുത്തുള്ളി – 2 അല്ലി
- ചെറിയ ഉള്ളി – 5 എണ്ണം
- ചുവന്ന മുളക് – 3 എണ്ണം
- പുളി വെള്ളം
- വെള്ളം – 1/4 കപ്പ്
തയ്യാറാക്കുന്ന വിധം
അയല മുറിച്ചെടുത്ത് നല്ലപോലെ വൃത്തിയാക്കിയ ശേഷം മീനിൽ വരകളിട്ട് കൊടുക്കണം. രണ്ട് പ്രാവശ്യമായിട്ടാണ് നമ്മൾ ഈ മീനിൽ മസാല പുരട്ടിയെടുക്കുന്നത്. ആദ്യത്തെ മസാല തയ്യാറാക്കാനായി ഒരു ബൗളിലേക്ക് മുളകുപൊടിയും മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും ലേശം വെള്ളവും കൂടെ ചേർത്ത് മസാല നന്നായി മിക്സ് ചെയ്യാം. ശേഷം മീൻ കഷണങ്ങളുടെ എല്ലാ ഭാഗത്തും നന്നായി മസാല പുരട്ടി പത്തോ പതിനഞ്ചോ മിനിറ്റ് അടച്ച് വയ്ക്കാം.
ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് മസാല പുരട്ടി വെച്ച മീൻ കഷണങ്ങൾ ഓരോന്നായി കുറഞ്ഞ തീയിൽ വേവിക്കാം. മീൻ ഫ്രൈ ആയി വരുന്ന സമയത്ത് രണ്ടാമത്തെ മസാല തയ്യാറാക്കാനായി അഞ്ച് ചുവന്നുള്ളിയും രണ്ട് വലിയ വെളുത്തുള്ളി നെടുകെ കീറിയിട്ടും മൂന്ന് വറ്റൽ മുളകും എടുത്ത് ഇവയെല്ലാം ഓരോന്നായി തീയിൽ ചുട്ടെടുക്കാം.
ശേഷം ഇവ മിക്സിയുടെ ജാറിലേക്കിട്ട് പുളിവെള്ളം കൂടി ഒഴിച്ച് അരച്ചെടുക്കാം. ശേഷം ഈ കൂട്ട് മീനിന്റെ മുകളിലേക്കിട്ട് കുറഞ്ഞ തീയിൽ മൊരിയാനായി വെയ്ക്കുക. ശേഷം മറുപുറത്തും ഈ മസാലക്കൂട്ട് ഇങ്ങനെ ചെയ്യുക. നല്ല വാഴയിലയൊക്കെ ഇത് എടുത്ത് വെച്ച് ചൂട് ചോറിനൊപ്പം കഴിക്കാം.