Tech

പുത്തന്‍ ലുക്കില്‍ റെഡ്മി നോട്ട് 14; വിലയും ഫീച്ചറുകളും അറിയാം

റെഡ്മി നോട്ട് 14-ന്‍റെ ഐവി ഗ്രീന്‍ വേരിയന്‍റാണ് (Redmi Note 14 5G Ivy Green) ഇന്ത്യയിലെത്തിയത്.

ദില്ലി: ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഷവോമി, റെഡ്മി നോട്ട് 14 5ജിയുടെ പുത്തന്‍ കളര്‍ വേരിയന്‍റ് ഇന്ത്യയില്‍ പുറത്തിറക്കി. റെഡ്മി നോട്ട് 14-ന്‍റെ ഐവി ഗ്രീന്‍ വേരിയന്‍റാണ് (Redmi Note 14 5G Ivy Green) ഇന്ത്യയിലെത്തിയത്.

2024 ഡിസംബറിലാണ് റെഡ്മി നോട്ട് 14 5ജി മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ഇന്ത്യയില്‍ ആദ്യമായി അവതരിച്ചത്. Mystique White, Phantom Purple, Titan Black shades എന്നിവയായിരുന്നു ഇത്. എന്നാല്‍ ഇപ്പോള്‍ റെഡ്മി Ivy Green എന്നൊരു കളര്‍ ഓപ്ഷന്‍ കൂടി റെഡ്മി നോട്ട് 14ന് ഇന്ത്യയില്‍ നല്‍കിയിരിക്കുകയാണ്. ഇതിന്‍റെ 6 ജിബി + 128 ജിബി വേര്‍ഷന് 18,999 രൂപയും, 8 ജിബി + 128 ജിബി ഫോണിന് 19,999 രൂപയും, 8 ജിബി + 256 ജിബി മോഡലിന് 21,999 രൂപയുമാണ് ഇന്ത്യയിലെ വില. എംഐയുടെ വെബ്‌സൈറ്റ് വഴി ഫോണ്‍ ഓര്‍ഡര്‍ ചെയ്യാം. ഐസിഐസിഐ, എച്ച്‌ഡിഎഫ്‌സി, എസ്ബിഐ ക്രഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് വാങ്ങുമ്പോള്‍ 1000 രൂപയുടെ ഇന്‍സ്റ്റന്‍റ് ഡിസ്കൗണ്ട് ലഭിക്കും. ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇഎംഐ സൗകര്യം വഴി വാങ്ങുമ്പോഴും ഈ കിഴിവ് ലഭ്യമാകും. ആറ് മാസത്തേക്ക് നോ-കോസ്റ്റ് ഇഎംഐ സൗകര്യവും റെഡ്മി നോട്ട് 14 5ജി ഐവി ഗ്രീന്‍ കളര്‍ വേരിയന്‍റ് ഫോണിന് ലഭിക്കും.

റെഡ്മി നോട്ട് 14 5ജി സ്പെസിഫിക്കേഷനുകള്‍  

റെഡ്മി നോട്ട് 14 5ജിയുടെ മറ്റ് കളര്‍ വേരിയന്‍റുകളിലെ അതേ ഫീച്ചറുകളും സൗകര്യങ്ങളും തന്നെയാണ് ഐവി ഗ്രീനിനുമുള്ളത്. ഷവോമിയുടെ ആന്‍ഡ്രോയ്ഡ്-14 അടിസ്ഥാനത്തിലുള്ള ഹൈപ്പര്‍ഒഎസ് 1.0 ഇന്‍റര്‍ഫേസില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 6.67 ഇഞ്ചിലുള്ള ഫുള്‍ എച്ച്‌ഡി+ ഡിസ്‌പ്ലെയുണ്ട്. 120Hz ആണ് പരമാവധി റിഫ്രഷ് റേറ്റ്. 2100 നിറ്റ്സാണ് പീക്ക് ബ്രൈറ്റ്‌നസ്. ഗോറില്ല ഗ്ലാസ് 5 സുരക്ഷയോടെ വരുന്ന ഫോണിന് മീഡിയടെക് ഡൈമന്‍സിറ്റി 7025 അള്‍ട്രാ എസ്ഒസി പ്രൊസസറാണ് കരുത്ത്.

50 മെഗാപിക്സല്‍ പ്രൈമറി സോണി എല്‍വൈറ്റി-600 സെന്‍സര്‍, 8 എംപി അള്‍ട്രാ വൈഡ്-ആംഗിള്‍ ക്യാമറ, 2 എംപി മാക്രോ സെന്‍സര്‍ എന്നിവയാണ് റീയര്‍ ക്യാമറ യൂണിറ്റില്‍ വരുന്നത്. 20 എംപിയുടെ സെല്‍ഫി ക്യാമറയും റെഡ്മി നോട്ട് 14നില്‍ കാണാം. സുരക്ഷയ്ക്ക് ഐപി64 റേറ്റിംഗാണ് ഈ സ്മാര്‍ട്ട്‌ഫോണിനുള്ളത്. 5,110 എംഎഎച്ചിന്‍റെ ബാറ്ററി 45 വാട്സ് ചാര്‍ജിംഗ് പിന്തുണയ്ക്കുന്നു. റെഡ്മി നോട്ട് 14ന് രണ്ട് ഒഎസ് അപ്‌ഗ്രേഡുകളും നാല് വര്‍ഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും കമ്പനി നല്‍കുന്നുണ്ട്.

contenthighlight : redmi-note-14-5g-ivy-green-colour-variant-launched-in-india