മുംബൈ: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലേക്ക് ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ യുവാവ് ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിലെ വിടവിലേക്ക് വീണു. തൊട്ടടുത്ത് നിൽക്കുകയായിരുന്ന പൊലീസുകാരൻ ഒരു സെക്കന്റ് പോലും പാഴാക്കാതെ നിമിഷ നേരത്തിനുള്ളിൽ നടത്തിയ ഇടപെടലിലൂടെ അത്ഭുതകരമായി രക്ഷപ്പെട്ടത് വിലപ്പെട്ട ഒരു ജീവനും. മുംബൈയിലെ അന്ധേരി റെയിൽവെ സ്റ്റേഷനിൽ ഞായറാഴ്ചയാണ് സംഭവം നടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അന്ധേരി സെവൻ ബംഗ്ലാവ് സ്വദേശിയായ രാജേന്ദ്ര മാംഗിലാൽ എന്ന 40കാരൻ വൈകിയാണ് സ്റ്റേഷനിലെത്തിയത്. പ്ലാറ്റ്ഫോമിൽ എത്തിയപ്പോഴേക്കും ഇയാൾക്ക് പോകേണ്ട ട്രെയിൻ നീങ്ങിത്തുടങ്ങുകയും സാമാന്യം നല്ല വേഗത്തിലാവുകയും ചെയ്തിരുന്നു. എന്നാൽ യാത്ര മുടങ്ങുമെന്ന് ഭയന്ന രാജേന്ദ്ര എങ്ങനെയും ട്രെയിനിൽ കയറാൻ ശ്രമം നടത്തി. പുറത്ത് ഒരു ബാഗും തോളിൽ മറ്റൊരു ബാഗും ഇട്ടുകൊണ്ട് ട്രെയിനിൽ പിടിച്ച് കയറാൻ ശ്രമിക്കുന്നതിനിടെ പിടിവിട്ടുപോയി. ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലുള്ള വിടവിലൂടെ അദ്ദേഹം ട്രാക്കിലേക്ക് വീഴുകയായിരുന്നു.
ട്രെയിൻ പോകുമ്പോൾ പ്ലാറ്റ്ഫോമിൽ നിൽക്കുകയായിരുന്ന ആർപിഎഫ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പഹുപ് സിങ് ഒരു സെക്കന്റ് പോലും പാഴാക്കാതെ ഓടിയെത്തി യുവാവിന്റെ കൈയിൽ പിടിച്ചുവലിച്ച് പ്ലാറ്റ്ഫോമിലേക്ക് കയറ്റി. ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽപ്പെട്ട് വലിയ അപകടം സംഭവിക്കുമായിരുന്ന സാഹചര്യത്തിൽ പൊലീസുകാരന്റെ സമയോചിത ഇടപെടാലാണ് യുവാവിന് രക്ഷയായത്. അപ്പോഴേക്കും പ്ലാറ്റ്ഫോമിലുണ്ടിയാരുന്ന ഏതാനും യാത്രക്കാരും ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയും യുവാവിന്റെ അടുത്തേക്ക് ഓടിയെത്തിയിരുന്നു.
content highlight : arrived-late-at-station-and-tried-to-enter-already-moving-train-but-slipped-down-to-the-gap-of-platform