തിരുവനന്തപുരം: കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കുന്നതിനുള്ള എല്ലാ പിന്തുണയും നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എന്നാല്‍ വ്യവസായത്തെ സംബന്ധിച്ച് തെറ്റായ കണക്കുകളാണ് ഇടത് സര്‍ക്കാര്‍ പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ വ്യവസായ മുന്നേറ്റം വേണമെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘കോവിഡ് കാലത്ത് ഇത്തരത്തില്‍ ഇടതുസര്‍ക്കാര്‍ പിആര്‍ വര്‍ക്ക് നടത്തി തെറ്റായ കണക്ക് നല്‍കി. അതിന് സമാനമാണ് വ്യാവസായിക വളര്‍ച്ച സംബന്ധിച്ച കണക്ക്. വ്യാവസായിക വളര്‍ച്ചാ നിരക്കില്‍ ഇല്ലാത്ത കണക്ക് സര്‍ക്കാര്‍ പറയുന്നു. 15000 പോലും ജി എസ് ടി രജിസ്‌ട്രേഷന്‍ വന്നിട്ടില്ല. ജി എസ് ടി രജിസ്‌ട്രേഷന്‍ കൂടിയിട്ടില്ല. ചില്ലറ മൊത്ത വ്യാപാരം കൂടി എംഎസ്എംഇയില്‍പ്പെടുത്തി. അങ്ങനെയാണ് കണക്ക് തയ്യാറാക്കുന്നത്’, വി ഡി സതീശന്‍ പറഞ്ഞു.
സ്റ്റാര്‍ട്ട് അപ് ഇക്കോ സിസ്റ്റത്തെ സംബന്ധിച്ച് വിചിത്രമായ താരതമ്യമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 254 ശതമാനം വര്‍ദ്ധനവെന്ന് പറയുന്നു. 2019-2021മായി താരതമ്യം ചെയ്ത് പറയുന്നു. ഒരു സ്റ്റാര്‍ട്ട്അപ്പും വരാത്ത കോവിഡ് കാലവുമായാണ് താരതമ്യപ്പെടുത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.