വിശുദ്ധ കന്യാമറിയത്തിന് സമർപ്പിക്കപ്പെട്ട പള്ളി പിന്നീട് വിശുദ്ധ ഗീവർഗീസ് പുണ്യാളനെ സർവ്വമനസ്സാ സ്വീകരിച്ച ചരിത്രമാണ് ഇടപ്പള്ളി സെന്റ് . ജോർജ് ’s ഫോറന , ഇടപ്പള്ളി മാർ ഗീവർഗീസ് സഹദാ പള്ളിക്കുള്ളത്.
വടക്കൻ പറവൂരുകാർക്ക് കോട്ടക്കാവ് മാർത്തോമാ പള്ളിയും, ഉദയംപേരൂരുകാർക്ക് മാർത്ത മറിയം l പള്ളിയും ഉള്ള കാലത്തു ഇടയിലുള്ളവർ തെക്കൻ പറവൂരുകാരുടെ നേതൃത്വത്തിൽ സ്ഥാപിച്ച പള്ളിയാണ് ഇടപ്പള്ളി പള്ളി. ഇടയിലുള്ള പള്ളി എന്നർത്ഥത്തിൽ ഇടപ്പള്ളി. .
l
ഇടപ്പള്ളി പള്ളിയങ്കണത്തിൽ മൂന്നു പള്ളികൾ കാണാം. AD 593 കാലത്ത് സ്ഥാപിക്കപ്പെട്ട കിഴക്കു ദർശനമായ ആദ്യ ചെറിയ ചാപ്പലും, AD 1080 ൽ സ്ഥാപിക്കപ്പെട്ട അല്പം കൂടി വലിയ പള്ളിയും, 2015 ൽ പണി പൂർത്തിയായ ഇപ്പോൾ കാണുന്ന വലിയ പള്ളിയും. പള്ളി മാത്രമല്ല, വിശുദ്ധമെന്ന് വിശ്വസിക്കപ്പെടുന്ന രോഗശാന്തി കിണറും പഴയ പള്ളികളുടെ ഇടയിലായി കാണാം.
ക്രിസ്തുവർഷം മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന, ക്രൈസ്തവ ദർശനങ്ങൾക്ക് വേണ്ടി നിലകൊണ്ട്, വധിക്കപ്പെട്ട്, വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെട്ട ഗീവർഗീസ് പുണ്യാളനോടുള്ള ആരാധന ഏഷ്യയിലും യൂറോപ്പിലും വ്യാപിച്ചത് കേരളത്തിലും പല മാറ്റങ്ങൾക്ക് ഇടയാക്കിയിരുന്നു. പല പള്ളികളും പുണ്യാളന്റെ പേരിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. ഇടപ്പള്ളിയിലും അതുതന്നെയാണ് സംഭവിച്ചതെങ്കിലും പിൽക്കാലത്ത് വിശുദ്ധ കന്യാമറിയത്തിന്റെ തിരുരൂപവും പുനഃസ്ഥാപിക്കപ്പെട്ടിരുന്നു.
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട സഭയായ സീറോ മലബാർ സഭയുടെ കീഴിലാണ് ഈ പള്ളി നിലനിൽക്കുന്നത്. ദൈനംദിന കാര്യങ്ങൾക്കായി ദർശന സമൂഹത്തിന്റെ നേതൃത്വവും സഹ സമൂഹങ്ങളുടെ പിന്തുണയും ഉണ്ട്.
ക്രൈസ്തവ പരിശുദ്ധരെയെല്ലാം പുണ്യാളൻ എന്ന് പറയാറുണ്ടെങ്കിലും ക്രൈസ്തവ സമൂഹത്തിലെ ഒരു വലിയ വിഭാഗത്തിന് പുണ്യാളൻ എന്ന് പറഞ്ഞാൽ ഗീവർഗീസ് സഹദാ മാത്രമാണ്. റോമൻ കത്തോലിക്കാ സഭ 1969 ൽ പുണ്യാളന്റെ വലിപ്പം അല്പം ചെറുതാക്കിയെങ്കിലും നമ്മുടെ ഇടയിൽ അദ്ദേഹത്തിന്റെ സ്ഥാനം വലുതായിത്തന്നെ നിലനിന്നു.
കുതിരപ്പവൻ എന്ന് നാം പണ്ട് വിളിച്ചിരുന്ന സ്വർണ്ണ നാണയത്തിലെ രൂപവും മറ്റൊന്നല്ല. വ്യാളിയെ കൊല്ലുന്ന സഹദായെ പ്രാർത്ഥിക്കുന്നവരിൽ വലിയൊരു പങ്ക് പാമ്പുപേടിയുള്ളവർ ആണ്. സഹദായുടെ ചരിതങ്ങളിൽ പാമ്പ് ഇല്ലെങ്കിലും പ്രാർത്ഥന ആ രീതിയിൽ പോകും. മലയാളി ശൈലിയുടെ പ്രത്യേകത ആയിക്കാണാം. വ്യാളിയെ തകർത്തയാൾക്ക് പാമ്പ് ഒരു വിഷയമേയല്ലല്ലോ. മുട്ടയും കോഴിയും ഒക്കെ വഴിപാടായതും ഇതുപോലെ തന്നെയാണ്.
കോഴിനേർച്ച ഇടപ്പള്ളി പള്ളിയിലെ വലിയ നേർച്ചയാണെങ്കിലും ഇടക്കാലത്ത് കുതിരയെയും ചിലർ നടക്കിരുത്തിയിരുന്നു. കുതിര സഹദായുടെ വാഹനം ആണെന്നുള്ള സങ്കല്പം ആണ് ഇത്തരത്തിൽ വിശ്വാസികളെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്.
ഏഷ്യയിലെ ഏറ്റവും വലിയ സഹദാപ്പള്ളി ഇടപ്പള്ളിയിലേതാണ്. ഏതാണ്ട് 88,000 Sq. Ft. വലിപ്പത്തിൽ, 141 അടി ഉയരത്തിൽ അഷ്ടഭുജ മാതൃകയിൽ ആണ് ഈ പള്ളി പടുത്തുയർത്തിയിരിക്കുന്നത്.
ഇടപ്പള്ളി എന്ന സ്ഥലത്തിന്റെ ലിഖിത ചരിത്രം ഇളങ്ങള്ളൂർ അഥവാ ഇടപ്പള്ളി രാജ സ്വരൂപവുമായി ബന്ധപ്പെട്ടിരുന്നു. നമ്പൂതിരി രാജാവായതിനാൽ മാർത്താണ്ഡ വർമ്മ അല്പം അകലം പാലിച്ചത് ഇടപ്പളി രാജാവിന്റെ സ്വകാര്യ വാഴ്ചക്ക് അനുകൂലമായി കാര്യങ്ങളെ എത്തിച്ചിരുന്നു. ഇടപ്പള്ളി പള്ളിക്ക് വാടകയില്ലാതെ സ്ഥലം പള്ളി നിർമ്മിക്കാൻ നൽകിയത് ഇടപ്പള്ളി രാജാവ് ആണെന്നുള്ള ചില ചർച്ചകൾ കണ്ടിരുന്നു. എന്നാൽ പള്ളി ഉണ്ടായ കാലവും (ആദ്യം) ഇടപ്പള്ളി രാജ്യം ഉണ്ടായ കാലവും (പിന്നീട്) തമ്മിൽ 600 ഓളം വർഷങ്ങൾ വ്യത്യാസമുണ്ട്. അതിനാൽ അവിടെ ലോജിക്കില്ല.
എന്നാൽ രണ്ടാമത്തെ പള്ളിയും വന്നശേഷം AD 1150 കാലത്തോടെ പള്ളിക്ക് രാജസ്വരൂപം കൂടുതൽ സ്ഥലം അനുവദിച്ചുകൊടുത്തതായി എഴുതപ്പെട്ടത് ശരിയാകാം.
ഇടപ്പള്ളി സ്വരൂപത്തിന് 250 ഓളം ചെറുതും വലുതുമായ ക്ഷേത്രങ്ങൾ ഉണ്ടായിരുന്നു. അവയിൽ മുരുകക്ഷേത്രം നിന്ന സ്ഥലമാണ് പിൽക്കാലത്ത് ഇടപ്പള്ളി പള്ളിയായതെന്ന് ചുരുക്കം ചിലർ പറഞ്ഞുനടപ്പുണ്ട്. കുത്തിത്തിരിപ്പുകാരാണ്.