ഫാസ്ടാഗ് നിയമങ്ങളില്‍ നിര്‍ണായക മാറ്റം വരുത്തി നാഷനല്‍ പേമെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(എന്‍പിസിഐ). ടോള്‍ ബൂത്തുകളിലൂടെ നികുതി നല്‍കാതെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നവര്‍ക്ക് കൂടുതല്‍ കര്‍ശന നടപടികള്‍ ഇനി മുതല്‍ നേരിടേണ്ടി വരും. ഇതിന്റെ ഭാഗമായി കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഫാസ്ടാഗുകളില്‍ ഇരട്ടി നികുതിയാണ് നല്‍കേണ്ടി വരിക. ദേശീയപാതകളില്‍ ഫെബ്രുവരി 17 മുതല്‍ പുതിയ ഫാസ്ടാഗ് രീതികള്‍ നിലവില്‍ വന്നു കഴിഞ്ഞുവെന്നാണ് എന്‍പിസിഐ അറിയിക്കുന്നത്.
കരിമ്പട്ടികയിലെ ഫാസ്ടാഗുകള്‍- ടോള്‍ ബൂത്തിലെത്തുമ്പോള്‍ നിങ്ങളുടെ ഫാസ്ടാഗ് കരിമ്പട്ടികയില്‍ പെടുത്തിയതാണെങ്കില്‍ ഇതുവഴി ഇടപാട് നടത്താന്‍ സാധിക്കില്ല. ടോള്‍ ബൂത്തിലെത്തി സ്‌കാന്‍ ചെയ്യുന്നതിന് പത്തു മിനുറ്റ് മുമ്പ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുന്ന ഫാസ്ടാഗുകളുടെ ഇടപാടുകള്‍ പോലും റദ്ദാക്കപ്പെടും.
ഗ്രേസ് പിരീഡ്- നിങ്ങളുടെ ഫാസ്ടാഗ് കരിമ്പട്ടികയില്‍ പെടുത്തിയിട്ടുണ്ടെങ്കില്‍ അത് ഒഴിവാക്കിയ ശേഷം ടോള്‍ ബൂത്തിലേക്കെത്തുക മാത്രമാണ് അധിക പിഴ ഒഴിവാക്കാനുള്ള നടപടി. ടോള്‍ ബൂത്തിലെത്തുന്നതിന് 70 മിനുറ്റ് മുമ്പെങ്കിലും കരിമ്പട്ടികയിലുള്ള ഫാസ്ടാഗാണെങ്കില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കണം.
കരിമ്പട്ടികയിലായാല്‍- ടോള്‍ ബൂത്തിലെത്തുന്ന സമയത്ത് നിങ്ങളുടെ ഫാസ്ടാഗ് കരിമ്പട്ടികയില്‍ പെട്ടതാണെങ്കില്‍ എന്തു സംഭവിക്കും? അങ്ങനെയുള്ളവര്‍ക്ക് ഇരട്ടി ടോള്‍ നല്‍കേണ്ടി വരും. ഫാസ്ടാഗില്‍ പണമില്ലാത്തതിന്റെ പേരിലാണ് ഇരട്ടി ടോള്‍ ഈടാക്കിയതെങ്കില്‍ ഒരു വഴിയുണ്ട്. ടോള്‍ ബൂത്തിലെ സ്‌കാനിങ് നടന്ന് പത്തു മിനുറ്റിനകം ഫാസ്ടാഗ് റീ ചാര്‍ജ് ചെയ്ത ശേഷം പരാതി നല്‍കിയാല്‍ മതി. ഇതോടെ പിഴ തുക ഒഴിവാക്കാനുള്ള സാധ്യതയുണ്ട്.
വൈകിയുള്ള ട്രാന്‍സാക്ഷന്‍- ഫാസ്ടാഗ് വഴിയുള്ള ട്രാന്‍സാക്ഷന്‍ വൈകിയാലും പ്രശ്‌നമാണ്. ടോള്‍ ബൂത്തിലെ സ്‌കാനിങിനു ശേഷം 15 മിനുറ്റ് കഴിഞ്ഞിട്ടാണ് പണഇടപാട് നടക്കുന്നതെങ്കില്‍ അപ്പോഴും പിഴ കിട്ടാന്‍ സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളിലും ഫാസ്ടാഗ് ഉടമകള്‍ക്ക് പരാതി നല്‍കാനാവും.
ചാര്‍ജ് ബാക്ക് പോളിസി- എന്തെങ്കിലും പരാതിയുടെ പേരില്‍ പിരിച്ചെടുത്ത ടോള്‍ തിരിച്ചു കിട്ടണമെങ്കില്‍ ബാങ്കുകള്‍ കൂടി മുന്‍കയ്യെടുക്കേണ്ടി വരും. പണമില്ലാത്തതിന്റെ പേരിലും മറ്റേതെങ്കിലും കാരണങ്ങളാലും കരിമ്പട്ടികയില്‍ പെടുത്തിയ ഫാസ്ടാഗില്‍ നിന്നും പിരിച്ചെടുത്ത പിഴ കുറഞ്ഞത് 15 ദിവസങ്ങള്‍ക്കു ശേഷ മാത്രമേ തിരിച്ചു കിട്ടുകയുള്ളൂവെന്നും എന്‍പിസിഐ എടുത്തു പറയുന്നുണ്ട്.
കരിമ്പട്ടികയിലാവാനുള്ള കാരണങ്ങള്‍ – പല കാരണങ്ങളാല്‍ നിങ്ങളുടെ ഫാസ്ടാഗ് കരിമ്പട്ടികയില്‍ പെടുത്താം. അവ ഏതെല്ലാമെന്ന് തിരിച്ചറിഞ്ഞ് ആവശ്യമായ നടപടികള്‍ സ്വീകരിച്ചാല്‍ പിഴ ഒഴിവാക്കാനാവും. ആവശ്യത്തിന് പണം ഫാസ്ടാഗ് അക്കൗണ്ടില്‍ ഇല്ലാത്തതാണ് ഒരു കാരണം. എന്തെങ്കിലും കാരണവശാല്‍ ടോള്‍ ബൂത്തില്‍ പണം നല്‍കാതെ പോയാലും പണ ഇടപാട് നടക്കാതിരുന്നാലും കരിമ്പട്ടികയില്‍ പെടുത്താം. ബാങ്കില്‍ അക്കൗണ്ട് ഉടമ യഥാസമയം കെവൈസി വിവരങ്ങള്‍ നല്‍കാതിരിക്കുന്നതും കാരണമാണ്. വാഹനത്തിന്റെ ചേസിസ് നമ്പറും രജിസ്‌ട്രേഷന്‍ നമ്പറും തമ്മില്‍ പൊരുത്തമില്ലാതെ വന്നാലും നിങ്ങളുടെ ഫാസ്ടാഗിനെ കരിമ്പട്ടികയിലാക്കാനാവും.
content highlight : fastag-new-rules-penalties