വിമാനയാത്രക്കാര്‍ക്ക് പുതിയ നിയമങ്ങള്‍ ഏര്‍പ്പെടുത്തി സ്പിരിറ്റ് എയർലൈൻസ്. യാത്രക്കാരുടെ വസ്ത്രങ്ങൾ, രീതികള്‍ എന്നിവയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഉൾപ്പെടുത്തി പുതുക്കിയ ‘കോൺട്രാക്റ്റ് ഓഫ് കാരിയേജി’ലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. യാത്രക്കാര്‍ പാലിക്കേണ്ട നിബന്ധനകളും വ്യവസ്ഥകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇക്കൊല്ലം ജനുവരി 22 മുതല്‍ ഇത് നിലവില്‍ വന്നു. നഗ്നപാദരോ അപര്യാപ്തമായ വസ്ത്രം ധരിച്ചവരോ, അല്ലെങ്കിൽ അശ്ലീലമോ കുറ്റകരമോ ആയ ബോഡി ആർട്ട് ഉൾപ്പെടെയുള്ള വസ്ത്രങ്ങള്‍, വസ്തുക്കള്‍ എന്നിവ കൈവശം വച്ചവരോ ആയ യാത്രക്കാരെ വിമാനത്തിൽ കയറാൻ അനുവദിക്കില്ല, അല്ലെങ്കിൽ അവര്‍ക്ക് വിമാനത്തിൽ നിന്ന് ഇറങ്ങേണ്ടി വന്നേക്കാം എന്ന് എയർലൈൻസ് പറയുന്നു.
ശരീരം വേണ്ടത്ര മൂടാത്ത വസ്ത്രങ്ങളും, സുതാര്യമായതോ, സ്തനങ്ങൾ, നിതംബങ്ങൾ അല്ലെങ്കിൽ മറ്റ് സ്വകാര്യ ഭാഗങ്ങൾ എന്നിവ വെളിപ്പെടുത്തുന്നതോ ആയ വസ്ത്രങ്ങളുമാണ് അപര്യാപ്തമായ വസ്ത്രമായി കണക്കാക്കുന്നത്. ഇതിനു മുന്നേയും ഇത്തരം വസ്ത്രങ്ങള്‍ ധരിച്ചെത്തിയ ആളുകള്‍ക്ക് യാത്ര വിലക്കുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്, ഇവ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. ഒക്ടോബറിൽ, ക്രോപ്പ് ടോപ്പുകൾ ധരിച്ചതിനാൽ സ്പിരിറ്റ് ഫ്ലൈറ്റ് അറ്റൻഡന്റ് തന്നോടും സുഹൃത്തിനോടും സ്ഥലം വിടാൻ ആവശ്യപ്പെട്ടതായി താര കെഹിഡി എന്ന സ്ത്രീ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തത് ഒട്ടേറെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. വിമാനത്തില്‍ അലങ്കോലമുണ്ടാക്കുക, മറ്റുള്ളവര്‍ക്ക് ഉപദ്രവം ചെയ്യുക, അക്രമാസക്തനാകുക, ലഹരി ഉപയോഗിക്കുക, പകർച്ചവ്യാധിയുണ്ടാകുക, സീറ്റ് ബെൽറ്റ് ധരിച്ച് ഇരിക്കാൻ തയ്യാറാകാതിരിക്കുക അല്ലെങ്കിൽ ഇരിക്കാതിരിക്കുക, “കുറ്റകരമായ ദുർഗന്ധം” എന്നിവ പോലുള്ള കാരണങ്ങളാൽ ഒരു യാത്രക്കാരനെ വിമാനത്തിൽ നിന്ന് പുറത്താക്കാനുള്ള സാധ്യതയും മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു. വിമാന ജീവനക്കാരുടെ കർത്തവ്യങ്ങളിൽ ഇടപെടാൻ ശ്രമിച്ചാലും, അല്ലെങ്കിൽ വിമാനത്തിനുള്ളിൽ സുരക്ഷാ ഭീഷണി ഉയർത്താൻ ശ്രമിച്ചാലും അവരെ നീക്കം ചെയ്യും. കൂടാതെ, സ്പിരിറ്റ് എയർലൈൻസിൽ പറക്കുന്ന യാത്രക്കാർക്ക് “അപമാനകരമായ” ടാറ്റൂകള്‍ ശരീരത്തില്‍ ഉള്ള ആളുകള്‍ക്കും യാത്ര നിഷേധിക്കപ്പെട്ടേക്കാം എന്ന് കമ്പനി പറയുന്നു.
കരീബിയൻ ദ്വീപുകൾ, മെക്സിക്കോ, ലാറ്റിൻ അമേരിക്ക, ദക്ഷിണ അമേരിക്ക എന്നിങ്ങനെ, അമേരിക്കയിൽ ഉടനീളം കുറഞ്ഞ ചിലവില്‍ ഷെഡ്യൂൾഡ് സർവീസുകൾ നടത്തുന്ന വിമാനക്കമ്പനിയാണ് സ്പിരിറ്റ് എയർലൈൻസ്. സ്പിരിറ്റ് എയർലൈൻസിന്‍റെ ആദ്യ ആസ്ഥാനം ഗ്രെയിറ്റർ ഡെട്രോയിറ്റിലെ ഈസ്റ്റ്‌പോയിന്‍റ് മിഷിഗണിൽ ആയിരുന്നു, പിന്നീട്, 1999 നവംബറിൽ മയാമി മെട്രോപോളിറ്റൻ ഏരിയയിലെ മിരാമർ ഫ്ലോറിഡയിലേക്ക് മാറ്റി.
2015 ലെ കണക്കനുസരിച്ച് അറ്റ്ലാന്‍റിക് സിറ്റി, ചിക്കാഗോ – ഒ’ഹാരെ, ഡള്ളാസ് / ഫോർട്ട് വോർത്ത്, ഡെട്രോയിറ്റ്, ഫോർട്ട് ലോഡർഡെയിൽ, ലാസ് വെഗാസ് എന്നിവടങ്ങളിൽ എയർലൈൻസിന് ബേസുകള്‍ ഉണ്ട്. നിലവില്‍, 57 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സ്പിരിറ്റ് എയർലൈൻസ് സർവീസ് നടത്തുന്നു.
content highlight : spirit-airlines-new-dress-code