കണ്ണിലുണ്ടാകുന്ന ചെറിയ അസ്വസ്ഥതകൾ ആരും വലിയ കാര്യമാക്കാറില്ല. വീട്ടിലുള്ള കുട്ടികൾ കണ്ണിനു എന്തെങ്കിലും ബുദ്ധിമുട്ട് പറഞ്ഞാൽ പോലും കൂടുതൽ സമയം സ്ക്രീനിൽ നോക്കിയിരിക്കുന്നത് കൊണ്ടാണ് ഈ പ്രശ്നങ്ങൾ എന്ന് മാതാപിതാക്കൾ വിധിയെഴുതും. ശരിയായ സമയത്ത് ചികിത്സ തേടിയില്ലെങ്കിൽ വലിയ അപകടത്തിലേക്ക് നയിക്കുന്ന പ്രശ്നമാണിത്. ദീർഘനേരം കമ്പ്യൂട്ടർ സ്ക്രീനുകൾ ഉപയോഗിക്കുന്നത് കാഴ്ചയ്ക്ക് വെല്ലുവിളി സൃഷ്ടിക്കുന്നു. കണ്ണു വേദനയും തലവേദനയും കാഴ്ച മങ്ങുന്നതും കണ്ണരിച്ചിൽ അനുഭവപ്പെടുന്നതും കണ്ണിൽ ഉണ്ടാകുന്ന വരൾച്ചയും എല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. തുടർച്ചയായുള്ള സ്ക്രീൻ ഉപയോഗം കണ്ണിൻറെ പേശികൾക്ക് ക്ഷീണം നൽകുന്നു. കൂടാതെ നനവ് കുറയുകയും ചെയ്യുന്നു. ഇങ്ങനെയാണ് ഈ പ്രശ്നം ഉണ്ടാകുന്നത്. വളരെ ഗൗരവത്തോടുകൂടി കാണേണ്ട ഒന്നാണ് കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം.
ഇതിനുള്ള പരിഹാരം എന്തൊക്കെയാണെന്ന് നോക്കാം..
തുടർച്ചയായി ഒരേ ഇടത്തേക്കു തന്നെ നോക്കിയിരിക്കുന്നത് കണ്ണിന് ബുദ്ധിമുട്ടുണ്ടാക്കും.
ഇടയ്ക്കിടെ ദൃഷ്ടി മാറ്റുക. നല്ല വെളിച്ചമുള്ളിടത്തേക്കും പച്ചപ്പുള്ളിടത്തേക്കും നോക്കുക. ക്ഷീണം അനുഭവപ്പെടുമ്പോൾ ഇത് ആവർത്തിക്കണം.
സ്‌ക്രീനിലെ അക്ഷരങ്ങൾ തീരെ ചെറുതാവരുത്.
പേശികളുടെ ആയാസം കുറയ്ക്കാൻ ഇരിക്കുന്ന മുറിയുടെ പുറത്തേക്കു നോക്കി കാണുന്ന വസ്തുക്കളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇത് കണ്ണിന്റെ പേശികൾക്ക് വഴക്കം നൽകും.
കണ്ണിനാവശ്യമായ എല്ലാ വൈറ്റമിനുകളും അടങ്ങിയ ഭക്ഷണം കഴിക്കണം. ധാരാളം വെള്ളം കുടിക്കുക.
തുടർച്ചയായി സ്‌ക്രീനിൽ നോക്കിയിരിക്കരുത്. ഒരു മിനിറ്റിൽ 16 മുതൽ 20 തവണ വരെ കൺപോളകൾ ചിമ്മും. സ്‌ക്രീനിൽ തുടർച്ചയായി നോക്കിയിരിക്കുമ്പോൾ കണ്ണിമ ചിമ്മുന്നത് കുറയും. ഇത് കണ്ണുകൾ വരളാൻ കാരണമാകും.
ഉപകരണങ്ങൾ വെക്കുന്ന ഉയരം ശ്രദ്ധിക്കണം. കട്ടിലിൽ കിടന്നും കസേരയിൽ ചാരിക്കിടന്നും സ്‌ക്രീനിലേക്ക് നോക്കരുത്.
ഓരോ 20 മിനിറ്റിനിടയിലും 20 അടി പിറകോട്ടു മാറി 20 തവണ കണ്ണടച്ച് തുറക്കുക. കണ്ണിന്റെ ആയാസം കുറയ്ക്കാനാണിത്.
മുറിയിലെ വെളിച്ചം വളരെ പ്രധാനം. വെളിച്ചം കുറവുള്ള മുറി ഓൺലൈൻ പഠനത്തിന് തിരഞ്ഞെടുക്കരുത്. പിന്നിൽ നിന്നോ മുന്നിൽ നിന്നോ ഉള്ള വെളിച്ചം നല്ലതല്ല.
ഇരിപ്പിടത്തിന്റെ വശങ്ങളിൽനിന്ന് സ്‌ക്രീനിലേക്ക് വെളിച്ചം എത്തുന്നതാണ് ശരിയായ രീതി.
നാലു മുതൽ എട്ടു വയസ്സുവരെയുള്ള കുട്ടികൾക്ക് അര മണിക്കൂറും എട്ടു മുതൽ പത്തു വയസ്സു വരെയുള്ള കുട്ടികൾക്ക് ഒരു മണിക്കൂറുമാണ് ആരോഗ്യപ്രദമായ ഓൺസ്‌ക്രീൻ സമയം.
content highlight: computer-vision-syndrome