മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനത്തിനുള്ള സ്വരാജ് ട്രോഫി പുരസ്‌കാരം തുടര്‍ച്ചയായ മൂന്നാം വര്‍ഷവും തിരുവനന്തപുരം നഗരസഭ കരസ്ഥമാക്കി. 2023-24 വര്‍ഷത്തെ വിവിധ മേഖലകളിലെ പ്രവര്‍ത്തന മികവാണ് ഈ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. ഇക്കാലയളവിലെ പദ്ധതി നിര്‍വ്വഹണ പ്രവര്‍ത്തനങ്ങളിലെ മികച്ച മുന്നേറ്റം, സദ്ഭരണം, കൗണ്‍സിലിന്റെയും, സ്റ്റാന്റിംഗ് കമ്മിറ്റികളുടെയും ചിട്ടയായ പ്രവര്‍ത്തനം, സംരംഭകത്വം, വികസന-ആരോഗ്യ-ശുചിത്വ-ക്ഷേമ പ്രവര്‍ത്തനങ്ങള്‍, നികുതിവരുമാനത്തിലെ വര്‍ദ്ധന, കേന്ദ്ര-സംസ്ഥാനാവിഷ്‌കൃത പദ്ധതികളുടെ കൃത്യമായ നടത്തിപ്പ്, ഓണ്‍ലൈന്‍ സേവനരംഗത്തെ മികവ്, ലൈഫ് ഭവന പദ്ധതി പ്രവര്‍ത്തനം, സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ പ്രവര്‍ത്തനം, പാലിയേറ്റീവ് കെയര്‍, ശുചീകരണ പ്രവര്‍ത്തനം/ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനം, അങ്കണവാടികളുടെയും സാമൂഹ്യ സുരക്ഷാരംഗങ്ങളിലെയും മികവ്, വനിതാ ശിശുക്ഷേമ വികസനം, പട്ടികജാതി വികസനം എന്നീ വിവിധ മേഖലകളിലെ പ്രവര്‍ത്തനം വിലയിരുത്തിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചിട്ടുള്ളത്.
കൂടാതെ സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട് നിരവധിയായ പ്രവര്‍ത്തനങ്ങളാണ് ഇക്കാലയളവില്‍ നടത്തിയിട്ടുള്ളത്. നഗരത്തിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ സോളാര്‍ റൂഫ് സ്ഥാപിക്കുകയും തന്മൂലം 17000 കിലോവാട്ട് വൈദ്യുതി ലാഭിക്കാന്‍ കഴിയും. സിറ്റി സര്‍വ്വീസ് നടത്തുന്നതിനായി 115 ഇലക്ട്രിക് ബസുകള്‍ കെ എസ് ആര്‍ ടി സി യ്ക്ക് അനുവദിച്ചു. 100 ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ ബി പി എല്‍ കുടുംബങ്ങള്‍ക്ക് നല്‍കി. 2000 ത്തിലധികം സോളാര്‍ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു. നഗരത്തിലെ സ്ട്രീറ്റ് ലൈറ്റുകള്‍ പൂര്‍ണമായി എല്‍ ഇ ഡി ആക്കുന്ന പ്രവൃത്തി പൂര്‍ത്തീകരണഘട്ടത്തിലാണ്. കരമന-കളിയിക്കവിള ദേശീയപാതയില്‍ കരമന മുതല്‍ പ്രാവച്ചമ്പലം വരെയുള്ള 1-ാം റീച്ചില്‍ എല്‍ ഇ ഡി സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു. കൂടാതെ മികച്ച സെപ്‌റ്റേജ് മാലിന്യ ശേഖരണ സംസ്‌കരണ സംവിധാനം, മികച്ച ടാങ്കറിലൂടെയുള്ള കുടിവെള്ള വിതരണം, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടറുകള്‍, വീല്‍ ചെയറുകള്‍, ഹിയറിംഗ് എയ്ഡുകള്‍, വിദ്യാര്‍ത്ഥികള്‍ക്ക് ലാപ് ടോപ്പ്, പഠനമുറികള്‍, മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് മത്സ്യബന്ധനോപകരണങ്ങള്‍, വയോജനങ്ങളുടെ സേവനത്തിനായി വിവിധ പദ്ധതികള്‍, ഗുരുതരമായ രോഗം ബാധിച്ചവരുടെ ചികിത്സയ്ക്കാവശ്യമായ പദ്ധതികള്‍, പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍, വയോമിത്രം പദ്ധതി, സായഹ്നം, സാക്ഷാത്കാരം, സാന്ത്വനം എന്നിങ്ങനെ മൂന്ന് കേന്ദ്രങ്ങളിലായി വയോജനങ്ങളെ സംരക്ഷിച്ചു വരുന്നതുള്‍പ്പടെ നിരവധി പ്രവര്‍ത്തനങ്ങളാണ് നഗരസഭ നടത്തി വരുന്നത്.
ഈ പുരസ്‌കാരങ്ങള്‍ നഗരജനതയ്ക്ക് സമര്‍പ്പിക്കുന്നുവെന്നും നഗരസഭയുടെ ഉത്തരവാദിത്വം കൂടുകയാണെന്നും ആ ഉത്തരവാദിത്വം നിറവേറ്റുമെന്ന് ഈ അവസരത്തില്‍ ഉറപ്പ് നല്‍കുന്നുവെന്നും മേയര്‍ അഭിപ്രായപ്പെട്ടു. സ്വരാജ് ട്രോഫി പുരസ്‌കാര വിജയത്തിന് വേണ്ടി പ്രയത്‌നിച്ച ഡെപ്യൂട്ടി മേയര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍,ചെയര്‍പേഴ്‌സന്‍മാര്‍, കൗണ്‍സിലര്‍മാര്‍, സെക്രട്ടറി, മറ്റ് ജീവനക്കാര്‍ തുടങ്ങി എല്ലാപേര്‍ക്കും മേയര്‍ നന്ദി അറിയിച്ചു.