Health

മൂലക്കുരുവിന് കാരണമാകുന്ന ഭക്ഷണം ? | hemorrhoids-reasons-treatment

പണ്ടൊക്കെ ആനപ്പുറത്തോ കുതിരപ്പുറത്തോ ഇരിക്കുന്നവർക്കായിരുന്നു മൂലക്കുരു കൂടുതലായി വരാറ്

കളിയാക്കലുകൾ കാരണം മറച്ചുവയ്ക്കുന്ന രോഗാവസ്ഥയാണ് പൈൽസ് അഥവാ മൂലക്കുരു. മലവിസര്‍ജന സമയത്തുണ്ടാകുന്ന വേദനയില്ലാത്ത രക്തസ്രാവം, മലദ്വാരത്തിന് ചുറ്റും അനുഭവപ്പെടുന്ന ചൊറിച്ചിലും അസ്വസ്ഥതയും, മലമൂത്ര വിസര്‍ജന സമയത്തും അതിന് ശേഷവും അനുഭവപ്പെടുന്ന അസ്വസ്ഥതകള്‍ എന്നിവയാണ് പൈല്‍സിന്‍റെ പ്രധാന ലക്ഷണങ്ങള്‍. പതിവായി മലബന്ധവും വയറിളക്കവും ഉള്ളവര്‍, മലവിസര്‍ജനത്തിന് വേണ്ടി കൂടുതല്‍ സമയം ചെലവഴിക്കുന്നവര്‍, അമിത ഭാരമുള്ളര്‍, അധിക നേരം ഇരിക്കുന്ന ആളുകള്‍, വെയിറ്റ് ലിഫ്‌റ്റിങ് ഉള്‍പ്പടെ കഠിനമായ രീതിയിലുള്ള വ്യായാമം ചെയ്യുന്നവര്‍, എന്നിങ്ങനെയുള്ളവര്‍ക്ക് പൈല്‍സ് വരാനുള്ള സാധ്യത കൂടുതലാണ്.

മൂലക്കുരു തന്നെ രണ്ടു തരമുണ്ട്– ഒന്ന് രക്തം പൊട്ടി ഒലിക്കുന്നത്. രണ്ട് രക്തം പൊട്ടി ഒലിക്കാതെ ഉണങ്ങി നിൽക്കുന്നത്. ആദ്യത്തേതിനു രക്തം പോകുമെങ്കിലും വേദന ഉണ്ടാകില്ല. രണ്ടാമത്തേതിനു വേദന കൂടും. കഞ്ഞിയിൽ ചെറിയ തോതിൽ നെയ്യ് ചേർത്തു കഴിച്ചാൽ ചെറിയൊരു ആശ്വാസം കിട്ടും. മലത്തെ പുറത്തേക്കു തള്ളിക്കളയുന്നതിനു സഹായിക്കുന്നത് മലദ്വാരത്തിനു ചുറ്റുമുള്ള മാംസപേശികളാണ്. ഈ പേശികളുടെ ഉൾഭാഗത്ത് രണ്ടിഞ്ചോളം ഉള്ളിലായി മൂന്നു മാംസ പേശികളുണ്ട്. വാൽവ് പോലെയുള്ള ഇവ വികസിക്കുകയും ചുരുങ്ങുകയും ചെയ്താലേ കാര്യം നടക്കൂ.

തെറ്റായ ഭക്ഷണക്രമം, അമിതമായ ചൂട്, മദ്യസേവ, ഉണക്കിയ മത്സ്യ മാംസാദികളുടെ ഉപയോഗം, എരിവും പുളിയും ഉപ്പും ചേർത്തുള്ള ഭക്ഷണം എന്നിവ കൊണ്ടുള്ള ചൂടു കാരണം വാൽവ് പോലുള്ള ഈ മാംസപേശികൾ പൊള്ളയ്ക്കും. പണ്ടൊക്കെ ആനപ്പുറത്തോ കുതിരപ്പുറത്തോ ഇരിക്കുന്നവർക്കായിരുന്നു മൂലക്കുരു കൂടുതലായി വരാറ്. ഇപ്പോൾ ബൈക്ക് യാത്രയിൽ ചൂടുള്ള സീറ്റിലിരുന്നും ജോലി സ്ഥലങ്ങളിൽ കുഷനിടാത്ത സീറ്റുകളിലിരുന്നും മൂലക്കുരു ക്ഷണിച്ചു വരുത്തുന്നവരുണ്ട്. ചിലർ അമിത വൃത്തിക്കായി മലവിസർജനത്തിനു ശേഷം ലോഷനോ മറ്റോ കൊണ്ടു മലദ്വാരം വരെ കഴുകും. അതും മൂലക്കുരുവിനു കാരണമാകാറുണ്ട്.

കഴിയുന്നതും കോഴിമുട്ട, കോഴിയിറച്ചി, ബീഫ് എന്നിവ ഒഴിവാക്കുക. നന്നായി വെള്ളം കുടിക്കുക. വെണ്ടയ്ക്കയും വഴുതനങ്ങയും പോലുള്ള വഴുവഴുപ്പൻ പച്ചക്കറികൾ കഴിക്കുക. ഇലക്കറികൾ നന്നായി കൂട്ടുക. പച്ചപ്പയർ, ചേനത്തണ്ട്, ചേമ്പിൻ തണ്ട്, പൈനാപ്പിൾ ഒഴികെയുള്ള പഴങ്ങൾ എന്നിവ കഴിക്കുക. കൂട്ടത്തിൽ പറയട്ടെ. ചേനയാണ് ഏറ്റവും ബെസ്റ്റ്. മോരും വളരെ നല്ലതാണ്. ഒപ്പം ചുവന്നുള്ളി അരച്ചു ചേർത്ത് കുടിക്കുന്നതും (ഒരു ഗ്ലാസ് കട്ടി കുറഞ്ഞ മോരിൽ അഞ്ചു ചുവന്നുള്ളി രാവിലെ 11 നും ഉച്ചകഴിഞ്ഞ് 3.30 നും കുടിക്കാം.) താരതമ്യേന പരന്ന പാത്രത്തിൽ ഇളം ചൂടുവെള്ളം ഒഴിച്ചശേഷം അതിൽ ഇരുന്നാലും മൂലക്കുരു വേദനയ്ക്ക് ആശ്വാസമാകും.

content highlight: hemorrhoids-reasons-treatment.