ചൈനീസ് കമ്പനിയായ ഡീപ്‌സീക്കിന്റെ എഐ ചാറ്റ്‌ബോട്ട് ഡൗണ്‍ലോഡ് ചെയ്യുന്നത് ദക്ഷിണ കൊറിയ നിരോധിച്ചു. രാജ്യത്തിന്റെ വ്യക്തിഗത ഡാറ്റ സംരക്ഷണ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ‘മെച്ചപ്പെടുത്തലുകളും നടപടികളും’ വരുത്തിയ ശേഷം ദക്ഷിണ കൊറിയക്കാര്‍ക്ക് എഐ മോഡല്‍ ലഭ്യമാകുമെന്ന് സര്‍ക്കാര്‍ ഏജന്‍സി അറിയിച്ചു.
ഈ ആഴ്ച വാര്‍ത്തകളില്‍ പ്രത്യക്ഷപ്പെട്ടതിന് ശേഷം ഡീപ്‌സീക്ക് ദക്ഷിണ കൊറിയയില്‍ വളരെ പ്രചാരം ലഭിച്ചു. ദശലക്ഷക്കണക്കിന് ആളുകള്‍ ഇത് ആപ്പ് സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, ഡീപ്‌സീക്ക് ജനപ്രീതി വര്‍ദ്ധിച്ചതോടെ, പല രാജ്യങ്ങളിലും ഇത് സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്. ഇതില്‍, സ്വകാര്യതയും ദേശീയ സുരക്ഷാ ആശങ്കകളും ചൂണ്ടിക്കാട്ടി പലയിടത്തും ഈ ആപ്പ് നിരോധിക്കപ്പെടുന്നു. ദക്ഷിണ കൊറിയയില്‍ ഇതിനകം ആപ്പ് ഡൗണ്‍ലോഡ് ചെയ്തവര്‍ക്ക് അവരുടെ ഫോണില്‍ നിന്നോ ഡീപ്‌സീക്ക് വെബ്സൈറ്റ് സന്ദര്‍ശിച്ചോ ഇത് ഉപയോഗിക്കാന്‍ കഴിയും.
ചൈനീസ് കമ്പനിയായ ഡീപ്‌സീക്കിന്റെ എഐ ചാറ്റ്‌ബോട്ട് ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ജനുവരി 20-ന് ആരംഭിച്ച ഡീപ്‌സീക്ക്, അമേരിക്കയുടെ ചാറ്റ്ജിപിടിയെ നേരിട്ട് വെല്ലുവിളിക്കുന്നു. ഡീപ്‌സീക്ക് ആപ്പ് സൗജന്യമായതിനാല്‍, ആപ്പിള്‍ സ്റ്റോറിലും ഗൂഗിള്‍ പ്ലേ സ്റ്റോറിലും ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ എണ്ണം കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ കുതിച്ചുയര്‍ന്നിരുന്നു. കുറഞ്ഞ പണം കൊണ്ട് നിര്‍മ്മിക്കപ്പെട്ടിട്ടും, ഈ ആപ്പും കമ്പനിയും അമേരിക്കന്‍ കമ്പനികളെ വെല്ലുവിളിക്കുന്നതില്‍ എങ്ങനെ വിജയിച്ചു എന്നതും ആളുകളെ അത്ഭുതപ്പെടുത്തിയിരുന്നു.
തെക്കുകിഴക്കന്‍ ചൈനീസ് നഗരമായ ഹാങ്ഷൗവില്‍ ആസ്ഥാനമായുള്ള ഒരു ചൈനീസ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയാണ് ഡീപ്സീക്ക്. 2023 ജൂലൈയിലാണ് കമ്പനി ആരംഭിച്ചത്, എന്നാല്‍ മൊബൈല്‍ ആപ്പ് മാര്‍ക്കറ്റ് ഇന്റലിജന്‍സ് പ്ലാറ്റ്ഫോമായ സെന്‍സര്‍ ടവര്‍ പ്രകാരം, അതിന്റെ ജനപ്രിയ എഐ അസിസ്റ്റന്റ് ആപ്പ് ജനുവരി 10 വരെ യുഎസില്‍ പുറത്തിറങ്ങിയിരുന്നില്ല. ചാറ്റ്ജിപ്പിടിയും ഡീപ്‌സീക്കും രണ്ടും എഐ പവര്‍ഡ് ചാറ്റ്‌ബോട്ടുകളാണ്. ഇവ രണ്ടും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസം സബ്സ്‌ക്രിപ്ഷന്‍ വിലയാണ്. ChatGPT, DeepSeek എന്നിവ ഉപയോക്താക്കള്‍ക്ക് സൗജന്യമായി ഉപയോഗിക്കാം. എന്നിരുന്നാലും, അവരുടെ പ്രീമിയം സേവനത്തിനും മികച്ച അനുഭവത്തിനും, സബ്സ്‌ക്രിപ്ഷന്‍ എടുക്കേണ്ടത് ആവശ്യമാണ്. ChatGPT സബ്സ്‌ക്രിപ്ഷന് പ്രതിമാസം US$20 ചിലവാകും. ഡീപ്‌സീക്കിന്റെ പ്രീമിയം സേവനം പ്രതിമാസം വെറും 0.50 യുഎസ് ഡോളറിന് ലഭ്യമാണ്.