ലോകത്തു 30 കോടിയിലധികം തടാകങ്ങളുണ്ടെന്നാണു കണക്ക്. ചെറുതും വലുതുമായവ അക്കൂട്ടത്തിലുണ്ട്. നിലവിൽ ലോകത്തെ ഏറ്റവും വലിയ തടാകം യൂറോപ്പിലും ഏഷ്യയിലുമായുള്ള കാസ്പിയൻ കടലാണ്. എന്നാൽ ലോകത്ത് വമ്പൻ തടാകങ്ങൾ ഉണ്ടായിട്ടുണ്ട്. മെഗാലേക്കുകൾ എന്ന് വിദഗ്ധർ അവയെ വിശേഷിപ്പിക്കുന്നു. ഇത്തരത്തിലുള്ള ഏറ്റവും വലിയ മെഗാലേക്കിന്റെ പേര് പാരെറ്റെത്തിസ് എന്നായിരുന്നു. 1.2 കോടി വർഷം മുൻപാണ് ഇതു ഭൂമിയിൽ സ്ഥിതി ചെയ്തത്. യൂറോപ്പിലെ ആൽപ്സ് പർവതനിര മുതൽ മധ്യേഷ്യയിലെ കസഖ്സ്ഥാൻ വരെ പരന്നുകിടന്ന തടാകമായിരുന്നു അത്.
ഇന്നത്തെ കാലത്തെ മെഡിറ്ററേനിയൻ കടലിനെക്കാൾ വ്യാപ്തിയുള്ളതായിരുന്നു പാരെറ്റെത്തിസ്. 50 ലക്ഷം വർഷങ്ങളോളം ഈ തടാകം സ്ഥിതി ചെയ്തു. എന്നാൽ പിന്നീട് കാലാവസ്ഥാ മാറ്റവും ഭൗമപ്ലേറ്റുകളുടെ ചലനങ്ങളും കാരണം തടാകം പലയിടങ്ങളിലായി വറ്റി. ഇന്ന് മേഖലയിലുള്ള കരിങ്കടൽ, കാസ്പിയൻ കടൽ, ആരൽ കടൽ എന്നിവ പാരെറ്റെത്തിസിന്റെ ബാക്കിപത്രമാണ്. വളരെ അപൂർവമായ ജീവജാലങ്ങളാലും സമ്പന്നമായിരുന്നു പാരെറ്റെത്തിസ്. 3 മീറ്റർ മാത്രം നീളമുള്ള ബലീൻ തിമിംഗലങ്ങൾ ഇവിടെയുണ്ടായിരുന്നു. സഹാറ മരുഭൂമിയിലും വമ്പൻ മെഗാതടാകം സ്ഥിതി ചെയ്തിരുന്നു. ചരിത്രാതീത കാലത്തു നിലനിന്നിരുന്ന അഗാസിസ് എന്ന തടാകവും മെഗാലേക്ക് എന്നു പറയാവുന്ന വമ്പൻ തടാകമായിരുന്നു. യുഎസിലും കാനഡയിലുമായാണ് ഈ വമ്പൻ തടാകം സ്ഥിതി ചെയ്തത്. കാസ്പിയൻ കടലിനേക്കാൾ വിസ്തീർണമുള്ളതായിരുന്നു അഗാസിസ്. കാനഡയിലെ പ്രശസ്തമായ മാനിട്ടോബ തടാകം ഇന്നത്തെ ഇതിന്റെ അവശേഷിപ്പാണ്.
കാനഡയിലെ അഞ്ചാമത്തെ വലിയ പ്രവിശ്യയായ മാനിട്ടോബയിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ഒണ്ടാരിയോയുമായി അതിർത്തി പങ്കിടുന്ന ഈ പ്രവിശ്യയിൽ വലിയ ജൈവ, പ്രകൃതി വൈവിധ്യങ്ങളുണ്ട്. മാനിട്ടോബ തടാകം ലോകത്തിൽ ഏറ്റവും വലുപ്പമുള്ള 33ാമത്തെ തടാകമാണ്. കാനഡയിലെ ഏറ്റവും വലിയ പതിനാലാമത്തേതും. വലിയ ഒരു മത്സ്യവ്യവസായം ഈ തടാകവുമായി ബന്ധപ്പെട്ട് ഇവിടെ നിലനിൽക്കുന്നുണ്ട്. വാട്ടർഹെൻ, വൈറ്റ്മഡ് എന്നീ നദികളിൽ നിന്നുള്ള ജലമാണ് മാനിട്ടോബ തടാകത്തിന്റെ പ്രധാന സ്രോതസ്സ്. 1738ൽ ലീ വെറൻഡ്രൈ എന്ന ഫ്രഞ്ച് കച്ചവടക്കാരനാണ് മാനിട്ടോബ തടാകം കണ്ടെത്തിയത്. യൂറോപ്യൻമാർ കാനഡയിൽ ആധിപത്യം നേടിയ ശേഷം ഈ തടാകത്തിന്റെ കരകൾ വലിയ കച്ചവട കേന്ദ്രങ്ങളായി പ്രവർത്തിച്ചിരുന്നു.
STORY HIGHLIGHTS: worlds-largest-megalake-paratethys