ഭൂമിക്ക് ഭീഷണിയായി പുതുതായി കണ്ടെത്തിയ 2024 വൈആര്‍4 ഛിന്നഗ്രഹം (2024 YR4) ശാസ്ത്രജ്ഞർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. 2032-ൽ ഈ ഛിന്നഗ്രഹം ഭൂമിയിൽ പതിക്കാൻ രണ്ട് ശതമാനത്തിലധികം സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞർ ഇപ്പോള്‍ കണക്കാക്കുന്നു. അതായത് വൈആര്‍4 ഛിന്നഗ്രഹം സുരക്ഷിതമായി നമ്മെ കടന്നുപോകാൻ നിലവില്‍ 98 ശതമാനം സാധ്യതയുമുണ്ട്. ഗവേഷകർ കൂടുതൽ ഡാറ്റ ശേഖരിക്കുകയും അതിന്‍റെ സഞ്ചാരപാത പരിഷ്‍കരിക്കുകയും ചെയ്യുമ്പോൾ, ഈ സാധ്യതകൾ ഇനിയും കൂടാനും കുറയാനും വഴിവെച്ചേക്കും. ചിലപ്പോൾ ഈ അപകടസാധ്യത പൂജ്യത്തിലേക്ക് താഴുമെന്നും പല വിദഗ്ധരും വിശ്വസിക്കുന്നു. നിലവില്‍ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 2024 വൈആര്‍4 ഛിന്നഗ്രഹം പതിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളെ നാസ കണക്കാക്കിയിട്ടുണ്ട്.
‘റിസ്‍ക് കോറിഡോർ’ എന്നറിയപ്പെടുന്ന ഈ പാതയിൽ ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളിലെ ജനസാന്ദ്രതയുള്ള പ്രദേശങ്ങള്‍ ഉൾക്കൊള്ളുന്നു. നാസയുടെ കാറ്റലീന സ്കൈ സർവേ പ്രോജക്റ്റിലെ എഞ്ചിനീയറായ ഡേവിഡ് റാങ്കിൻ ഉൾപ്പെടെയുള്ള വിദഗ്ധർ, ഈ ഛിന്നഗ്രഹത്തിന്‍റെ നിലവിലെ പാതയെ അടിസ്ഥാനമാക്കി 2024 YR4-നുള്ള ഒരു റിസ്‍ക് കോറിഡോർ രൂപപ്പെടുത്തി. തെക്കേ അമേരിക്കയുടെ വടക്കൻ ഭാഗങ്ങൾ, പസഫിക് സമുദ്രം, ദക്ഷിണേഷ്യ, അറേബ്യൻ കടൽ, ആഫ്രിക്കയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഈ ആഘാത മേഖല വ്യാപിച്ചുകിടക്കുന്നു. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, എത്യോപ്യ, സുഡാൻ, നൈജീരിയ, വെനിസ്വേല, കൊളംബിയ, ഇക്വഡോർ എന്നിവ ബാധിക്കപ്പെടാവുന്ന രാജ്യങ്ങളാണ്. എങ്കിലും ശാസ്ത്രജ്ഞർ കൂടുതൽ ഡാറ്റ ശേഖരിക്കുമ്പോൾ ഇന്ത്യക്ക് അടക്കമുള്ള ഭീഷണി സാധ്യതകള്‍ മാറിയേക്കാം.
“കൂട്ടിയിടിയുടെ സാധ്യത വളരെ കുറവാണെങ്കിലും, 2024 വൈആര്‍4 ഛിന്നഗ്രഹം ഭൂമിയിൽ പതിച്ചാൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ നമുക്ക് അവഗണിക്കാനാവില്ല,” റാങ്കിൻ അഭിപ്രായപ്പെട്ടു. 2024 ഡിസംബറിൽ കണ്ടെത്തിയ 2024 YR4 എന്ന ഛിന്നഗ്രഹം നാസയിലെയും യൂറോപ്യൻ ബഹിരാകാശ ഏജൻസിയിലെയും (ESA) ശാസ്ത്രജ്ഞരുടെ പ്രധാന ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുന്നു. പ്രാരംഭ പ്രവചനങ്ങൾ കൂട്ടിയിടിയുടെ സാധ്യത ഒരു ശതമാനം മാത്രമായാണ് കണക്കാക്കിയിരുന്നത്. എന്നാൽ സമീപകാല കണക്കുകൂട്ടലുകൾ കൂട്ടിയിടി സാധ്യത 2.3 ശതമാനത്തിലേക്ക് ഉയര്‍ത്തി. എങ്കിലും, ഛിന്നഗ്രഹത്തിന്‍റെ വലുപ്പത്തെയും വേഗതയെയും കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോഴും അജ്ഞാതമായി തുടരുന്നുവെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
2024 വൈആര്‍4ന്‍റെ ആഘാതം അതിന്‍റെ വലിപ്പം, വേഗത, ഘടന തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഭൂമിയിൽ നിന്നുള്ള നിലവിലെ ദൂരം കാരണം ഇവയെല്ലാം ഇപ്പോഴും അജ്ഞാതമാണ്. ഇക്കാരണത്താൽ, ആഘാതത്തിന്‍റെ അനന്തരഫലങ്ങളെക്കുറിച്ചുള്ള പ്രവചനങ്ങളെല്ലാം ഈ ഘട്ടത്തിൽ ഏകദേശ കണക്കുകളായി മാത്രം തുടരുന്നു. എങ്കിലും 2024 YR4 ഭൂമിയിൽ പതിച്ചാൽ, അത് നേരിട്ടുള്ള ആഘാതത്തിന് പകരം ഒരു വലിയ വായു സ്ഫോടനത്തിനോ വായുവിൽ നടക്കുന്ന സ്ഫോടനത്തിനോ കാരണമാകുമെന്ന് ജ്യോതിശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത് 2024 വൈആര്‍4 ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിച്ചാൽ, സ്ഫോടനം 15 മെഗാടൺ TNT-ക്ക് തുല്യം ശേഷിയുള്ളതായിരിക്കും എന്നാണ്. അതായത് ഹിരോഷിമ അണുബോംബിനേക്കാൾ 100 മടങ്ങ് കൂടുതൽ ശക്തി ഉണ്ടായിരിക്കും ഈ സ്‍ഫോടനത്തിന്.
2024 ഡിസംബറിൽ നാസയുടെ ആസ്റ്റ്‌റോയ്‌ഡ് ടെറസ്ട്രിയൽ-ഇംപാക്ട് ലാസ്റ്റ് അലേർട്ട് സിസ്റ്റം കണ്ടെത്തിയ 2024 വൈആര്‍4 ഛിന്നഗ്രഹം നിലവിൽ ഏജൻസിയുടെ ഛിന്നഗ്രഹ നിരീക്ഷണ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. മാർച്ചിൽ 2024 വൈആര്‍4 കാഴ്ചയിൽ നിന്ന് വളരെ ദൂരേക്ക് നീങ്ങുന്നതിന് മുമ്പ് നാസയും യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ജെയിംസ് വെബ് ബഹിരാകാശ ടെലിസ്കോപ്പ് (JWST)ഉപയോഗിച്ച് ഇതിനെ പരിശോധിക്കാൻ പദ്ധതിയിടുന്നു. അത് അപ്രത്യക്ഷമായിക്കഴിഞ്ഞാൽ, അതിന്‍റെ പാത ട്രാക്ക് ചെയ്യാനും അത് യഥാർത്ഥ അപകടമുണ്ടാക്കുന്നുണ്ടോ എന്നതിന്റെ വ്യക്തമായ ചിത്രം ലഭിക്കാനുമുള്ള മറ്റൊരു അവസരത്തിനായി ജ്യോതിശാസ്ത്രജ്ഞർക്ക് 2028 വരെ കാത്തിരിക്കേണ്ടിവരും.
STORY HIGHLIGHT: including-india-these-places-under-risk-corridor-for-city-killer-2024-yr4-asteroid