Kerala

ക്രൂരമായി മര്‍ദ്ദിച്ചു, കുടിക്കാൻ തുപ്പിയ വെള്ളം നൽകി; കാര്യവട്ടം ഗവ. കോളേജിലും റാഗിങ് പരാതി – ragging complaint at kariavattom govt college

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റാഗിങ്ങിന് കേസെടുക്കുമെന്ന് കഴക്കൂട്ടം പോലീസ് അറിയിച്ചു

കാര്യവട്ടം ഗവ. കോളേജില്‍ റാഗിങ് നടന്നതായി വിദ്യാര്‍ഥിയുടെ പരാതി. ബയോടെക്‌നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ഥി ബിന്‍സ് ജോസാണ് പ്രിന്‍സിപ്പലിനും കഴക്കൂട്ടം പോലീസിലും പരാതി നല്‍കിയിരിക്കുന്നത്. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ ഏഴുപേര്‍ക്കെതിരെയാണ് പരാതി. സീനിയര്‍ വിദ്യാര്‍ഥികളായ വേലു, പ്രിന്‍സ്, അനന്തന്‍, പാര്‍ത്ഥന്‍, അലന്‍, ശ്രാവണ്‍, സല്‍മാന്‍ തുടങ്ങി ഏഴ് പേരാണ് റാഗിങ് നടത്തിയത്. സംഭവത്തില്‍ അന്വേഷണം നടത്തിയ ആന്റി -റാഗിങ് കമ്മിറ്റിയാണ് റാഗിങ് നടന്നതായി സ്ഥിരീകരിച്ചു.

കഴിഞ്ഞ 11-ാം തീയതി സീനിയര്‍ ജൂനിയര്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ അടിപിടി നടന്നിരുന്നു. ബിന്‍സ് ജോസിന്റെ സുഹൃത്തായ അഭിഷേകിന് സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റു. ഇരുകൂട്ടരുടെയും പരാതിയില്‍ അന്ന് കഴക്കൂട്ടം പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. അഭിഷേകിനെ അന്വേഷിച്ചെത്തിയ സീനിയര്‍ വിദ്യാര്‍ഥികള്‍ ബിന്‍സിനെ പിടിച്ചു കൊണ്ടു യൂണിറ്റ് റൂമില്‍ കൊണ്ടുപോയി സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് പരാതി.

ഷര്‍ട്ട് വലിച്ചു കീറി മുട്ടുകാലില്‍ നിർത്തി മുതുകിലും ചെകിടത്തും അടിച്ചു. തറയില്‍ വീണ ബിന്‍സിനെ വീണ്ടും മര്‍ദ്ദിച്ചു. വെള്ളം ചോദിച്ചപ്പോള്‍ തുപ്പിയ ശേഷം കുപ്പിവെള്ളം നല്‍കിയതായും ബിന്‍സ് പറഞ്ഞു. ഇതിന് പിന്നാലെയാണ് ബിന്‍സ് കഴക്കൂട്ടം പോലീസിലും പ്രിന്‍സിപ്പലിനും പരാതി നല്‍കിയത്. സി.സി.ടി.വി. ദൃശ്യങ്ങളും സാക്ഷിമൊഴികളും പരിശോധിച്ചാണ് സമിതി റാഗിങ് നടന്നതായി കണ്ടെത്തിയത്. കമ്മിറ്റിയുടെ കണ്ടെത്തലില്‍ പ്രിന്‍സിപ്പല്‍ കഴക്കൂട്ടം പോലീസിന് റിപ്പോര്‍ട്ട് നല്‍കി. പ്രിന്‍സിപ്പലിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റാഗിങ്ങിന് കേസെടുക്കുമെന്ന് കഴക്കൂട്ടം പോലീസ് അറിയിച്ചു.

STORY HIGHLIGHT: ragging complaint at kariavattom govt college