തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലയിലെ പോസ്റ്റ് മുക്കിയ ശശി തരൂരിന്‍റെ നടപടി തെറ്റായ വ്യാഖ്യാനങ്ങൾക്ക് ഇടവരുത്തുമെന്ന് സംസ്ഥാന നേതാക്കൾ. ലേഖന വിഷയത്തിൽ കെപിസിസി അധ്യക്ഷൻ സംസാരിച്ചതിനു ശേഷം വീണ്ടും വിവാദങ്ങൾ സൃഷ്ടിക്കുന്ന തരൂരിന്‍റെ രീതി അംഗീകരിക്കാൻ ആവില്ലെന്നാണ് പ്രമുഖ നേതാക്കളുടെ എല്ലാം നിലപാട്. ഇനിയെല്ലാം ഹൈക്കമാൻഡ് തീരുമാനിക്കട്ടെ എന്നതാണ് കേരള നേതാക്കളുടെ സമീപനം. തരൂരിന്‍റെ ലേഖനം സൃഷ്ടിച്ച പൊല്ലാപ്പ് പരിഹരിക്കാൻ നെട്ടോട്ടമോടുമ്പോഴാണ് അടുത്ത അടി കൂടി നേതൃത്വത്തിന് കിട്ടിയത്. സിപിഎമ്മിനെ നരഭോജിയായി വിശേഷിപ്പിക്കുന്ന കെപിസിസി തയ്യാറാക്കിയ പോസ്റ്റർ ഷെയർ ചെയ്ത ശേഷം തരൂർ പിൻവലിച്ചത് ആദ്യം നേതാക്കളെ അമ്പരപ്പിച്ചു.
ലേഖന വിഷയത്തിൽ പാർട്ടി നിലപാടിനൊപ്പം നിൽക്കണമെന്ന് കെ. സുധാകരൻ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടതിനുശേഷം ആയിരുന്നു തരൂരിന്‍റെ അപ്രതീക്ഷിത നീക്കം. ഇതോടെ തരൂർ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയാണ് എന്ന വിലയിരുത്തലിലേക്ക് പ്രധാനപ്പെട്ട നേതാക്കൾ മാറി. അതിനാൽ ഇനി തരൂരുമായി സമവായ ചർച്ചകൾക്ക് പ്രസക്തി ഇല്ലെന്നാണ് ഒരു വിഭാഗത്തിന്‍റെ നിലപാട്. ഹൈക്കമാൻഡ് തന്നെ തീരുമാനമെടുക്കട്ടെ എന്നാണ് ഇവരുടെ വാദം. പ്രവർത്തകരുടെ വികാരത്തെ പോലും മാനിക്കാത്ത രീതി തരൂർ സ്വീകരിച്ചുവെന്ന പരാതി ഒരു വിഭാഗം ഹൈക്കമാൻഡിന് മുന്നിൽ വെക്കും.
സിപിഎമ്മിനെ രാഷ്ട്രീയമായി പ്രതിരോധിക്കുന്നതിനൊപ്പം സ്വന്തം പാർട്ടിയുടെ പ്രവർത്തകസമിതി അംഗത്തിനും മറുപടി നൽകേണ്ടി വരുന്നത് നേതൃത്വത്തെ വെട്ടിലാക്കുന്നുണ്ട്. തരൂരിനെതിരെ പ്രവർത്തകരുടെ ഭാഗത്തുനിന്ന് പ്രതിഷേധം ഉണ്ടായാലും തൽക്കാലം നേതൃത്വം മൗനം പാലിച്ചേക്കും. തരൂരിന്‍റെ ഓഫീസിനു മുന്നിൽ കെഎസ്‌യു പ്രവർത്തകർ പോസ്റ്റർ പതിച്ചതും ചില നേതാക്കളുടെ അറിവോടെ ആണെന്നാണ് സൂചന. ലേഖനം സിപിഎമ്മിന് രാഷ്ട്രീയം ആയുധം ആയതുപോലെ നരഭോജി പരാമർശം പിൻവലിച്ച തരൂരിന്‍റെ നടപടിയും സിപിഎം ഉപയോഗപ്പെടുത്തുമെന്നും നേതാക്കൾക്ക് ആശങ്കയുണ്ട്.