കൊച്ചി: പാതിവില തട്ടിപ്പ് കേസിൽ പ്രതി അനന്തു കൃഷ്ണനെ ക്രൈംബ്രാഞ്ച് ഇന്ന് കൊച്ചിയിലെത്തിച്ചു തെളിവെടുക്കും. കൊച്ചിയിലെ അനന്തുവിന്‍റെ വിവിധ ഓഫീസുകളിലും ഫ്ലാറ്റിലും എത്തിച്ചാണ് തെളിവെടുക്കുക. രണ്ട് ദിവസത്തേക്കാണ് അനന്തു കൃഷ്ണനെ കോടതി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. അനന്തുവിനെ അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്യും. അതിനിടെ അനന്തുവിന്റെ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള റെയ്ഡ് തുടരുകയാണ്.
അതേസമയം ഓഫർ തട്ടിപ്പ് കേസിൽ പ്രതി ചേർക്കപെട്ട സായ് ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം കോടതി വാദം കേട്ടിരുന്നു. തട്ടിപ്പിൽ ആനന്ദകുമാറിന് പങ്കുണ്ടെന്ന റിപ്പോർട്ടും പൊലീസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. അറസ്റ്റ് ഭയന്ന് ആനന്ദകുമാർ ഒരാഴ്ചയിൽ അധികമായി ഒളിവിലാണ്. എൻജിഒ കോൺഫഡറേഷൻ്റെ ചെയർമാൻ ആയിരുന്ന ആനന്ദകുമാർ പണം തട്ടിയെടുത്തു, വഞ്ചിച്ചു എന്നതടക്കമുഉള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.