തിരുവനതപുരം: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തമേഖലയുടെ പുനരധിവാസത്തില്‍ കേന്ദ്രം നല്‍കിയ വായ്പാ തുക വകുപ്പുകള്‍ക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനം. ഡെപ്പോസിറ്റ് സ്‌കീം പ്രകാരം കേന്ദ്ര വായ്പ വിനിയോഗിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇതോടെ പുനരധിവാസം വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഉരുള്‍പൊട്ടലില്‍ തകര്‍ന്ന മുണ്ടക്കൈ-ചൂരല്‍ മല മേഖലയുടെ പുനര്‍നിര്‍മ്മാണത്തിനായി 529.5 കോടിയാണ് കേന്ദ്രം വായ്പയായി നല്‍കിയത്. ഈ സാമ്പത്തിക വര്‍ഷം തന്നെ ഉപയോഗിക്കണം എന്ന നിബന്ധനയോടെയാണ് വായ്പ അനുവദിച്ചിരുന്നത്. വായ്പാ തുക വിനിയോഗിക്കാന്‍ തീരുമാനിച്ചതിനൊപ്പം തുക വിനിയോഗിക്കാനുള്ള മാര്‍ച്ച് 31 എന്ന അന്തിമ തിയതിയില്‍ സാവകാശം നല്‍കണമെന്ന അപേക്ഷ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വയ്ക്കാനും സര്‍ക്കാര്‍ തീരുമാനമായിട്ടുണ്ട്. ഇക്കാര്യത്തില്‍ തീരുമാനമാകുന്നതുവരെ കാത്തിരിക്കാതെ വകുപ്പുകള്‍ എസ്റ്റിമേറ്റ് തയ്യാറാക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മാര്‍ച്ച് 31 എന്ന കേന്ദ്ര നിബന്ധന ഒരു പരിധിവരെ ഇത്തരത്തില്‍ സംസ്ഥാന സര്‍ക്കാരിന് പാലിക്കാനാകുമെന്നാണ് കരുതപ്പെടുന്നത്.
വീടുകളുടെ ചെലവ് പുന: പരിശോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കെട്ടിടങ്ങള്‍ക്ക് ചെലവാകുന്ന തുക പുനപരിരോധിക്കാന്‍ കിഫ് കോണിനോട് ആവശ്യപ്പെടും. പുനരധിവാസത്തിന്റ കണ്‍സള്‍ട്ടന്റാണ് കിഫ് കോണ്‍. ഓരോ യൂണിറ്റിനും ഉള്ള തുക കൂടിപ്പോയെന്ന വിമര്‍ശനം സ്‌പോണ്‍സര്‍മാരും പ്രതിപക്ഷവും മുന്നോട്ടുവച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് തീരുമാനം. ഒരോ വീടിനും 33 ലക്ഷം രൂപ ചെലവാകുമെന്നാണ് പ്രാരംഭ എസ്റ്റിമേറ്റ്. ഇതില്‍ സ്‌പോണ്‍സര്‍മാര്‍ അടക്കം സംശയം പ്രകടിപ്പിച്ചിരുന്നു. 50 വീടുകള്‍ക്ക് മുകളില്‍ സ്‌പോണ്‍സര്‍ ചെയ്തവരുടെ യോഗത്തിലാണ് തുകയില്‍ സംശയം ഉയര്‍ന്നത്.