ന്യൂഡൽഹി: കഴിഞ്ഞ ദിവസം യാത്രക്കാരുടെ തിക്കുംതിരക്കും കാരണം ദുരന്തമുണ്ടായ പശ്ചാത്തലത്തിൽ ന്യൂഡൽഹി സ്റ്റേഷനിലെ സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കി. ഉച്ചതിരിഞ്ഞ് 4 മുതൽ രാത്രി 11 വരെ സ്റ്റേഷനിൽ പ്ലാറ്റ്ഫോം ടിക്കറ്റ് നൽകില്ല. തിരക്കു നിയന്ത്രിക്കാൻ റെയിൽവേ പൊലീസിനു പുറമേ ഡൽഹി പൊലീസിനെയും നിയോഗിച്ചു. നിരീക്ഷണത്തിനായി കൺട്രോൾ റൂമുകൾ, കുംഭമേളയ്ക്കു പോകുന്ന യാത്രക്കാർക്കായി പ്രത്യേക പന്തൽ, 1, 16 പ്ലാറ്റ്ഫോമുകളിൽ മെഡിക്കൽ ഹെൽപ് ഡെസ്ക് എന്നിവയും സജ്ജീകരിച്ചു.
കഴിഞ്ഞ ദിവസത്തെ ദുരന്തത്തിൽ 18 പേർ മരിക്കുകയും ഒട്ടേറെപ്പേർക്കു പരുക്കേൽക്കുകയുമുണ്ടായി. 5 പേർ ഇപ്പോഴും എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിലാണ്. അപകടം ട്രെയിനുകൾ റദ്ദാക്കിയതുകൊണ്ടാണെന്ന വാദം ഉത്തരറെയിൽവേ നിഷേധിച്ചു. 14,15 പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിക്കുന്ന ഫുട്ഓവർ ബിജിൽ യാത്രക്കാർ കാൽവഴുതി വീണതും അവർക്കു മുകളിലേക്കു മറ്റുള്ളവർ വീണതുമാണ് അപകടകാരണമെന്ന് പിആർഒ ഹിമാൻശു ശേഖർ ഉപാധ്യായ അവകാശപ്പെട്ടു.