Sports

വനിതാ പ്രീമിയർ ലീ​ഗ്; 47 പന്തില്‍ 81 റണ്‍സുമായി ആർസിബിയുടെ സ്മൃതി മന്ധാന | WPL Royal Challengers Bengaluru

തുടരെ രണ്ടാം ജയവുമായി നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു

വഡോദര: വനിതാ പ്രീമിയര്‍ ലീഗില്‍ തുടരെ രണ്ടാം ജയവുമായി നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു. ഡല്‍ഹി ക്യാപിറ്റല്‍സിനെ അവര്‍ അനായാസം വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിയെ 19.3 ഓവറില്‍ 141 റണ്‍സില്‍ ഒതുക്കിയ ആര്‍സിബി വിജയ ലക്ഷ്യം 22 പന്തുകള്‍ ശേഷിക്കെ സ്വന്തമാക്കി. വെറും 16.2 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ അവര്‍ 146 റണ്‍സ് അടിച്ചു.

ക്യാപ്റ്റന്‍ സ്മൃതി മന്ധാന 27 പന്തില്‍ അര്‍ധ സെഞ്ച്വറിയടിച്ച് ടീമിനെ അതിവേഗം ജയത്തിന്റെ വക്കിലെത്തിച്ചാണ് മടങ്ങിയത്. താരം 47 പന്തില്‍ 10 ഫോറും 3 സിക്‌സും സഹിതം 81 റണ്‍സ് അടിച്ചെടുത്തു. സഹ ഓപ്പണര്‍ ഡാനി വ്യാറ്റ് കട്ടയ്ക്ക് പിന്തുണച്ചതോടെ ഡല്‍ഹി ഇരുട്ടില്‍ തപ്പി. ഓപ്പണിങില്‍ ഇരുവരും ചേര്‍ന്ന് 107 റണ്‍സ് ചേര്‍ത്ത് വിജയത്തിനടിത്തറയിട്ടാണ് പിരിഞ്ഞത്. സ്മൃതി പുറത്തായത് ടീം സ്‌കോര്‍ 133 റണ്‍സില്‍ നില്‍ക്കെ.

എല്ലിസ് പെറി (7), റിച്ച ഘോഷ് (11) എന്നിവര്‍ കൂടുതല്‍ നഷ്ടം വരുത്താതെ ടീമിനെ ജയത്തിലും എത്തിച്ചു. നേരത്തെ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ രേണുക സിങ്, ജോര്‍ജിയ വരേം എന്നിവരുടെ ബൗളിങാണ് ഡല്‍ഹിയെ ഒതുക്കിയത്. കിം ഗാര്‍ത്, ഏക്താ ബിഷ്ട് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി.

22 പന്തില്‍ 4 ഫോരും 2 സിക്‌സും സഹിതം 34 റണ്‍സെടുത്ത ജെമിമ റോഡ്രിഗസിന്റെ ബാറ്റിങാണ് ഡല്‍ഹിക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. സാറ ബ്രയ്‌സ് 19 പന്തില്‍ 23 റണ്‍സും ക്യാപ്റ്റന്‍ മെഗ് ലാന്നിങ് 17 റണ്‍സും കണ്ടെത്തി. 13 പന്തില്‍ 19 റണ്‍സെടുത്ത അന്നബെല്‍ സതര്‍ലാന്‍ഡാണ് തിളങ്ങിയ മറ്റൊരു ബാറ്റര്‍. ആദ്യ കളിയില്‍ ഡല്‍ഹി നാടകീയ വിജയം സ്വന്തമാക്കിയിരുന്നു.

content highlight: WPL Royal Challengers Bengaluru