Automobile

കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ ഇതാ 10 കാറുകൾ | small price 10 cars

ആറ് എയര്‍ബാഗ് സുരക്ഷ നല്‍കുന്ന ഇന്ത്യന്‍ വിപണിയില്‍ കുറഞ്ഞ ലഭ്യമായ പത്ത് എസ്‌യുവികളേയും കാറുകളേയും പരിചയപ്പെടാം

ഇന്ന് പുതിയ കാര്‍ വാങ്ങുമ്പോള്‍ സുരക്ഷാ ഫീച്ചറുകള്‍ കൂടി എല്ലാവരും പരിഗണിക്കാറുണ്ട്. ഇക്കാര്യം തിരിച്ചറിഞ്ഞുകൊണ്ട് വാഹന നിര്‍മാതാക്കളും മികച്ച സുരക്ഷാ സൗകര്യങ്ങളാണ് വാഹനങ്ങളില്‍ ഒരുക്കുന്നത്. ആറ് എയര്‍ബാഗ് സുരക്ഷ നല്‍കുന്ന ഇന്ത്യന്‍ വിപണിയില്‍ കുറഞ്ഞ ലഭ്യമായ പത്ത് എസ്‌യുവികളേയും കാറുകളേയും പരിചയപ്പെടാം.

മാരുതി സുസുക്കി സെലേറിയോ

ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും മികച്ച ഇന്ധനക്ഷമതയുള്ള കാറായ സെലേറിയോയില്‍ മാരുതി സുസുക്കി ആറ് എയര്‍ബാഗുകള്‍ നല്‍കുന്നുണ്ട്. 5.64 ലക്ഷം മുതല്‍ 7.37 ലക്ഷം രൂപ വരെയാണ് സെലേറിയോയുടെ ഷോറൂം വില. 1.0 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 67എച്ച്പി കരുത്തും 89എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കും. സിഎന്‍ജിയാണെങ്കില്‍ കരുത്ത് 57എച്ച്പിയിലേക്കും ടോര്‍ക്ക് 82.1എന്‍എമ്മിലേക്കും കുറയും. പെട്രോള്‍ വകഭേദത്തില്‍ എഎംടി ഓപ്ഷനും നല്‍കുന്നു.

ഹ്യുണ്ടേയ് ഗ്രാന്‍ഡ് ഐ10 നിയോസ്

ആറ് എയര്‍ബാഗുകളുള്ള ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും വില കുറഞ്ഞ മോഡലുകളിലൊന്നാണ് ഹ്യുണ്ടേയ് ഗ്രാന്‍ഡ് ഐ10 നിയോസ്. ഷോറൂം വില 5.98 ലക്ഷം മുതല്‍ 8.62 ലക്ഷം രൂപ വരെ. കഴിഞ്ഞ ഒക്ടോബര്‍ മുതലാണ് എല്ലാ മോഡലുകളിലും ആറ് എയര്‍ബാഗുകള്‍ ഐ10 നിയോസ് ഉറപ്പിച്ചത്. 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 83എച്ച്പി കരുത്തും 114എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കും. 5 സ്പീഡ് മാനുവല്‍/എഎംടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. സിഎന്‍ജി വകഭേദത്തില്‍ ഡ്യുവല്‍ സിലിണ്ടര്‍ ടാങ്ക് സൗകര്യവുമുണ്ട്.

ഹ്യുണ്ടേയ് എക്സ്റ്റര്‍

ആറ് എയര്‍ബാഗുള്ള താങ്ങാവുന്ന വിലയിലുള്ള എസ്‌യുവികളിലൊന്നാണ് ഹ്യുണ്ടേയ് എക്സ്റ്റര്‍. വില ആറു ലക്ഷം രൂപ മുതല്‍. എല്ലാ മോഡലുകളിലും ആറ് എയര്‍ ബാഗുണ്ട്. 1.2 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 83എച്ച്പി കരുത്തും 114എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ അല്ലെങ്കില്‍ 5 സ്പീഡ് എഎംടി. സിഎന്‍ജി വകഭേദവും എക്സ്റ്ററിലുണ്ട്.

നിസാന്‍ മാഗ്നൈറ്റ്

കുറഞ്ഞ വിലയില്‍ ലഭ്യമായ മറ്റൊരു എസ്‌യുവി. വില 6.12 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്നു. ആറ് എയര്‍ബാഗിനു പുറമേ എല്ലാ സീറ്റിലും ത്രീ പോയിന്റ് സീറ്റ് ബെല്‍റ്റ്, ISOFIX ആങ്കറുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ടിപിഎംഎസ്, ഹില്‍സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നീ സുരക്ഷാ ഫീച്ചറുകളും സ്റ്റാന്‍ഡേഡായി എല്ലാ മാഗ്നൈറ്റ് മോഡലുകളിലും നിസാന്‍ നല്‍കുന്നു. 1.0 ലീറ്റര്‍, ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍.

സിട്രോണ്‍ സി3

മാരുതി ഇഗ്നിസിന്റേയും ടാറ്റ പഞ്ചിന്റേയും എതിരാളിയായി സിട്രോണ്‍ അവതരിപ്പിച്ച സി3യുടെ വില 6.16 ലക്ഷം രൂപ മുതല്‍ 10.27 ലക്ഷം വരെയാണ്. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ എല്ലാ മോഡലുകളിലും സ്റ്റാന്‍ഡേഡായി ആറ് എയര്‍ബാഗുകളുമുണ്ട്. 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 82എച്ച്പി കരുത്തും 1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 110എച്ച്പി കരുത്തും പുറത്തെടുക്കും. ടര്‍ബോ പെട്രോളില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക് ഓപ്ഷനുമുണ്ട്.

ഹ്യുണ്ടേയ് ഓറ

ഓറയിലും ഹ്യുണ്ടേയ് ആറ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേഡായി എല്ലാ മോഡലുകള്‍ക്കും നല്‍കുന്നു. എക്‌സ്റ്ററിലും ഐ20യിലും ഐ10 നിയോസിലുമുള്ള 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഓറയിലുമുള്ളത്. 5 സ്പീഡ് മാനുവല്‍/5സ്പീഡ് എഎംടി ഓപ്ഷനുകള്‍. വില 6.54 ലക്ഷം രൂപ മുതല്‍.

മാരുതി സുസുക്കി സ്വിഫ്റ്റ്

നാലാം തലമുറ മാരുതി സ്വിഫ്റ്റിലും ആറ് എയര്‍ബാഗുകളുണ്ട്. 1.2 ലീറ്റര്‍ ത്രീ സിലിണ്ടര്‍ Z സീരീസ് എന്‍ജിന്‍ ലിറ്ററിന് 25.75 കിലോമീറ്റര്‍ ഇന്ധനക്ഷമത നല്‍കുന്നു. എഎംടി/മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍. സിഎന്‍ജി മോഡലും ലഭ്യമാണ്. വില 6.49 ലക്ഷം മുതല്‍ 9.50 ലക്ഷം രൂപ വരെ.

മാരുതി ഡിസയര്‍

ജിഎന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ നേടിയ ആദ്യ മാരുതി മോഡല്‍. വില 6.84 ലക്ഷം രൂപ മുതല്‍ 10.19 ലക്ഷം രൂപ വരെ. ഒമ്പത് വകഭേദങ്ങളിലും ആറ് എയര്‍ബാഗുകള്‍ നല്‍കുന്നുണ്ട്. 1.2 ലീറ്റര്‍ Z സീരീസ് എന്‍ജിന്‍ 82എച്ച്പി കരുത്ത് പുറത്തെടുക്കും. ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ക്കും സിഎന്‍ജി ഓപ്ഷനും സൗകര്യമുണ്ട്.

ഹ്യുണ്ടേയ് ഐ20

ഹ്യുണ്ടേയുടെ പ്രീമിയം ഹാച്ച്ബാക്ക് ഐ20യില്‍ ആറ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേഡായി എത്തുന്നു. 1.2 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 83എച്ച്പി കരുത്തും 115എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍. എക്‌സ് ഷോറൂം വില 7.04 ലക്ഷം മുതല്‍ 11.25 ലക്ഷം വരെ.

സ്‌കോഡ കൈലാഖ്

ഇന്ത്യന്‍ വിപണിയില്‍ സ്‌കോഡയുടെ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമായ മോഡല്‍. സ്റ്റാന്‍ഡേഡായി ആറ് എയര്‍ബാഗുകള്‍. ഇഎസ്‌സി, ട്രാക്ഷന്‍ കണ്‍ട്രോള്‍, ത്രീ പോയിന്റ് സീറ്റ് ബെല്‍റ്റ്, അഡ്ജസ്റ്റബിള്‍ ഹെഡ് റീസ്‌ട്രെയിന്‍സ്, ISOFIX ചൈല്‍ സീറ്റുകള്‍ എന്നിങ്ങനെയുള്ള സുരക്ഷാ ഫീച്ചറുകളുമുണ്ട്. സ്‌കോഡ കുഷാക്ക്, സ്ലാവിയ മോഡലുകളുടെ എംക്യുബി-എ0-ഐഎന്‍ പ്ലാറ്റ്‌ഫോമിലാണ് കുഷാക്കും ഒരുക്കിയിരിക്കുന്നത്. 1.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 115എച്ച്പി കരുത്ത് പുറത്തെടുക്കും. വില 7.89 ലക്ഷം രൂപ മുതല്‍ 14.40 ലക്ഷം രൂപ വരെ.

content highlight: small price 10 cars