വൈകീട്ട് ചായക്കൊപ്പം കഴിക്കാൻ ഒരു അടിപൊളി സ്നാക്സ് ഉണ്ടാക്കിയാലോ? രുചികരമായ കൊഴുക്കട്ട റെസിപ്പി നോക്കാം. മധുരം ഇഷ്ട്ടപെടുന്നവർക്ക് ഈ പലഹാരം ഏറെ ഇഷ്ടപെടും.
ആവശ്യമായ ചേരുവകൾ
- അരിമാവ് – ആവശ്യത്തിന്
- വെള്ളം -മാവ് കുഴക്കാൻ
- ഉപ്പ് – ആവശ്യത്തിന്
- നെയ്യ്
- തേങ്ങാ – 1 ചിരകിയത്
- ജീരകം – ഒരു നുള്ള്
- അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും
- നേന്ത്രപ്പഴം -1
- അവൽ – കുതിർത്തത് അരകപ്പ്
- ശർക്കരപ്പാനി -മധുരത്തിന്
തയ്യാറാക്കുന്ന വിധം
കൊഴുക്കട്ടയിലേക്ക് ആവശ്യമായ മാവ് തയ്യാറാക്കുന്നതിനായി .വെള്ളമെടുത്ത് അതിൽ അല്പം ജീരകവും ചേർത്ത് നല്ലതുപോലെ തിളപ്പിക്കുക. വെള്ളം നല്ല രീതിയിൽ തിളച്ചു തുടങ്ങുമ്പോൾ ആവശ്യത്തിനുള്ള ഉപ്പു കൂടി വെള്ളത്തിലേക്ക് ചേർക്കാം. ശേഷം അതിലേക്ക് ഒരു കപ്പ് അളവിൽ അരിപ്പൊടി ഇട്ടു കൊടുക്കാവുന്നതാണ്. വെള്ളം വെട്ടിത്തിളച്ച് തുടങ്ങുമ്പോൾ കുറേശ്ശെയായി അരിപ്പൊടിയിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യാം. ശേഷം മാവ് നല്ലതുപോലെ ഇളക്കി മിക്സ് ചെയ്ത് ഒട്ടും കട്ടകളില്ലാതെ യോജിപ്പിക്കണം.
കൊഴുക്കട്ടയിലേക്ക് ആവശ്യമായ തേങ്ങയുടെ കൂട്ട് തയ്യാറാക്കാനായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ നെയ്യ് ഒഴിക്കുക. ശേഷം അല്പം ജീരകവും അണ്ടിപ്പരിപ്പും മുന്തിരിയും ഇട്ട് ഒന്ന് ഫ്രൈ ചെയ്ത് എടുക്കുക. അതിലേക്ക് ആവശ്യത്തിനുള്ള തേങ്ങ കൂടി ചേർത്ത് നല്ലതുപോലെ വഴറ്റണം. മധുരത്തിന് ആവശ്യമായ ശർക്കരപ്പാനി ചേർത്ത് കൊടുക്കാവുന്നതാണ്.
കുതിർത്ത അവലും, നേന്ത്രപ്പഴം ചെറുതായി അരിഞ്ഞതും കൂടി ഈ കൂട്ടിലേക്ക് ചേർക്കാം. ഈയൊരു കൂട്ട് ചൂടാറാനായി മാറ്റിവയ്ക്കാം. ഈ സമയം കൊണ്ട് കൊഴുക്കട്ട ആവി കയറ്റി എടുക്കാൻ ആവശ്യമായ വെള്ളം തിളപ്പിക്കണം. പാത്രത്തിൽ നിന്നും നല്ല രീതിയിൽ ആവി വന്നു തുടങ്ങുമ്പോൾ ഉണ്ടാക്കിവച്ച മാവിൽ നിന്നും ഓരോ ഉരുളകൾ എടുത്ത് അതിനകത്ത് ഈ ഫില്ലിംഗ്സ് നിറക്കാം. മാവ് മുഴുവനായും ഉരുട്ടി എടുത്ത് കഴിഞ്ഞാൽ ആവി കയറ്റി എടുക്കാം.