വാഹന ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഹോണ്ട – നിസാൻ ലയനത്തിന് വിരാമം. ഒന്നിച്ചു മുന്നോട്ടു പോകാനുള്ള തീരുമാനം ഉപേക്ഷിച്ചതായും അതു സംബന്ധിച്ച ചർച്ചകൾ അവസാനിപ്പിച്ചതായും ജപ്പാനിൽ നിന്നുള്ള വാഹന നിർമാതാക്കളായ ഹോണ്ടയും നിസാനും ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു. രണ്ടു കമ്പനികളും ലയിക്കുന്നതുമായി ബന്ധപ്പെട്ടു 2024 ഡിസംബറിൽ ഒപ്പുവെച്ച ധാരണാപത്രത്തിൽ നിന്നു പിൻമാറുന്നതായും വാർത്താകുറിപ്പിൽ പറയുന്നു.
ആദ്യഘട്ടത്തിൽ നിസാൻ ഹോണ്ട കമ്പനികൾ ഒന്നുചേർന്ന് പുതിയൊരു കമ്പനി എന്ന രീതിയിലായിരുന്നു ചർച്ചകൾ പുരോഗമിച്ചിരുന്നത്. എന്നാൽ നിസാനെ തങ്ങളുടെ ഉപകമ്പനി ആക്കാനുള്ള ഹോണ്ടയുടെ നിർദ്ദേശവും അഭിപ്രായ ഭിന്നതകളുമാണ് ലയനത്തിൽ നിന്നും പിൻമാറാൻ ഇരുകമ്പനികളെയും പ്രേരിപ്പിച്ചതെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. ലയനത്തിൽ നിന്നും പിന്മാറിയെങ്കിലും ഇരുകമ്പനികളും ബാറ്ററി ഉൾപ്പെടെയുള്ള ഇ വി സാങ്കേതിക വിദ്യകൾക്കായി ഇപ്പോൾ തുടരുന്ന സഹകരണം തുടർന്നു പോകുകയും ചെയ്യും.
ലയന ചർച്ചകൾ പുരോഗമിക്കുന്ന സമയത്ത് മറ്റൊരു ജാപ്പനീസ് വാഹന നിർമാതാക്കളായ മിത്സുബിഷിയും ഹോണ്ടയ്ക്കും നിസാനുമൊപ്പം ചേരുമെന്ന് റിപോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ പ്രകാരം മിത്സുബിഷിയ്ക്കും ആ ലയനത്തിന് താൽപര്യമില്ലെന്നാണ് അറിയുവാൻ കഴിയുന്നത്. നിലവിൽ റെനോ, മിത്സുബിഷി എന്നീ കമ്പനികളുമായി നിസാന് സഖ്യമുണ്ട്. നിസാനിൽ 36 ശതമാനം ഓഹരി നിക്ഷേപമാണ് റെനോയ്ക്കുള്ളത്. എന്നാൽ ഈ ഓഹരി വിൽക്കുന്നതിനായി ഫ്രഞ്ച് വാഹന നിർമാതാക്കൾ, ഐ ഫോൺ നിർമാണ കരാർ കമ്പനിയായ ഫോക്സ്‍കോണുമായി ചർച്ചകൾ നടത്തുന്നുണ്ട്.
ഇലക്ട്രിക് വാഹന വിപണിയിൽ ടെസ്‌ലയും ചൈനീസ് കമ്പനികളും വലിയ വെല്ലുവിളി ഉയർത്തി തുടങ്ങിയതോടെയാണ് ഹോണ്ടയും നിസാനും ഒന്നിക്കാനുള്ള തീരുമാനത്തിലേക്കെത്തിയത്. യു എസിലും യൂറോപ്പിലും മാത്രമല്ല, ചൈനയിലും ജാപ്പനീസ് വാഹനനിർമാതാക്കൾക്ക് വിൽപനയിൽ വലിയ ഇടിവുണ്ടായി. ഒരുമിച്ചു ചേർന്നാൽ ഇ വി വിപണിയെ തങ്ങളുടെ കൈപ്പിടിയിൽ നിർത്താമെന്ന ധാരണയിലാണ് ഹോണ്ടയും നിസാനും ചർച്ചകൾ ആരംഭിച്ചത്. ലയനം നടന്നിരുന്നെങ്കിൽ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന നിർമാതാക്കളായി ഹോണ്ട-നിസാൻ മാറുമായിരുന്നു.
content highlight: Honda and Nissan