Thiruvananthapuram

തിരുവനന്തപുരത്ത് ടെക്കിയെ ന്യൂജെൻ മയക്കുമരുന്നുമായി പിടികൂടി; കണ്ടെടുത്തത് 32 ഗ്രാം എംഡിഎംഎയും, 20 ഗ്രാം കഞ്ചാവും

കഴക്കൂട്ടം എക്സൈസ് റേഞ്ച് ഓഫീസിലെ എക്‌സൈസ് ഇൻസ്‌പെക്ടർ ബി സഹീർഷായും സംഘവും ചേർന്നാണ് മിഥുൻ മുരളിയെ അറസ്റ്റ് ചെയ്തത്.

കഴക്കൂട്ടം: തിരുവനന്തപുരത്ത് ടെക്കിയെ ന്യൂജെൻ മയക്കുമരുന്നുമായി പിടികൂടി.  ടെക്നോപാർക്കിലെ പ്രമുഖ ഐ ടി കമ്പനിയായ  യുഎസ്ടി ഗ്ലോബലിൽ ജീവനക്കാരനായ  മിഥുൻ മുരളി(27) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 32 ഗ്രാം എംഡിഎംഎയും, 20 ഗ്രാം കഞ്ചാവും, മയക്കു മരുന്ന് വിറ്റ വകയിൽ നിന്നുള്ള 75,000 രൂപയും പിടികൂടി. കഴക്കൂട്ടം എക്സൈസ് റേഞ്ച് ഓഫീസിലെ എക്‌സൈസ് ഇൻസ്‌പെക്ടർ ബി സഹീർഷായും സംഘവും ചേർന്നാണ് മിഥുൻ മുരളിയെ അറസ്റ്റ് ചെയ്തത്.

ടെക്ക്നോപാർക്ക് ജീവനക്കാരനായ മിഥുനെ ആറ്റിപ്ര വില്ലേജിൽ മൺവിള വാഴപ്പണ ദേശത്ത് മയക്കുമരുന്ന് കച്ചവടം നടത്തുന്നതിനിടെയിലാണ് എക്സൈസ് സംഘം പിടികൂടുന്നത്. യുഎസ്ടി ഗ്ലോബലിൽ ഡാറ്റാ എഞ്ചിനീയറാണ് മിഥുൻ. മുരുക്കുംപുഴ സ്വദേശിയായ മിഥുൻ ഇപ്പോൾ കുളത്തൂർ പോസ്റ്റ് ഓഫീസിനടുത്ത് ഒറ്റുവിളകാത്ത് വാടകക്ക് വീടെടുത്താണ് താമസം. ഇയാൾ പ്രദേശത്ത് മയക്കുമരുന്ന് കച്ചവടം നടത്തിവരികയായിരുന്നുവെന്നാണ് വിവരം.

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങുന്നത്. യുവാവിനെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ ആർ മോൻസി, ഒ. ജാഫർ, സിവിൽ എക്സൈസ് ഓഫീസർമാരായ ടി സുർജിത്,  വി ആർ രതീഷ്, എസ് ഷിജിൻ, ഡിഎസ് സുധീഷ്,  വനിത സിവിൽ എക്സൈസ് ഓഫീസർ എ. റജീന എന്നിവർ പങ്കെടുത്തു.

content highlight : kazhakkoottam-technopark-employee-arrested-for-selling-mdma-drugs-and-cannabis

Latest News