ഹൈദരാബാദ്: അർദ്ധരാത്രി ആഡംബര വാഹനങ്ങളുമായി റോഡിൽ അഭ്യാസ പ്രകടനം നടത്തിയ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദിലെ ശംസാബാദിലുള്ള ഔട്ടർ റിങ് റോജിൽ കഴിഞ്ഞയാഴ്ച നടന്ന അഭ്യാസത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നതിന് പിന്നാലെയാണ് പൊലീസിന്റെ നടപടി. ഒരു ബിഎംഡബ്ല്യൂ കാറും മറ്റൊരു ഫോർച്യൂണറുമാണ് ദൃശ്യങ്ങളിലുള്ളത്.
അഞ്ച് വരികളുള്ള റോഡിലെ മദ്ധ്യത്തു വെച്ച് അമിത വേഗത്തിൽ വരുന്ന വാഹനങ്ങളുടെ ഹാന്റ് ബ്രേക്ക് ഉപയോഗിച്ച് വട്ടം കറക്കിയും വശങ്ങളിലേക്ക് വെട്ടിച്ചുമൊക്കെയായിരുന്നു പൊതുനിരത്തിലെ അപകടകരമായ പ്രകടനങ്ങൾ. തിരിച്ചറിയാതിരിക്കാനായി രണ്ട് വാഹനങ്ങളുടെയും നമ്പർ പ്ലേറ്റുകൾ ഇളക്കി മാറ്റിയിരുന്നു. എന്നാൽ യുവാക്കളുടെ മുഖം സിസിടിവി ക്യാമറ ദൃശ്യങ്ങളിൽ വ്യക്തമായി തന്നെ പതിഞ്ഞു. ഇവരുടെ പ്രകടനങ്ങളുടെ വീഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു.
വിശദമായ അന്വേഷണത്തിനൊടുവിൽ രാജേന്ദ്രനഗർ സ്വദേശിയായ മുഹമ്മദ് ഉബൈദുള്ള (25), മലാക്പേട്ട് സ്വദേശിയായ സൊഹൈർ സിദ്ദിഖി (25) എന്നിവരെ തിങ്കളാഴ്ച ആർജിഐ എയർപോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ റോഡിലിറക്കി അഭ്യാസ പ്രകടനം നടത്തിയ വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. ഏതാനും ദിവസം മുമ്പാണ് ഹൈദരാബാദിൽ തന്നെ ഒരു യുവതിയെ ബൈക്കിന് പിന്നിലിരുത്തി യുവാവ് ബൈക്കിന്റെ മുൻ ടയറുകൾ പൊക്കി വാഹനം ഓടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്‍പോർട്ട് കോർപറേഷൻ മാനേജിങ് ഡയറക്ടർ വി.സി സജ്ജനാറാണ് ഈ വീഡിയോ എക്സിൽ പോസ്റ്റ് ചെയ്തത്.
content highlight : removed-number-plates-of-bmw-and-fortuner-but-plans-went-in-vein-in-front-of-cctv-camera-