Business

അദാനി ഫൗണ്ടേഷൻ്റെ നേതൃത്വത്തില്‍ ജെംസ് എഡ്യൂക്കേഷനുമായി സഹകരിച്ച് ഇന്ത്യയിലുടനീളം 2000 കോടി മുടക്കി വിദ്യാഭ്യാസ ക്ഷേത്രങ്ങള്‍ സ്ഥാപിക്കുന്നു

രാജ്യത്തുടനീളം വിദ്യാഭ്യാസ ക്ഷേത്രങ്ങള്‍ സ്ഥാപിക്കുന്നതിനായി മലയാളിയായ സണ്ണി വര്‍ക്കി നേതൃത്വം നല്‍കുന്ന ജെംസ് എഡ്യൂക്കേഷനുമായി അദാനി ഫൗണ്ടേഷന്‍ കൈക്കോര്‍ക്കുന്നു. അദാനി കുടുംബത്തില്‍ നിന്ന് 2,000 കോടി രൂപയുടെ പ്രാരംഭ സംഭാവനയോടെ, ലോകോത്തര വിദ്യാഭ്യാസവും പഠന അടിസ്ഥാന സൗകര്യങ്ങളും സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുള്ളവര്‍ക്ക് താങ്ങാനാവുന്ന ചെലവില്‍ ലഭ്യമാക്കുന്നതാണു പദ്ധതി. അദാനി ഗ്രൂപ്പിന്റെ സിഎസ്ആര്‍ വിഭാഗമാണ് അദാനി ഫൗണ്ടേഷന്‍.

കമ്പിനി ചെയര്‍മാന്‍ ഗൗതം അദാനിയുടെ സാമൂഹിക തത്ത്വചിന്തയായ ‘സേവനം ഉപാസനയാണ്, സേവനം പ്രാര്‍ത്ഥനയാണ്, സേവനം തന്നെയാണ് പരം പൊരുള്‍” എന്നതിന് അനുസൃതമായി, മികച്ച ഗവേഷണ സ്ഥാപനങ്ങള്‍ക്ക് ഈ പങ്കാളിത്തം വഴിയൊരുക്കും. 2025-26 അധ്യയന വര്‍ഷത്തില്‍ ലഖ്നൗവില്‍ ആദ്യത്തെ ‘അദാനി ജെംസ് സ്‌കൂള്‍ ഓഫ് എക്‌സലന്‍സ്’ ആരംഭിക്കും. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍, ഇന്ത്യയിലെ പ്രാഥമിക മെട്രോപൊളിറ്റന്‍ നഗരങ്ങളിലുടനീളവും, തുടര്‍ന്ന് Tier II മുതല്‍ IV വരെയുള്ള നഗരങ്ങളിലും കെ -12 വിഭാഗത്തില്‍ കുറഞ്ഞത് 20 സ്‌കൂളുകളെങ്കിലും ആരംഭിക്കും. ഈ സ്‌കൂളുകളില്‍, സിബിഎസ്ഇ പാഠ്യപദ്ധതിയിലെ 30% സീറ്റുകള്‍ അര്‍ഹതയുള്ളവര്‍ക്ക് സൗജന്യമായിരിക്കും. അദാനി ഗ്രൂപ്പിന്റെ പാന്‍-ഇന്ത്യന്‍ സാന്നിധ്യവും വിപുലമായ അടിസ്ഥാന സൗകര്യ ശേഷിയും ജെംസിന്റെ വിദ്യാഭ്യാസ വൈദഗ്ധ്യവും പ്രയോജനപ്പെടുത്തി, ഇന്ത്യയിലുടനീളമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനായി വിപുലീകരിക്കാവുന്നതും താങ്ങാനാവുന്നതും സുസ്ഥിരവുമായ ഒരു മാതൃക വികസിപ്പിക്കാന്‍ പങ്കാളിത്തം കൊണ്ട് കമ്പിനികള്‍ ലക്ഷ്യമിടുന്നത്.

‘ലോകോത്തര വിദ്യാഭ്യാസം താങ്ങാനാവുന്നതും വ്യാപകമായി ലഭ്യമാക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് ഈ സംരംഭം പ്രതിഫലിപ്പിക്കുന്നത്,’ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി പറഞ്ഞു. ‘GEMS എഡ്യൂക്കേഷനുമായുള്ള ഞങ്ങളുടെ പങ്കാളിത്തത്തിലൂടെ ആഗോളതലത്തില്‍ മികച്ച രീതികളും നൂതനമായ ഡിജിറ്റല്‍ പഠനരീതിയും സ്വീകരിച്ചുകൊണ്ട്, ഇന്ത്യയിലെ സാമൂഹിക ഉത്തരവാദിത്തമുള്ള നേതാക്കളാകാന്‍ അടുത്ത തലമുറയെ സജ്ജരാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

‘സാമൂഹിക സാമ്പത്തിക പശ്ചാത്തലം പരിഗണിക്കാതെ, എല്ലാ പഠിതാക്കള്‍ക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ ദര്‍ശനം,’ GEMS എഡ്യൂക്കേഷന്റെ സ്ഥാപകനും ചെയര്‍മാനുമായ സണ്ണി വര്‍ക്കി പറഞ്ഞു. ‘അദാനി ഫൗണ്ടേഷനുമായുള്ള സഹകരണം ഞങ്ങളുടെ വ്യാപ്തിയും സ്വാധീനവും വികസിപ്പിക്കുന്നതിന് ഞങ്ങളെ പ്രാപ്തരാക്കും, ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലെ പഠിതാക്കളിലേക്കും അധ്യാപകരിലേക്കും ഞങ്ങളുടെ ആഗോള വിദ്യാഭ്യാസ വൈദഗ്ദ്ധ്യം എത്തിക്കും. ഇന്ത്യയിലെ മികച്ച പഠന ബോര്‍ഡുകളുമായി സംയോജിപ്പിച്ച ഒരു ആഗോള പാഠ്യപദ്ധതിയായിരിക്കും ഈ സ്‌കൂളുകളില്‍ നടപ്പാക്കുകയെന്ന് അദ്ദേഹം പറഞ്ഞു.