ഒട്ടാവ: കാനഡയിലെ ടൊറോന്‍റോയിൽ വിമാനാപകടത്തിൽ പരിക്കേറ്റവരുടെ എണ്ണം 19 ആയി. പരിക്കേറ്റ 60 വയസ്സായ ഒരു പുരുഷന്റെയും 40 വയസ്സുള്ള സ്ത്രീയുടെയും ഒരു കുട്ടിയുടെയും ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. മഞ്ഞുമൂടിയ റൺവേയിലാണ് വിമാനം തലകീഴായി മറിഞ്ഞത്. കനത്ത കാറ്റിനെ തുടർന്നാണ് അപകടമുണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. നാല് കാബിൻ ക്രൂ അടക്കം 80 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
മിനിയാപൊളിസിൽ നിന്ന് ടൊറോന്റോയിലേക്കുള്ള ഡെൽറ്റ 4819 വിമാനമാണ് അപകടത്തിൽപ്പെട്ടത്. മഞ്ഞുവീഴ്ച മൂലം വിമാനത്താവളത്തിലെ കാഴ്ചപരിധിയും കുറവായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഹെലികോപ്റ്ററും ആംബുലൻസുകളും ഉപോയഗിച്ച് പരുക്കേറ്റവരെ എത്രയും വേഗം സമീപത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചതിനാൽ വലിയ ദുരന്തം ഒഴിവായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇതിനിടെ വിമാനത്തിനുള്ളിൽ ഉണ്ടായിരുന്ന ഒരു യാത്രക്കാരന്‍ പകര്‍ത്തിയ വിമാനത്തിൽ നിന്നും ആളുകളെ രക്ഷപ്പെട്ടുത്തുന്ന ദൃശ്യങ്ങൾ സമൂഹ മധ്യമങ്ങളില്‍ വൈറലായി. ജോൺ നെൽസൺ എന്ന യാത്രക്കാരനാണ് താന്‍ സഞ്ചരിച്ചിരുന്ന വിമാനം അപകടത്തിൽപ്പെട്ടുവെന്ന കുറിപ്പോടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. വിമാനത്തിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിക്കുന്നതും രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം. വിമാനത്തിന്‍റെ അവശിഷ്ടങ്ങൾക്കിടയിലൂടെ യാത്രക്കാർ നടന്നു നീങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം.
‘ജീവിച്ചിരിക്കുന്നതില്‍ ഇന്ന് വല്ലാത്ത സന്തോഷം തോന്നുന്നു’ എന്നാണ് മറ്റൊരു യാത്രക്കാരി വീഡിയോക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. പീറ്റ് കുക്കോവ് എന്ന യാത്രക്കാരി തന്റെ മൊബൈലിൽ പകർത്തിയ ചിത്രങ്ങളാണ് എക്സിലും ഇൻസ്റ്റഗ്രാമിലുമടക്കം വൈറലായിരുന്നു. വിമാനം തകർന്നതിനെ തുടർന്ന് വിമാനത്തിനുള്ളിൽ നിന്ന് യാത്രക്കാരെ രക്ഷപ്പെടുത്തിയതിന്‍റെ വീഡിയോ ആണ് യുവതി പോസ്റ്റ് ചെയ്തത്. ഫയർ എഞ്ചിന് പുറത്തേക്ക് വെള്ളം ശക്തമായി ഒഴിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
content highlight : delta-plane-flips-on-landing-at-toronto-airport-19-injured