അമൃത്സർ: യുഎസിൽ നിന്ന് നാട് കടത്തിയപ്പോൾ ടർബൻ വരെ അഴിപ്പിച്ചെന്ന് തിരിച്ചെത്തിയ 21കാരൻ ജസ്വിന്ദർ സിങ്. ജനുവരി 27ന് യുഎസ്-മെക്സിക്കോ അതിർത്തി കടന്നപ്പോൾ യു.എസ് അധികാരികൾ തടഞ്ഞുവെച്ചെന്നും 20 ദിവസങ്ങൾക്ക് ശേഷം അമൃത്സർ വിമാനത്താവളത്തിൽ എത്തിയപ്പോൾ മാത്രമാണ് വീണ്ടും തലപ്പാവ് ധരിക്കാൻ കഴിഞ്ഞതെന്നും യുവാവ് പറഞ്ഞു.
കുടുംബ സ്വത്ത് വിറ്റും വീട് പണയപ്പെടുത്തിയുമാണ് പഞ്ചാബിലെ മോഗ ജില്ലയിലെ ധരംകോട്ട് സ്വദേശിയായ താൻ അമേരിക്കയിൽ എത്തിയതെന്ന് ജസ്വിന്ദർ സിങ് പറഞ്ഞു. യുഎസിലെത്തിക്കാൻ ഏജന്റിന് 44 ലക്ഷം രൂപ നൽകി. ഇതിനായി കന്നുകാലികളെ വരെ വിൽക്കേണ്ടി വന്നുവെന്നും യുവാവ് പറഞ്ഞു. യുഎസ് നാടുകടത്തിയ ഇന്ത്യൻ പൗരന്മാരുടെ രണ്ടാമത്തെ ബാച്ചിലാണ് ജസ്വീന്ദർ ഉൾപ്പെട്ടത്.
ജനുവരി 27 ന് അതിത്തിയിൽ തടഞ്ഞുവെച്ച ഉടൻ തടങ്കൽ കേന്ദ്രത്തിലേക്ക് കൊണ്ടുപോയെന്ന് ജസ്വീന്ദർ പറഞ്ഞു. തലപ്പാവ് ഉൾപ്പെടെയുള്ള എല്ലാ വസ്ത്രങ്ങളും അഴിക്കാൻ ആവശ്യപ്പെട്ടു. ടി-ഷർട്ട്, പാന്റ്, സോക്സ്, ഷൂസ് എന്നിവ മാത്രമേ ധരിക്കാൻ അനുവദിച്ചുള്ളൂ. ഷൂലേസുകളും ഊരിമാറ്റി. താനും മറ്റ് സിഖ് യുവാക്കളും തലപ്പാവെങ്കിലും തിരികെ തരണമെന്ന് ആവശ്യപ്പെട്ടെങ്കിലും അവർ വിസമ്മതിച്ചു. ‘നിങ്ങളിൽ ആരെങ്കിലും ജീവനൊടുക്കിയാൽ ആര് ഉത്തരവാദിത്വം ഏറ്റെടുക്കും’ എന്നാണ് യുഎസ് അധികൃതർ ചോദിച്ചതെന്ന് യുവാവ് പറഞ്ഞു. അമൃത്സർ വിമാനത്താവളത്തിൽ എത്തിയതിന് ശേഷമാണ് ലഗേജ് തിരികെ കിട്ടിയതെന്നും യുവാവ് പറഞ്ഞു.
പിതാവ് ഹൃദ്രോഗിയായതിനാൽ ജോലി ചെയ്യാൻ കഴിയുമായിരുന്നില്ല. അതിനാലാണ് കുടുംബത്തെ പോറ്റാൻ അമേരിക്കയിലേക്ക് പോയതെന്ന് യുവാവ് പറഞ്ഞു. ഇപ്പോൾ 44 ലക്ഷം രൂപയുടെ കടമുണ്ട്. അത് എങ്ങനെ തിരിച്ചടയ്ക്കുമെന്ന് അറിയില്ലെന്ന് ജസ്വീന്ദർ പറഞ്ഞു, കഴിഞ്ഞ വർഷം ഡിസംബറിൽ വീട് വിട്ട് ആദ്യം ദില്ലിയിൽ നിന്ന് ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിൽ ഇറങ്ങിയ ശേഷം സ്പെയിൻ, എൽ സാൽവഡോർ, ഗ്വാട്ടിമാല, മെക്സിക്കോ വഴിയാണ് യുഎസ് – മെക്സിക്കോ അതിർത്തിയിൽ എത്തിയതെന്നും യുവാവ് പറഞ്ഞു.
ഏതിർത്തി കടന്ന് മിനിറ്റുകൾക്കകം പിടികൂടി. തടങ്കൽ കേന്ദ്രത്തിൽ നിന്ന് ജാമ്യത്തിൽ പുറത്തുകൊണ്ടുവരുമെന്ന് ഏജന്റ് വാക്ക് നൽകിയിരുന്നു. പക്ഷേ ഈ വാഗ്ദാനം ഏജന്റ് പാലിച്ചില്ല. സർക്കാർ ഇടപെട്ട് പണം തിരിച്ചുകിട്ടിനുള്ള സംവിധാനമൊരുക്കണമെന്ന് യുവാവ് അപേക്ഷിക്കുന്നു.
content highlight : asked-to-rasked-to-remove-all-clothes-including-turbans-and-shoelaces-21-year-old-deportee-from-us-says