പട്ടം സെന്റ്‌മേരീസ് സ്‌കൂളിനെ തകര്‍ക്കുക എന്ന ഗൂഢലക്ഷ്യത്തോടെ തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ച് ചില തല്‍പ്പര കക്ഷികള്‍ വിചിത്ര ആരോപണങ്ങളുമായി രംഗത്ത് വരുന്നുണ്ടെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ നെല്‍സണ്‍ വലിയ വീട്ടില്‍. കുറച്ചുവര്‍ഷങ്ങളായി ഇത് തുടരുകയാണ്. 90 വര്‍ഷത്തോളം പാരമ്പര്യമുള്ള, ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ജീവിതത്തിന്റെ ശരിയായ വഴികള്‍ തുറന്നുകൊടുത്ത ഈ സ്ഥാപനത്തെ ഏറ്റെടുത്തതും വളര്‍ത്തിയതും തിരുവനന്തപുരം നഗരത്തിലും അതിന്റെ പ്രാന്തപ്രദേശങ്ങളിലുമുള്ള നാനാജാതി മതസ്ഥരായ രക്ഷകര്‍ത്താക്കളും നാട്ടുകാരുമാണ്.
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സ്‌കൂളിനെതിരെ ഒരു രക്ഷകര്‍ത്താവ് തെറ്റായ ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നു. അദ്ദേഹത്തിന്റെ മകനെ അകാരണമായി അടിച്ചു എന്നതാണ് പരാതി. പതിനായിരത്തോളം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ ഒരു കായികാധ്യാപകന്റെ പോസ്റ്റ് മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ആയതിനാല്‍ കുട്ടികളുടെ കായിക അഭിരുചി വളര്‍ത്തുന്നതിനും പൊതു ഇടങ്ങളിലുള്ള അവരുടെ സ്വഭാവും അച്ചടക്കവും മെച്ചപ്പെടുത്തുന്നതിനും പി.ടി.എയുടെ സഹായത്തോടെ കൂടുതല്‍ പരിചയസമ്പന്നരായ അധ്യാപകരെയോ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരെയോ നിയമിക്കാറുണ്ട്.
പ്രത്യേകിച്ച് രാവിലെയും വൈകിട്ടും മെയിന്‍ റോഡിലും സ്‌കൂളിന്റെ വിവിധ കോര്‍ണറുകളിലും, ടോയ്ലെറ്റ് പരിസരങ്ങളിലും ഇവരുടെ സാന്നിധ്യം ഉറപ്പുവരുത്തുന്നുണ്ട്. കുട്ടികളില്‍ തെറ്റായ ചിന്തകളും പ്രവര്‍ത്തനങ്ങളും വരാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയില്‍ക്കൂടിയാണ് ടോയ്ലെറ്റ് പരിസരങ്ങള്‍ പ്രത്യേകം നിരീക്ഷണ വിധേയമാക്കുന്നത്. ടോയ്ലെറ്റില്‍ പോകുന്നതിനുള്ള സമയപരിധി കഴിഞ്ഞാല്‍ കുട്ടികള്‍ അതിന്റെ പരിസരങ്ങളില്‍ കൂടിനില്‍ക്കാന്‍ പാടില്ല എന്നുള്ളത് കര്‍ശന നിര്‍ദേശമാണ്. ഇങ്ങനെ കുട്ടികള്‍ കൂടിനിന്ന അവസരത്തിലാണ് കായിക അധ്യാപകനില്‍ നിന്നും പരാതിക്കാരനായ കുട്ടിക്ക് ചെറിയ ഒരു അടി കിട്ടിയത്.
ആവര്‍ത്തിച്ച് പറഞ്ഞിട്ടും ക്ലാസിലേക്ക് പോകാന്‍ കൂട്ടാക്കാഞ്ഞതിനാലും വളരെ നിഷേധഭാവത്തില്‍ മറുപടി പറഞ്ഞതിനാലുമാണ് അങ്ങനെ അധ്യാപകന്‍ പ്രതികരിച്ചത്. എന്നാല്‍ കുട്ടിയുടെ മാതാപിതാക്കള്‍ ഒരു പരാതിപോലും സ്‌കൂളില്‍ നല്‍കാതെയാണ് പോലീസില്‍ പരാതിപ്പെട്ടത്. ഫോണില്‍ പറഞ്ഞ പരാതിയുടെ പേരില്‍ മാനേജ്മെന്റിന്റെ ഭാഗത്തുനിന്നും ഈ താല്‍ക്കാലിക അധ്യാപകനെ പിരിച്ചുവിട്ടിട്ടും, ഇന്റേണല്‍ കമ്മീഷനെ വച്ച് പരാതികള്‍ മുഴുവന്‍ പരിശോധിക്കാന്‍ തീരുമാനിച്ചിട്ടും കുട്ടിയുടെ രക്ഷകര്‍ത്താക്കള്‍ യാതൊരു തരത്തിലും ഇതിനോടൊന്നും സഹകരിച്ചില്ല എന്നുമാത്രമല്ല നേരിട്ട് കുട്ടിയുടെ വീട്ടിലെത്തി കാര്യങ്ങള്‍ തിരക്കാന്‍ ശ്രമിച്ച സ്‌കൂള്‍ പ്രിന്‍സിപ്പലിനോട് വളരെ അപമര്യാദയായി സംസാരിക്കുകയും വീടിന്റെ ഗേറ്റു തുറക്കാന്‍ പോലും കൂട്ടാക്കിയില്ല.
സ്‌കൂളില്‍ അമിതമായി ഫീസ് പിരിക്കുന്നു എന്ന പുതിയ ആരോപണവുമായിട്ടാണ് ഇപ്പോള്‍ ഇവര്‍ രംഗത്ത് വന്നിട്ടുള്ളത്. പതിനായിരത്തോളം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ കായിക അധ്യാപകര്‍, ശുചീകരണ പ്രവര്‍ത്തികള്‍ ചെയ്യാനുള്ളവര്‍ എന്നിവരുടെ എണ്ണം ഗവണ്‍മെന്റ് അനുവദിച്ചിരിക്കുന്നത് അനുസരിച്ച് വളരെ പരിമിതമാണ്. പട്ടം സെന്റ് മേരീസ് പോലെയുള്ള ഒരു സ്‌കൂള്‍ ഇന്ന് കാണുന്നതുപോലെ സംരക്ഷിക്കപ്പെടുന്നതും കുട്ടികള്‍ക്ക് മികച്ച സൗകര്യങ്ങളോടുകൂടി അനുദിനം നല്‍കപ്പെടുന്നതിന്റെയും കാരണം രക്ഷകര്‍ത്താക്കളും, മാനേജ്മെന്റും, അധ്യാപകരും ഒരുപോലെ അതിന്റെ പിന്നിലെ ത്യാഗം ഏറ്റെടുത്തതു കൊണ്ടാണ്. സാഹചര്യം ഇതായിരിക്കെ സ്‌കൂളിനെതിരെയുള്ള ഇത്തരം ഗൂഢ ആരോപണങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്കി ജാഗ്രത പുലര്‍ത്തണമെന്ന് സ്നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നുവെന്ന് പ്രിന്‍സിപ്പല്‍ പറയുന്നു.
CONTENT HIGH LIGHTS;’ Covert attempt to demolish Pattam St. Mary’s School: There is a reason for Kutiya’s beating; The truth of the allegations must be ascertained; School Principal