ലോകത്ത് രാജ്യസുരക്ഷക്കായി ഏറ്റവും കൂടുതൽ പണം ചെലവാക്കുന്ന രാജ്യങ്ങളുടെ പട്ടിക പുറത്ത്. ഗ്ലോബൽ ഫയർപവറിന്റെ ഏറ്റവും പുതിയ പഠനമനുസരിച്ച് ലോകത്തിലെ മുൻനിര സൈനിക ശക്തികൾ സാങ്കേതികവിദ്യ, സൈബർ വാർഫെയർ, തന്ത്രപരമായ പങ്കാളിത്തം എന്നിവയിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൂടുതൽ സങ്കീർണ്ണമായ സൈനിക ശേഷികളുടെ ആവശ്യകതയും വർദ്ധിച്ചുവരുന്ന സംഘർഷങ്ങളും കണക്കിലെടുത്ത്, നിരവധിരാജ്യങ്ങൾ 2025 ൽ അവരുടെ പ്രതിരോധ ചെലവ് ഗണ്യമായി വർദ്ധിപ്പിച്ചുവെന്ന് റിപ്പോർട്ട് പറയുന്നു. അതിർത്തികൾ ശക്തിപ്പെടുത്തുന്നതിനും ആയുധങ്ങൾ നവീകരിക്കുന്നതിനും കോടിക്കണക്കിന് രൂപയാണ് ചെലവഴിക്കുന്നത്. ഇന്ത്യയും പ്രധാന രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടു.
രാജ്യങ്ങളുടെ പട്ടിക.
10. ഉക്രെയ്ൻ: 53.7 ബില്യൺ യുഎസ് ഡോളറാണ് യുക്രൈൻ സൈനിക മേഖലക്കായി ചെലവാക്കിയത്. റഷ്യയുമായുള്ള ദീർഘകാല ഏറ്റുമുട്ടലിനെത്തുടർന്ന് ഉക്രെയ്‌നിന്റെ സൈനിക ബജറ്റ് എക്കാലത്തെയും ഉയർന്ന നിലയിലെത്തി.
9. ഫ്രാൻസ്: 55 ബില്യൺ യുഎസ് ഡോളറാണ് ഫ്രാൻസിന്റെ സൈനിക ചെലവ്. യൂറോപ്പിൽ റഷ്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന സ്വാധീനം തടയുന്നതിനും ആഫ്രിക്കയിലെ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നതിനുമായി ഫ്രാൻസ് പ്രതിരോധ ബജറ്റ് വർധിപ്പിച്ചു .
8. ഓസ്‌ട്രേലിയ: 55.7 ബില്യൺ യുഎസ് ഡോളർ ഓസ്ട്രേലിയ പ്രതിരോധ രംഗത്ത് ചെലവാക്കുന്നു. ഇന്തോ – പസഫിക് മേഖലയിലെ ചൈനീസ് കടന്നുകയറ്റത്തെ ചെറുക്കുന്നതിനായി ഓസ്‌ട്രേലിയ തങ്ങളുടെ സൈനിക ശക്തി വർധിപ്പിക്കുന്നു . അന്തർവാഹിനികൾക്കും ഹൈപ്പർസോണിക് സാങ്കേതികവിദ്യയ്ക്കുമായാണ് ബജറ്റിന്റെ ഭൂരിഭാഗവും ചെലവഴിക്കുന്നത്.
7. ജപ്പാൻ: 57 ബില്യൺ യുഎസ് ഡോളറാണ് ജപ്പാന്റെ പ്രതിരോധ ചെലവ്. ചൈനയിൽ നിന്നും ഉത്തരകൊറിയയിൽ നിന്നുമുള്ള വർധിച്ചുവരുന്ന ഭീഷണികൾ കാരണം ജപ്പാൻ റെക്കോർഡ് ഉയർന്ന പ്രതിരോധ ബജറ്റ് നിശ്ചയിച്ചിട്ടുണ്ട്. മിസൈൽ പ്രതിരോധത്തിലും സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകളിലും അവർ വൻതോതിൽ നിക്ഷേപം നടത്തുന്നു.
6. യുകെ: 71.5 ബില്യൺ യുഎസ് ഡോളറാണ് യൂറോപ്പിലെ പ്രധാന രാജ്യമായ ബ്രിട്ടന്റെ പ്രതിരോധ ചെലവ്. നാറ്റോയുടെ ശക്തി വർദ്ധിപ്പിക്കുന്നതിനും റഷ്യൻ ഭീഷണികളെ നേരിടുന്നതിനുമാണ് ബ്രിട്ടീഷ് പ്രതിരോധ ചെലവ് പ്രധാനമായും വർധിച്ചിരിക്കുന്നത്. നാവികസേനയും സൈബർ സുരക്ഷയും ബ്രിട്ടന്റെ ലക്ഷ്യമാണ്.
5. സൗദി അറേബ്യ: 74.76 ബില്യൺ യുഎസ് ഡോളറാണ് സൗദിയുടെ പ്രതിരോധ ചെലവ്. ഇറാനുമായുള്ള വർധിച്ചുവരുന്ന സംഘർഷങ്ങളുടെയും മേഖലയിലെ സുരക്ഷാ ഭീഷണികളുടെയും ഫലമായി, സൗദി അറേബ്യ നൂതന ആയുധങ്ങളിലും സൈനിക സാങ്കേതികവിദ്യയിലും വൻതോതിൽ നിക്ഷേപം നടത്തുന്നു.
4. ഇന്ത്യ: 75 ബില്യൺ യുഎസ് ഡോളറാണ് ഇന്ത്യക്ക് പ്രതിരോധത്തിന് വേണ്ടിവരുന്ന ചെലവ്. ചൈനയ്ക്കും പാകിസ്ഥാനുമെതിരായ പ്രതിരോധം വർധിപ്പിക്കുന്നതിനായി ഇന്ത്യ പ്രതിരോധ ബജറ്റ് വർദ്ധിപ്പിച്ചു. തേജസ് യുദ്ധവിമാനങ്ങൾ, ബ്രഹ്മോസ് മിസൈലുകൾ, നൂതന വ്യോമ പ്രതിരോധ സംവിധാനങ്ങൾ തുടങ്ങിയ തദ്ദേശീയ ആയുധങ്ങളിലാണ് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
3. റഷ്യ: 126 ബില്യൺ യുഎസ് ഡോളറാണ് റഷ്യയുടെ ചെലവ്. യുക്രൈനുമായുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ചെലവ് കൂടി. പാശ്ചാത്യ ഉപരോധങ്ങൾ തുടരുന്നുണ്ടെങ്കിലും, റഷ്യ പ്രതിരോധ ബജറ്റ് വർധിപ്പിച്ചു. ഹൈപ്പർസോണിക് മിസൈലുകൾ, ആണവോർജ്ജം , സൈബർ യുദ്ധ തന്ത്രങ്ങൾ എന്നിവയ്ക്ക് ഇപ്പോഴും മുൻഗണന നൽകുന്നു .
2. ചൈന: 266.85 ബില്യൺ ഡോളറാണ് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സൈനിക ശക്തിയായ ചൈനയുടെ ചെലവ്. അമേരിക്കൻ ആധിപത്യത്തെ വെല്ലുവിളിക്കാനും ദക്ഷിണ ചൈനാ കടലിൽ ആധിപത്യം സ്ഥാപിക്കുന്നതിനുമാണ് ചൈന കൂടുതൽ പണം ചെലവാക്കുന്നത്. പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) നൂതന യുദ്ധക്കപ്പലുകൾ, മിസൈൽ സംവിധാനങ്ങൾ, കൃത്രിമ ബുദ്ധി (AI) അധിഷ്ഠിത യുദ്ധ ശേഷികൾ എന്നിവയിൽ നിക്ഷേപം നടത്തുന്നു.
1. യുഎസ്എ: 895 ബില്യൺ യുഎസ് ഡോളറാണ് അമേരിക്ക ചെലവാക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ ബജറ്റ് അമേരിക്കയുടേതാണ്. ചൈനയുടെ പ്രതിരോധ ബജറ്റിനേക്കാൾ ഏകദേശം രണ്ടര ഇരട്ടിയാണ് അമേരിക്കയുടെ ഡിഫൻസ് ബജറ്റ്. അത്യാധുനിക ആയുധ സംവിധാനങ്ങൾ, സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകൾ, ആണവ ആധുനികവൽക്കരണം, സൈബർ പ്രതിരോധം, ഇന്തോ-പസഫിക്കിലെ സൈനിക വിന്യാസങ്ങൾ എന്നിവക്കാണ് പ്രധാനമായി പണം ചെലവാക്കുന്നത്.
2025 ൽ പാകിസ്ഥാൻ പ്രതിരോധത്തിനായി 7.64 ബില്യൺ യുഎസ് ഡോളർ നീക്കിവെച്ചു. കഴിഞ്ഞ വർഷത്തേക്കാൾ 14.5% കൂടുതലാണെങ്കിലും ഇന്ത്യയുടെ 75 ബില്യൺ യുഎസ് ഡോളറിന്റെ ബജറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ പാകിസ്ഥാൻ വളരെ പിന്നിലാണ്.
content highlight : countries-with-highest-military-spend-in-2025-india-include-first-5