രഞ്ജി ട്രോഫി സെമി ഫൈനലിൽ ഗുജറാത്തിനെതിരെ കേരളം ശക്തമായ നിലയിൽ. രണ്ടാം ദിവസം കളി നിർത്തുമ്പോൾ ഏഴ് വിക്കറ്റിന് 418 റൺസെന്ന നിലയിലാണ് കേരളം. സെഞ്ച്വറി നേടിയ മൊഹമ്മദ് അസറുദ്ദീൻ്റെ പ്രകടനമാണ് കേരളത്തിൻ്റെ നില ഭദ്രമാക്കിയത്. 149 റൺസുമായി പുറത്താകാതെ നില്ക്കുന്ന അസറുദ്ദീനൊപ്പം പത്ത് റൺസോടെ ആദിത്യ സർവാടെയും ക്രീസിലുണ്ട്.
നാല് വിക്കറ്റിന് 206 റൺസെന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ കേരളത്തിന് രണ്ടാം പന്തിൽ തന്നെ ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ വിക്കറ്റ് നഷ്ടമായി. 69 റൺസെടുത്ത സച്ചിൻ ബേബിയെ അർസൻ നാഗ്സവെല്ലയാണ് പുറത്താക്കിയത്.തുടർന്ന് ആറാം വിക്കറ്റിൽ ഒത്തു ചേർന്ന സൽമാൻ നിസാറിൻ്റെയും മൊഹമ്മദ് അസറുദ്ദീൻ്റെയും കൂട്ടുകെട്ടാണ് വീണ്ടുമൊരിക്കൽ കൂടി കേരളത്തിന് നിർണ്ണായകമായത്. വളരെ കരുതലോടെയാണ് ഇരുവരും ഇന്നിങ്സ് മുന്നോട്ട് നീക്കിയത്. മൈതാനത്തിൻ്റെ എല്ലായിടങ്ങളിലേക്കും ഷോട്ടുകൾ പായിച്ച അസറുദ്ദീൻ 175 പന്തുകളിൽ നിന്നാണ് സെഞ്ച്വറി തികച്ചത്.
രഞ്ജിയിൽ അസറുദ്ദീൻ്റെ രണ്ടാം സെഞ്ച്വറിയായിരുന്നു ഇത്. വൈകാതെ അർദ്ധ സെഞ്ച്വറി തികച്ച സൽമാൻ നിസാർ 52 റൺസെടുത്ത് നില്ക്കെ വിശാൽ ജയ്സ്വാളിൻ്റെ പന്തിൽ എൽബിഡബ്ല്യു ആയി പുറത്തായി. ഇരുവരും ചേർന്ന് 149 റൺസാണ് ആറാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. സീസണിൽ ഇത് മൂന്നാം തവണയാണ് ഇരുവരും ചേർന്നുള്ള കൂട്ടുകെട്ടിൽ 100 റൺസിലേറെ പിറക്കുന്നത്.
തുടർന്നെത്തിയ അഹ്മദ് ഇമ്രാൻ 24 റൺസെടുത്ത് മടങ്ങി. മൂന്ന് വിക്കറ്റെടുത്ത അർസൻ നാഗസ്വെല്ലയാണ് ഗുജറാത്ത് ബൌളിങ് നിരയിൽ തിളങ്ങിയത്. പ്രിയജിത് സിങ് ജഡേജയും രവി ബിഷ്ണോയിയും വിശാൽ ജയ്സ്വാളും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
CONTENT HIGH LIGHTS;Mohammad Azharuddin century, Kerala to big score against Gujarat