2025 മാർച്ച് 4 ന് ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത XC90 വിൽപ്പനയ്‌ക്ക് എത്തുമെന്ന് വോൾവോ ഇന്ത്യ സ്ഥിരീകരിച്ചു. പുതുക്കിയ മോഡലിൽ അതിന്റെ ഇലക്ട്രിക്ക് മോഡലായ EX90 യുമായി അലൈൻമെന്റിൽ ഡിസൈൻ മാറ്റങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 2014 ൽ XC90 പുറത്തിറക്കിയതിന് ശേഷമുള്ള രണ്ടാമത്തെ പ്രധാന അപ്‌ഡേറ്റാണിത്. പുതിയ മോഡലിന് ഏകദേശം 1.05 കോടി രൂപ എക്സ്-ഷോറൂം വില പ്രതീക്ഷിക്കുന്നു. മെഴ്‌സിഡസ് -ബെൻസ് ജിഎൽഇ , ബിഎംഡബ്ല്യു X5 , ഓഡി Q7 , ലെക്‌സസ് RX തുടങ്ങിയ എസ്‌യുവികളുമായി മത്സരിക്കും .
പുതിയ XC90 ൽ ഡീസൽ വേരിയന്‍റ് ലഭിക്കില്ല. മറിച്ച് മൈൽഡ്-ഹൈബ്രിഡ്, പ്ലഗ്-ഇൻ ഹൈബ്രിഡ് ഓപ്ഷനുകൾ ഉണ്ടായിരിക്കും. ഓൾ-വീൽ ഡ്രൈവും എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും ഇതിൽ ഉണ്ടായിരിക്കും. 2025 വോൾവോ XC90ന് രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാകും. ആദ്യത്തേത് 246.58 bhp പവറും 360 Nm ടോർക്കും നൽകുന്ന രണ്ട് ലിറ്റർ മൈൽഡ്-ഹൈബ്രിഡ് ടർബോ-പെട്രോൾ എഞ്ചിനാണ്. രണ്ടാമത്തേത് പ്ലഗ്-ഇൻ ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള കൂടുതൽ കാര്യക്ഷമമായ രണ്ട് ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ആണ്. ഈ എഞ്ചിൻ 448.78 bhp പവറും 709 Nm ടോർക്കും നൽകുന്നു. രണ്ട് മോട്ടോറുകളും എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു. കൂടാതെ വിവിധ ഡ്രൈവിംഗ് സാഹചര്യങ്ങളിൽ സുഗമവും കാര്യക്ഷമവുമായ പ്രകടനത്തിനായി ഓൾ-വീൽ-ഡ്രൈവ് (AWD) സജ്ജീകരണവുമുണ്ട്.
2025 വോൾവോ XC90, ഡിസൈൻ മാറ്റങ്ങൾ ലഭിക്കും. വോൾവോ EX90 ഇലക്ട്രിക്കിന് സമാനമായിരിക്കും പുതിയ മോഡൽ. എസ്‌യുവിയുടെ മൊത്തത്തിലുള്ള ആകൃതിയിൽ മാറ്റം വരുത്തില്ലെങ്കിലും, പുതിയ ഗ്രില്ലും ക്രോം ഘടകങ്ങളും ചരിഞ്ഞ പാറ്റേണിൽ ക്രമീകരിച്ചിരിക്കുന്നു. ആധുനിക തോർസ്-ഹാമർ ആകൃതിയിലുള്ള LED DRL-കൾ ഉപയോഗിച്ച് ഹെഡ്‌ലൈറ്റുകൾ കൂടുതൽ കാര്യക്ഷമമാക്കിയിരിക്കുന്നു. എസ്‌യുവിക്ക് പുതിയൊരു രൂപം നൽകുന്നതിനായി ഫ്രണ്ട് ബമ്പറും ചെറുതായി പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്.
XC90-ൽ പരമ്പരാഗത പുൾ-ടൈപ്പ് ഡോർ ഹാൻഡിലുകൾ, ബോഡി നിറമുള്ള പുറം കണ്ണാടികൾ, സിൽവർ റൂഫ് റെയിലുകൾ എന്നിവ തുടർന്നും ലഭിക്കും. പുതിയ വാഹനത്തിൽ ഒരു ജോഡി ഡ്യുവൽ-ടോൺ അലോയ് വീലുകൾ ഉണ്ടായിരിക്കും. നിലവിലുള്ള കാറിലേതുപോലെ ഇത് ഏകദേശം 21 ഇഞ്ച് ആയിരിക്കും. XC90-ന്റെ പിൻഭാഗത്ത് ഒരു പുതിയ ബമ്പർ ലഭിക്കും, അതിൽ ഒരു തിരശ്ചീന ക്രോം സ്ട്രിപ്പും പുതിയ എൽഇഡി റിയർ ടെയിൽ ലാമ്പുകളും ഉൾപ്പെടുന്നു.
ഇന്റീരിയർ ഡിസൈനിന്റെ കാര്യത്തിൽ, പുതിയ XC90 മിനിമലിസ്റ്റ് സ്വഭാവം ഉള്ളതായിരിക്കും. പക്ഷേ ചില അലങ്കാരങ്ങളോടെയായിരിക്കും എത്തുക. എസ്‌യുവി അതിന്റെ 7-സീറ്റർ കോൺഫിഗറേഷൻ നിലനിർത്താൻ സാധ്യതയുണ്ട്. കൂടാതെ 3-സ്‌പോക്ക് സ്റ്റിയറിംഗ് വീലും ഉണ്ടായിരിക്കാം. ഡ്യുവൽ-ടോൺ കളർ സ്കീമും ലെതറെറ്റ് ഫിനിഷും നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു, പക്ഷേ ഇന്റീരിയർ കൂടുതൽ പരിസ്ഥിതി സൗഹൃദമാക്കുന്നതിന് സുസ്ഥിര വസ്‍തുക്കൾ ഉപയോഗിച്ചേക്കാം.
2025 XC90 മികച്ച സജ്ജീകരണങ്ങളോടെയായിരിക്കും എത്തുക. 12.3 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 11.2 ഇഞ്ച് സ്റ്റാൻഡലോൺ ടച്ച്‌സ്‌ക്രീൻ, 19 സ്പീക്കർ ബോവേഴ്‌സ് & വിൽക്കിൻസ് സൗണ്ട് സിസ്റ്റം എന്നിവ ഇതിൽ ഉൾപ്പെടും. ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, വെന്റിലേറ്റഡ്, മസാജിംഗ് സീറ്റുകൾ, പനോരമിക് സൺറൂഫ്, രണ്ടാമത്തെയും മൂന്നാമത്തെയും നിര വെന്റുകളുള്ള നാല്-സോൺ ഓട്ടോമാറ്റിക് എയർ കണ്ടീഷനിംഗ് എന്നിവയും ഇതിൽ ഉൾപ്പെടാം.
സുരക്ഷയുടെ വാഹനത്തിൽ എന്നും മുൻപന്തിയിലാണ് വോൾവോ വാഹനങ്ങൾ. ഈ പുതിയ കാറും ഇതിൽ നിന്നും വ്യത്യസ്‍തമല്ല. സുരക്ഷയ്ക്കായി വോൾവോ XC90ൽ ഒന്നിലധികം എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ഹിൽ സ്റ്റാർട്ട്, ഹിൽ ഡിസന്റ്, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് തുടങ്ങിയ ഫീച്ചറുകൾ ലഭിക്കും. ലെയിൻ കീപ്പിംഗ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ എന്നിവ ഉൾപ്പെടുന്ന ലെവൽ 2 അഡ്വാൻസ്‍ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) പാക്കേജ്, പാർക്ക് അസിസ്റ്റ് സെൻസറുകൾ തുടങ്ങിയവ ഈ എസ്‌യുവിയിൽ ഉണ്ടാകും.
content highlight: volvo-xc90-facelift-will-launched-in-india