Travel

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ലോകത്തെ മികച്ച എയർലൈൻ കമ്പനികള്‍ ഏതാണെന്നറിയാമോ! | worlds best airline companies list

രണ്ടാം സ്ഥാനത്ത് ഖത്തർ എയർലൈൻസും മൂന്നാം സ്ഥാനത്ത് എയർ ന്യൂസിലൻഡുമാണ്

ലോകത്തെ ഏറ്റവും മികച്ച എയർലൈൻ ഏതാകും? പ്രീമിയം സർവീസുകൾ നൽകുന്ന ഖത്തർ, എത്തിഹാദ് എന്നിവയായിരിക്കുമോ? അങ്ങനെ ഒരഭിപ്രായം ആകാനാണ് സാധ്യത. പക്ഷെ അല്ല എന്നതാണ് ഉത്തരം. എല്ലാ വർഷവും എയർലൈൻ റേറ്റിംഗ്‌സ് എന്ന കമ്പനി ലോകത്തെ ഏറ്റവും നല്ല വിമാനക്കമ്പനികളുടെ പട്ടിക പുറത്തുവിടാറുണ്ട്. യാത്രക്കാർക്ക് എന്തൊക്കെ സൗകര്യങ്ങൾ നൽകുന്നു എന്നതനുസരിച്ചാണ് ഈ പട്ടിക കമ്പനി തയ്യാറാക്കുന്നത്. നിരവധി സൗകര്യങ്ങൾ നൽകുന്ന, ഫുൾ സർവീസ് കരിയറുകളെയാണ് ഈ ലിസ്റ്റിൽ പരിഗണിച്ചിട്ടുള്ളത്. കോംപ്ലിമെന്ററി ഭക്ഷണം, ക്യാബിൻ ക്ലാസുകൾ, ഫ്‌ളൈറ്റ് എന്റർടൈൻമെന്റ് സിസ്റ്റം എന്നിവയടങ്ങുന്ന കാര്യങ്ങളാണ് പരിഗണിക്കുന്നത്.

2025ലെ പട്ടികയിൽ ഫുൾ സർവീസ് എയർലൈൻ വിഭാഗത്തിൽ ആദ്യ സ്ഥാനം നേടിയിരിക്കുന്നത് കൊറിയൻ എയർ ആണ്. രണ്ടാം സ്ഥാനത്ത് ഖത്തർ എയർലൈൻസും മൂന്നാം സ്ഥാനത്ത് എയർ ന്യൂസിലൻഡുമാണ്. യുകെയിൽ നിന്ന് ദക്ഷിണ കൊറിയൻ തലസ്ഥാനമായ സോളിലേക്ക് ഡയറക്ട് സർവീസ് നടത്തുന്ന കൊറിയൻ എയർ ഗംഭീര സൗകര്യങ്ങളാണ് നൽകുന്നത്. ഇക്കോണമി ക്ലാസിൽ പോലും സൗകര്യപ്രദമായ സീറ്റിങ്ങുകളും മറ്റുമാണ് കൊറിയൻ എയർലൈൻസിൽ ഉള്ളത്.

യാത്രാനിരക്ക് കുറഞ്ഞ, മികച്ച എയർലൈനുകളുടെ പട്ടികയും എയർലൈൻ റേറ്റിംഗ്‌സ് പുറത്തുവിട്ടിട്ടുണ്ട്. അതിൽ ആദ്യ സ്ഥാനം എയർ ഏഷ്യക്കാണ്. രണ്ടാം സ്ഥാനം ജെറ്റ് സ്റ്റാർ കമ്പനിക്കും മൂന്നാം സ്ഥാനം എയർ ബാൾട്ടിക്ക് കമ്പനിക്കുമാണ്. ഇന്ത്യയിലെ കമ്പനിയായ ഇൻഡിഗോ പതിനഞ്ചാം സ്ഥാനത്തുള്ളതാണ് ആകെയുള്ളൊരു ആശ്വാസം. ഭക്ഷണം, സ്നാക്സ്, ഓൺ ബോർഡ് സർവീസുകൾ തുടങ്ങിയ സൗകര്യങ്ങൾ ഓഫർ ചെയ്യുന്ന, കുറഞ്ഞ നിരക്കുള്ള എയർലൈനുകളെയാണ് ഈ പട്ടികയ്ക്കായി പരിഗണിച്ചത്.

STORY HIGHLIGHTS: worlds best airline companies list