പാലക്കാട്: ഇരട്ടക്കൊലപാതകം ഉൾപ്പെടെ ഒരു കുടുംബത്തിലെ 3 പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി നെന്മാറ പോത്തുണ്ടി തിരുത്തംപാടത്ത് ചെന്താമരയുടെ ജാമ്യം കോടതി റദ്ദാക്കി. 2019ൽ തിരുത്തംപാടം ബോയൻ കോളനിയിൽ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ജാമ്യമാണു പാലക്കാട് അഡീഷനൽ സെഷൻസ് കോടതി (4) ജഡ്ജി എൽ.ജയവന്ത് റദ്ദാക്കിയത്.
ജാമ്യത്തിലിറങ്ങിയ ചെന്താമര ജനുവരി 27നു സജിതയുടെ ഭർത്താവ് സുധാകരൻ (55), ഭർതൃമാതാവ് ലക്ഷ്മി (75) എന്നിവരെയും വെട്ടിക്കൊലപ്പെടുത്തിയിരുന്നു. നെന്മാറ പഞ്ചായത്ത് പരിധിയിൽ പ്രവേശിക്കരുതെന്നതുൾപ്പെടെയുള്ള ജാമ്യവ്യവസ്ഥ ലംഘിച്ചു വീട്ടിലെത്തിയാണു പ്രതി കൊലപാതകം നടത്തിയത്. പ്രതിയിൽ നിന്നു ജീവനു ഭീഷണിയുണ്ടെന്നു സുധാകരന്റെ മക്കൾ നെന്മാറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നെങ്കിലും ഫലപ്രദമായ നടപടി ഉണ്ടായില്ല.
ഇരട്ടക്കൊലപാതകത്തെത്തുടർന്നു ചെന്താമരയുടെ ജാമ്യം റദ്ദാക്കാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. പ്രതിയിൽ നിന്നു ഭീഷണി ഉണ്ടെന്ന പരാതികളും പബ്ലിക് പ്രോസിക്യൂട്ടർ എം.ജെ.വിജയ്കുമാർ കോടതിയെ അറിയിച്ചിരുന്നു. ഇതെല്ലാം പരിഗണിച്ചാണു ജാമ്യം റദ്ദാക്കിയത്. സജിതയെ കൊലപ്പെടുത്തിയ കേസിൽ 2022ലാണു പ്രതിക്കു ജാമ്യം ലഭിച്ചത്. ഇരട്ടക്കൊലപാതക കേസിൽ അറസ്റ്റിലായ ചെന്താമര ഇപ്പോൾ വിയ്യൂർ സെൻട്രൽ ജയിലിൽ റിമാൻഡിലാണ്. സജിത കൊലക്കേസിൽ വിചാരണ ആരംഭിക്കാൻ ഫൊറൻസിക് ലാബ് റിപ്പോർട്ട് ഉടൻ ലഭ്യമാക്കാനും പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. കേസ് മാർച്ച് 15നു അഡീഷനൽ സെഷൻസ് കോടതി പരിഗണിക്കും.