തിരുവനന്തപുരം: ശശി തരൂർ വിവാദത്തിന് താത്കാലിക അവസാനമായെങ്കിലും സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. രാഹുൽ ഗാന്ധിയുമായി നേരിട്ട് ചർച്ചകൾ നടത്തിയെങ്കിലും തരൂരിൻ്റെ അതൃപ്തി പൂർണമായും മാറിയിട്ടില്ല എന്നാണ് സൂചന. മാധ്യമങ്ങൾക്ക് മുന്നിൽ നേരിട്ട് എത്തി ചർച്ചയുടെ വിശദാംശങ്ങൾ പങ്കുവെക്കാൻ തരൂർ തയ്യാറായിട്ടില്ല. പരസ്യ പ്രതികരണങ്ങൾ പാടില്ല എന്ന നിർദേശം ഹൈക്കമാൻഡ് നേതാക്കൾക്ക് നൽകിയെന്നാണ് സൂചന.
സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവർ ശശി തരൂരുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചക്ക് ശേഷം ശശി തരൂർ മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതെയാണ് മടങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിലാണ് കേരളത്തിലെ വ്യവസായ വകുപ്പിനെ പ്രശംസിച്ച് തരൂരിന്‍റെ ലേഖനം പുറത്തുവരുന്നത്. ഇതിന് പിന്നാലെ കേരളത്തിൽ പൊല്ലാപ്പിലായിരുന്നു കോൺഗ്രസ് നേതൃത്വം. പ്രതിപക്ഷ നേതാവും സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാക്കളും തരൂരിനെ തള്ളി രംഗത്തെത്തിയിരുന്നു. സംസ്ഥാന നേതാക്കൾ തന്നെ തരൂർ രാജി വെക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചിരുന്നു.
തുടർന്നാണ് രാഹുൽ ഗാന്ധി നേരിട്ട് ശശി തരൂരുമായി കൂടിക്കാഴ്ചക്ക് ആവശ്യപ്പെട്ടത്. ഇന്നലെ വൈകുന്നേരം 5:20 ഓടെ തുടങ്ങിയ കൂടിക്കാഴ്ച 6:20 ഓടെ കൂടിക്കാഴ്ച്ച അവസാനിക്കുകയും അതിനുശേഷം ഇരുവരും മാലികാർജ്ജുൻ ഖാർഗെയുടെ വസിതിയിലെത്തുകയും ഖാർഗെയുമായി കൂടിക്കാഴ്ച നടത്തിയെന്നുമാണ് വിവരം. തരൂരിനെ അനുനയിപ്പിച്ച് ഒപ്പം കൊണ്ടുപോകാൻ തന്നെയാവും കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനം. തരൂരുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, കെ.സി വേണുഗോപാൽ എന്നിവരും ചർച്ച നടത്തി. ലേഖന വിവാദത്തിൽ കേരളത്തിലെ നേതൃത്വം കടുത്ത അതൃപ്തിയിലായിരുന്നു.