ന്യൂഡൽഹി: കുറ്റവാളിയുടെയോ കുടുംബത്തിന്റെയോ അപേക്ഷ ഇല്ലാതെ തന്നെ ശിക്ഷയിളവ് അനുവദിക്കാൻ സംസ്ഥാന സർക്കാരുകൾക്കു ബാധ്യതയുണ്ടെന്നു സുപ്രീം കോടതി വ്യക്തമാക്കി. ശിക്ഷയ്ക്ക് ഇളവു നൽകുന്നതിന് സംസ്ഥാന, കേന്ദ്ര സർക്കാരുകൾ പ്രത്യേക നയത്തിനു രൂപം നൽകിയാൽ അതുപ്രകാരം അർഹരായ എല്ലാവർക്കും ഇളവു നൽകാൻ ബാധ്യത സർക്കാരുകൾക്കുണ്ടെന്നു ജഡ്ജിമാരായ അഭയ് എസ്.ഓക്ക, എ.ജി. മസി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. വിഷയം സ്വമേധയാ പരിഗണിച്ചുള്ള വിധിയിലാണ് ഈ നിർദേശം.
ഇളവു നൽകുന്നതു സംബന്ധിച്ച നയം നിലവിലുണ്ടെങ്കിലും അപേക്ഷ നൽകാത്തവരെ പരിഗണിക്കില്ലെന്ന സർക്കാരുകളുടെ വാദം വിവേചനപരവും ഭരണഘടനാവിരുദ്ധവുമാണെന്നു കോടതി നിരീക്ഷിച്ചു. സർക്കാരുകൾക്കു പ്രത്യേക നയം ഇല്ലാത്ത സാഹചര്യം നിയമവിരുദ്ധമായി ഇളവ് അനുവദിക്കുന്നതിന് ഇടയാക്കും. ഇത് ഒഴിവാക്കാൻ സംസ്ഥാന സർക്കാരുകൾ രണ്ടുമാസത്തിനകം പ്രത്യേക നയം രൂപീകരിക്കണം. ഇളവ് അനുവദിക്കുമ്പോൾ ന്യായമായ ഉപാധികളും വ്യവസ്ഥകളും മാത്രമേ പാടുള്ളൂ. അവ്യക്തമായ ഉപാധികൾ പാടില്ല.
സ്ഥിരം ഇളവോടെ ഒരാൾക്ക് മോചനം അനുവദിക്കുമ്പോൾ സമൂഹത്തിൽ പുനരധിവാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഇളവ് റദ്ദാക്കാനുള്ള വ്യവസ്ഥ ക്രിമിനൽ നടപടി ചട്ടത്തിലും ഭാരതീയ ന്യായ സുരക്ഷാ സംഹിതയിലുമുണ്ട്. ഉപാധികൾ ലംഘിക്കുമ്പോൾ മാത്രമാണത്. അപ്പോൾ ശേഷിക്കുന്ന ശിക്ഷ അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. ഇളവ് പിൻവലിക്കുന്നതിന് മുൻപ് അയാളുടെ ഭാഗം കേൾക്കണം. വിധിയിലെ നിർദേശങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ നിയമസഹായ മേൽനോട്ടം വഹിക്കണം. കേസിൽ സീനിയർ അഭിഭാഷക ലിസ് മാത്യു അമിക്കസ് ക്യൂറിയായി.