തൃശൂര്‍: അതിരപ്പിള്ളിയിൽ മസ്തകത്തിൽ പരിക്കേറ്റ ആനയെ മയക്കുവെടി വെച്ചു. .7.15 ഓടെയാണ് ആനയെ കണ്ടെത്തി മയക്കുവെടിവെച്ചത്. ചികിത്സിക്കാനുള്ള ദൗത്യത്തിന്‍റെ ഭാഗമായാണ് മയക്കുവെടി വച്ചത്. ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള 20 അംഗ ദൗത്യസംഘം പ്രദേശത്ത് തമ്പടിച്ചിരുന്നു. പതിനാലാം ബ്ലോക്കിലാണ് ആനയുണ്ടായിരുന്നത്. ആനക്കൊപ്പം മറ്റൊരു ആന കൂടിയുണ്ടായിരുന്നു. ആനയെ കോടനാട് അഭയാരണ്യത്തിലെത്തിച്ച് ചികിത്സ നല്‍കുകയെന്ന സങ്കീർണ്ണമായ ദൗത്യമാണ് വനംവകുപ്പിന് മുന്നിലുള്ളത്.
ആനക്കൂടിന്റെ പണി പൂർത്തിയായിട്ടുണ്ട്. എലിഫന്‍റ് ആംബുലന്‍സും ഇന്നലെ രാത്രിയോടെ സജ്ജമായി. രണ്ടാം ഘട്ട ചികിത്സ ദൗത്യത്തിന് ചീഫ് വെറ്റിനറി ഓഫീസര്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള 25 അംഗ വിദഗ്ധ സംഘമാണ് അതിരപ്പിള്ളിയിലുള്ളത്. വനംവകുപ്പിന്റെ 80 ജീവനക്കാരാണ് ദൗത്യത്തിനായി തയ്യാറാകുന്നത്. ഇന്നലെ വൈകീട്ടോടെ മോക്ക് ഡ്രിൽ നടത്തി.
ദൗത്യത്തിനായിൽ എത്തിച്ച കോന്നി സുരേന്ദ്രൻ, കുഞ്ചു, വിക്രം എന്നീ മൂന്ന് കുങ്കിയാനകളെയും വെറ്റിലപ്പാറയിലെ അംഗൻവാടിക്ക് സമീപമാണ് പാർപ്പിച്ചിരിക്കുന്നത്. പരിക്കേറ്റ ആനയുടെ ആരോഗ്യ സ്ഥിതി മോശമായതിനാൽ ഒരു മാസത്തിനുള്ളിൽ വീണ്ടും മയക്കുവെടി വെക്കുന്നതിൽ ആശങ്കയുണ്ടെന്ന് ഡോക്ടറും വനംവകുപ്പും അറിയിച്ചിരുന്നു. അതിനാൽ വലിയ ഡോസിൽ മയക്കുവെടിവെക്കാൻ കഴിയില്ല. കോടനാട് എത്തിച്ചാലും മസ്തകത്തിലുള്ള പരിക്കായതിനാൽ, കൂട്ടിൽ കയറ്റി കഴിഞ്ഞ് തലകൊണ്ട് മരത്തടിയിൽ ഇടിച്ചാൽ പരിക്ക് ഗുരുതരമാകും എന്നും സംശയമുണ്ട്.