ചെന്നൈ: സമുദ്രാന്തർഭാഗത്തു മനുഷ്യരെയെത്തിച്ചുള്ള ഗവേഷണ പദ്ധതി ‘സമുദ്രയാന്റെ’ നിർണായ ഘട്ടം പിന്നിട്ടു. ഐഎസ്ആർഒയുമായി സഹകരിച്ച് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി (എൻഐഒടി) തയാറാക്കിയ ‘മത്സ്യ-6000’ പേടകത്തിന്റെ ക്ഷമതാപരീക്ഷണം വിജയകരമായി പൂർത്തിയായി. ചെന്നൈ കാട്ടുപ്പള്ളിയിലെ എൽ ആൻഡ് ടി കപ്പൽനിർമാണശാല ഭാഗത്തു നടത്തിയ പരീക്ഷണത്തിൽ പേടകം 5 തവണ ആളില്ലാതെയും 5 തവണ ആളുകളെ വഹിച്ചും പ്രവർത്തിപ്പിച്ചു. ഗവേഷകരെ വഹിച്ച് സമുദ്രത്തിൽ 500 മീറ്റർ വരെ ആഴത്തിൽ എത്തുകയാണ് അടുത്ത ഘട്ടം.
6 കിലോമീറ്റർ ആഴത്തിലെത്തി കടലിനടിയിൽ പഠനം നടത്തുകയാണു ലക്ഷ്യം. 3 പേർക്കു കയറാവുന്ന പേടകത്തിന് 12 മണിക്കൂർ കടലിനടിയിൽ ചെലവഴിക്കാനാകും. ടൈറ്റാനിയം ലോഹസങ്കരം ഉപയോഗിച്ച് നിർമിച്ച പേടകത്തിന് 2.1 മീറ്റർ വ്യാസമുണ്ട്. ബഹിരാകാശ ക്രൂ മൊഡ്യൂൾ നിർമിക്കുന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ‘മത്സ്യ’യുടെയും നിർമാണം.